ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഇടം സ്വന്തമാക്കിയ നടനാണ് അര്‍ജുന്‍ അശോകന്‍. ഹരിശ്രീ അശോകന്റെ മകന്‍ എന്ന ലേബലില്‍ നിന്നും മലയാളം ഇന്‍സ്ട്രിയില്‍ വളരാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. തലവരയാണ് അര്‍ജുന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. 2016ല്‍ പുറത്തിറങ്ങിയ പറവയില്‍ അദ്ദേഹം ഒരു വേഷം കൈകാര്യം ചെയ്തിരുന്നു.
പറവയാണോ അര്‍ജുന്റെ തലവരമാറ്റിയ സിനിമ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ഇപ്പോള്‍ നടന്‍. നാന മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്കിപ്പോഴും പറവയുടെ കാസ്റ്റിംഗ് കോളിന്റെ പോസ്റ്റര്‍ കണ്ടത് ഓര്‍മയുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്.
‘അതുകണ്ടിട്ട് അച്ഛന്‍ സൗബിന്‍ ഇക്കയെ വിളിക്കുകയായിരുന്നു. ഇതിനുമുമ്പ് എന്നെ സൗബിക്ക എറണാകുളത്ത് തന്നെ പല സ്ഥലത്ത് വച്ച് കണ്ടിട്ടുണ്ട്. ഞാന്‍ അദ്ദേഹത്തോട് അങ്ങോട്ട് പോയി സംസാരിക്കാറുണ്ടായിരുന്നു.
അച്ഛന്‍ സൗബിക്കയുടെ കൂടെ മുന്നേ വര്‍ക്ക് ചെയ്തിട്ടുണ്ടല്ലോ. അങ്ങനെ അച്ഛന്‍ എനിക്ക് എന്തെങ്കിലും അവസരത്തിന് വേണ്ടിയാണ് അദ്ദേഹത്തെ വിളിക്കുന്നത്. അങ്ങനെയാണെങ്കില്‍ ഒന്ന് കാണാന്‍ പറയൂ എന്നാണ് അച്ഛന്‍ പറഞ്ഞത്. അദ്ദേഹം എന്നെ വിശ്വസിച്ചു,’ അര്‍ജുന്‍ അശോകന്‍ പറയുന്നു.
പറവ ഇപ്പോഴും പാക്ക് അപ്പ് ആയിട്ടില്ലെന്നാണ് തനിക്ക് തോന്നാറുള്ളതെന്നും തനിക്ക് നല്ല രാശിയുള്ള ഒരു സിനിമ കൂടിയായിരുന്നു പറവയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിന് ശേഷമാണ് തനിക്ക് ഉണ്ടയിലേക്കും ട്രാന്‍സിലേക്കുമൊക്കെ അവസരം ലഭിച്ചതെന്നും പറവയില്‍ നിന്ന് തുടങ്ങിയ ഒരു ഓട്ടമാണ് തന്റേതെന്നും അര്‍ജുന്‍ പറഞ്ഞു.
സൗബിന്‍ ഷാഹിറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പറവ അന്ന് വലിയ വിജയം സ്വന്തമാക്കിയിരുന്നു. ചിത്രത്തില്‍ ഷെയ്ന്‍ നിഗം, അര്‍ജുന്‍ അശോകന്‍, അമല്‍ ഷാ, ഗോവിന്ദ് വി ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവര്‍ അഭിനയിച്ചിരുന്നു.
Content highlight: Arjun Ashokan says Parava was a film that suited him