മലയാള സിനിമയിൽ ആദ്യമായി റെസ്‌ലിങിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കുന്ന പാൻ–ഇന്ത്യൻ റെസ്‌ലിങ് ആക്ഷൻ കോമഡി എന്റർടെയ്‌നർ ‘ചത്താ പച്ച: റിങ് ഓഫ് റൗഡീസ്’ റിലീസിനൊരുങ്ങുകയാണ്.
അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അർജുൻ അശോകൻ നായകനായെത്തുന്നു. റെസ്‌ലിങ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ റോഷൻ മാത്യു, മാർക്കോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഇഷാൻ ഷൗക്കത്ത്, വിശാഖ് നായർ, പൂജ മോഹൻദാസ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ട്രെയ്‌ലറിൽ തന്നെ ഒട്ടേറെ സസ്പെൻസുകൾ ഒളിപ്പിച്ചിരിക്കുന്ന ചിത്രം പ്രേക്ഷകരിൽ വലിയ ആകാംഷ സൃഷ്ടിച്ചിരിക്കുകയാണ്.
ചത്താ പച്ച, Photo: IMDb
മെഗാസ്റ്റാർ മമ്മൂട്ടി അതിഥി വേഷത്തിലെത്തുന്നു എന്ന വാർത്തയും ചിത്രത്തിന്റെ ഹൈപ്പ് ഇരട്ടിയാക്കിയിട്ടുണ്ട്. ട്രെയ്‌ലറിൽ പരാമർശിക്കുന്ന ‘വാൾട്ടർ’ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുമെന്ന അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ സജീവമാണ്.
ചിത്രത്തിന്റെ കാസ്റ്റിങ്ങും വ്യത്യസ്തത നിറഞ്ഞ കഥാപാത്രങ്ങളും തന്നെയാണ് ചിത്രത്തോടുള്ള പ്രേക്ഷകരുടെ പ്രതീക്ഷ വർധിപ്പിക്കുന്നത്. റിലീസ് തീയതി അടുക്കുംതോറും ഉള്ളിലെ പേടി കൂടുകയാണെന്നും, പറവ സിനിമയുടെ പ്രീ-പ്രൊമോഷൻ കാലത്ത് അനുഭവിച്ച അതേ ഫീലിംഗ്സോടെയാണ് ഇപ്പോൾ ഓരോ പ്രൊമോഷനും നേരിടുന്നതെന്നും പറയുകയാണ് അർജുൻ അശോകൻ.
പറവ ,Photo: IMDb
‘ഈ സിനിമയ്ക്ക് ഇത്രയും ഹൈപ്പ് ലഭിക്കാൻ കാരണം ഡബ്ല്യൂ. ഡബ്ല്യൂ. ഇ തന്നെയാണ്. ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു ശ്രമം. അങ്ങനെ ഒരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്.
സിനിമ ഇറങ്ങുമ്പോൾ അത് പ്രേക്ഷകർ എങ്ങനെ സ്വീകരിക്കും എന്നൊരു ടെൻഷൻ സ്വാഭാവികമായി ഉണ്ടാകും. പക്ഷേ, ഞങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ വലിയ റീച്ചാണ് ഈ സിനിമയ്ക്ക് ലഭിച്ചത്. അതാണ് ഇപ്പോൾ കൂടുതൽ പേടിയുണ്ടാക്കുന്നത്. പറവ ഇറങ്ങുന്നതിന് മുൻപ് ആളുകൾ അത് എങ്ങനെ സ്വീകരിക്കും എന്നുണ്ടായ അതേ പേടിയാണ് ഇപ്പോൾ ചത്താ പച്ചയ്ക്കും,’ അർജുൻ അശോകൻ പറഞ്ഞു.
താൻ ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു സ്റ്റൈലിലാണ് ഈ സിനിമയിലെ അഭിനയമെന്നും, വ്യത്യസ്തമായ ഫൈറ്റുകൾ ചിത്രത്തിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആ പുതുമ പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്നതിൽ ഒരുപോലെ സന്തോഷവും ടെൻഷനും ഉണ്ടെന്നും അർജുൻ വ്യക്തമാക്കി.
Content Highlight: Arjun Ashokan talk aboot the movie Chatha pacha