മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് അര്‍ജുന്‍ അശോകന്‍. സിനിമാപ്രേമികള്‍ക്ക് നിരവധി മികച്ച കഥാപാത്രങ്ങള്‍ സമ്മാനിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. മലയാളികളുടെ പ്രിയനടന്‍ ഹരിശ്രീ അശോകന്റെ മകന്‍ കൂടിയാണ് അര്‍ജുന്‍.
2012ല്‍ ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് നടന്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്. ആദ്യം ചെറിയ വേഷങ്ങളില്‍ അഭിനയിച്ച അദ്ദേഹം വളരെ പെട്ടെന്നായിരുന്നു നായകനടനായി മാറിയത്.
ഇന്ന് മികച്ച നിരവധി സിനിമകളുടെ ഭാഗമാകാന്‍ അര്‍ജുന് സാധിക്കുന്നുണ്ട്. ഇപ്പോള്‍ തനിക്ക് സിനിമയില്‍ ഈ ലെവലിലേക്ക് എത്താന്‍ പറ്റുമെന്ന് ഒരിക്കലും അച്ഛന്‍ ചിന്തിച്ചിട്ടുണ്ടാവില്ലെന്ന് പറയുകയാണ് അര്‍ജുന്‍ അശോകന്‍.
‘സിനിമയില്‍ കയറിയതിന് ശേഷം അത്തരത്തില്‍ ലീഡ് റോള്‍ ചെയ്യാനുള്ള ആഗ്രഹവും എവിടെയെങ്കിലുമൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷെ ഇത്രപെട്ടെന്ന് ലീഡ് റോള്‍ ചെയ്യാന്‍ പറ്റുമെന്ന് ഒരിക്കലും വിചാരിച്ചില്ല.
ചിലപ്പോള്‍ അച്ഛന് കിട്ടിയ ഡൗണ്‍ഫോള്‍ കാരണമാകും എന്നോട് ‘ശ്രദ്ധിക്കണം, നീ വെറുതെ അനാവശ്യമായ പരിപാടികളൊന്നും പിടിക്കരുത്. നോക്കിയും കണ്ടും ചെയ്ത് പോയാല്‍ മതി’ എന്നൊക്കെ ഉപദേശിച്ചത്,’ അര്‍ജുന്‍ അശോകന്‍ പറയുന്നു.
തന്റെ ഏറ്റവും പുതിയ ചിത്രമായ തലവരയുടെ പ്രൊമോഷന്റെ ഭാഗമായി ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു നടന്‍. തന്നെ അച്ഛനും അമ്മയും ഇപ്പോഴും സപ്പോര്‍ട്ട് ചെയ്ത് കൂടെ നില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിന്നെ ഇവരല്ലാതെ തന്നെ വേറെ ആര് സപ്പോര്‍ട്ട് ചെയ്യാനാണെന്നും അര്‍ജുന്‍ അഭിമുഖത്തില്‍ ചോദിക്കുന്നു.
Content Highlight: Arjun Ashokan Talks About Harisree Ashokan’s Advise