മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് അര്‍ജുന്‍ അശോകന്‍. 2012ല്‍ ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച അദ്ദേഹം മലയാളികളുടെ പ്രിയനടന്‍ ഹരിശ്രീ അശോകന്റെ മകന്‍ കൂടിയാണ്. ചെറിയ വേഷങ്ങളില്‍ അഭിനയിച്ച് തുടങ്ങിയ നടന്‍ പിന്നീട് മികച്ച ചിത്രങ്ങളിലൂടെ നായകനടനായും തിളങ്ങി. പറവ, സൂപ്പര്‍ ശരണ്യ, രോമാഞ്ചം എന്നീ സിനിമകളിലെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.
എന്നാല്‍ അര്‍ജുന് ഒരു കരിയര്‍ ബ്രേക്ക് നേടി കൊടുത്ത സിനിമയായിരുന്നു ഭ്രമയുഗം. ഇപ്പോള്‍ സിനിമയില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് നടന്‍.
‘ചില സീനിലൊക്കെ മമ്മൂക്കയെ കാണുമ്പോള്‍ രോമാഞ്ചമടിച്ച് സ്റ്റക്കായി നിന്നിട്ടുണ്ട്. തിരക്കഥ വായിച്ച് കഴിയുമ്പോള്‍ നമുക്ക് ഏകദേശം അറിയാം എങ്ങനെയൊക്കെയാണ് മമ്മൂക്ക ഇത് ചെയ്യാന്‍ പോകുക എന്ന്. ഫസ്റ്റ് ഡേ കഞ്ഞി കുടിക്കുന്ന സീനായിരുന്നു ഷൂട്ട് ചെയ്തത്. എനിക്കറിയാം മമ്മൂക്ക അടുത്ത ഡയലോഗ് എന്താണ് പറയുക എന്ന്. അത് ഇങ്ങനെയായിരിക്കും പറയാന്‍ പോകുക എന്ന് നമ്മള്‍ ചിന്തിച്ച് വെക്കും.
പക്ഷേ നമ്മള്‍ വിചാരിച്ചതിലും വേറെ ഒരു ലെലവലിലേക്ക് പോകും. ഇത് പറഞ്ഞു കഴിയുമ്പോള്‍ എന്റെ ഡയലോഗ് എങ്ങനെ പറയണം എന്ന് ഓര്‍ത്ത് കുറച്ച് നേരത്തേക്ക് ഞാനൊന്ന് സ്റ്റക്ക് ആകും. കാരണം നമുക്കും കൂടെ നിന്ന് അത് നല്ല രീതിയില്‍ ചെയ്യണമെന്ന് ആഗ്രഹമുള്ളതുകൊണ്ട്. പക്ഷേ അത് നടക്കില്ല. കാരണം വേറേ പരിപാടിയാണ് അവിടെ നടക്കുന്നത്. നേരിട്ട് കാണാനും അടിപൊളിയായിരുന്നു,’ അര്‍ജുന്‍ അശോകന്‍ പറഞ്ഞു.
ഭ്രമയുഗം
മമ്മൂട്ടിയേ നായകനാക്കി രാഹുല്‍ സദാശിവന്‍ രചനയും തിരക്കഥയും നിര്‍വഹിച്ച് 2024ല്‍ പുറത്തിറങ്ങിയ സിനിമയാണ് ഭ്രമയുഗം. വൈനോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും സംയുക്തമായി നിര്‍മ്മിച്ച ഈ ചിത്രത്തില്‍ മമ്മൂട്ടിക്ക് പുറമേ, അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. ബോക്‌സ് ഓഫീസില്‍ വിജയമായിരുന്ന ഈ ചിത്രം അന്യഭാഷയിലും ശ്രദ്ധിക്കപ്പെട്ടിരുന്നു.
Content highlight: Arjun ashokan Sharing his experience acting with Mammootty in Bhramayugam