| Friday, 29th August 2025, 8:12 pm

ജീവന്‍ തന്ന വ്യക്തി; ആ പോസ്റ്റ് കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞു: അര്‍ജുന്‍ അശോകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച നടനാണ് അര്‍ജുന്‍ അശോകന്‍. 2017ല്‍ പുറത്തിറങ്ങിയ പറവ എന്ന ചിത്രത്തിലൂടെയാണ് നടന്‍ പ്രേക്ഷക ശ്രദ്ധ നേടിയത്. പിന്നീട് നിരവധി മികച്ച സിനിമകളുടെ ഭാഗമാകാന്‍ നടന് സാധിച്ചു. തലവരയാണ് അര്‍ജുന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയില്‍ സൗബിന്‍ ഷാഹിറിനെ കുറിച്ചും അദ്ദേഹത്തോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ചും സംസാരിക്കുകയാണ് അര്‍ജുന്‍ അശോകന്‍. സൗബിനാണ് പറവയിലേക്ക് അര്‍ജുന്‍ അശോകനെ കൊണ്ടുവന്നത്. പറവ എന്ന സിനിമയെ പറ്റി പറയുമ്പോള്‍ തനിക്ക് സൗബിനെ മാത്രമേ ഓര്‍ത്തെടുക്കാന്‍ പറ്റുകയുള്ളുവെന്ന് അര്‍ജുന്‍ പറയുന്നു.

തലവര ഇറങ്ങിയ സമയത്ത് പടം ഒന്ന് കാണണം എന്ന് പറഞ്ഞ് ഞാന്‍ വിളിച്ചിരുന്നു. ‘ആടാ  കാണാം’ എന്നൊക്കെ പറഞ്ഞ് പുള്ളി രണ്ട് പോസ്‌റ്റൊക്കെ ഷെയര്‍ ചെയ്തു. എന്റെ പിറന്നാളിന്റെ തലേ ദിവസം വിളിച്ചിട്ട് നിന്റെ ബെര്‍ത്ത്‌ഡേ ആണോ എന്നൊക്കെ ചോദിച്ച്, വിഷ് ഒക്കെ ചെയ്തു. പിന്നെ സൗബിക്ക പറഞ്ഞു, ‘ എനിക്ക് ഇപ്പോഴും നിന്റെ പ്രൊഫൈല്‍ പിക്ച്ചര്‍ കാണുമ്പോള്‍ സന്തോഷമുണ്ട്’ എന്ന്.

9വര്‍ഷത്തോളമായി അദ്ദേഹത്തിന്റെ കൂടെയുള്ള ഒരു ഫോട്ടോയാണ് ഉള്ളത്. പിന്നെ ഇക്ക ഒരു കലക്കന്‍ എഴുത്തൊക്കെ എഴുതിയാണ് ബെര്‍ത്തഡേയ്ക്ക് പോസ്റ്റ് ഷെയര്‍ ചെയ്തത്. അത് കണ്ടപ്പോള്‍ എന്റെ കണ്ണൊക്ക നിറഞ്ഞു. ഭയങ്കര സന്തോഷമായി. ജീവന്‍ തന്ന വ്യക്തിയാണ്. നമ്മുടെ വളര്‍ച്ചയില്‍ സന്തോഷമുണ്ടെന്നൊക്കെ പറയുന്നത് കാണുമ്പോള്‍ നല്ല സന്തോഷമുണ്ട്. പറവ എന്ന് പറയുമ്പോള്‍ ഞാന്‍ എന്നെയല്ല കാണുന്നത് സൗബിക്കയെ ആണ്,’അര്‍ജുന്‍ പറഞ്ഞു.

പറവ

മുനീര്‍ അലിയും സൗബിന്‍ ഷാഹിറും ചേര്‍ന്ന് തിരക്കഥ എഴുതി സൗബിന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് പറവ. സൗബിന്റെ ആദ്യ സംവിധാന ചിത്രം കൂടെയായിരുന്നു പറവ. സിനിമയില്‍ അമല്‍ ഷാ, ദുല്‍ഖര്‍, ഷെയ്ന്‍ നിഗം, അര്‍ജുന്‍ അശോകന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. ലിറ്റില്‍ സ്വയമ്പ് ക്യാമറ നിര്‍വഹിച്ച ചിത്രത്തിന് സംഗീതം നല്‍കിയത് റെക്‌സ് വിജയനാണ്.

Content highlight: Arjun Ashokan talks about Soubin Shahir and his love for him

We use cookies to give you the best possible experience. Learn more