മലയാളത്തിലെ യുവതാരങ്ങളില്‍ കുറഞ്ഞകാലം കൊണ്ട് തന്റേതായ സ്ഥാനം കണ്ടെത്തിയ അഭിനേതാവാണ് അര്‍ജുന്‍ അശോകന്‍. 2012 ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് അര്‍ജുന്‍ അരങ്ങേറ്റം കുറിച്ചു. സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവയിലൂടെ ശ്രദ്ധേയമായ വേഷം ചെയ്ത താരം പിന്നീട് ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയിരുന്നു.
നായകനെന്നോ വില്ലനെന്നോ സഹനടനെന്നോ വ്യത്യസമില്ലാതെ കിട്ടുന്ന വേഷങ്ങളെല്ലാം മികച്ചതാക്കുന്ന താരം അമല്‍ നീരദ് ചിത്രം വരത്തനില്‍ വില്ലന്‍ വേഷം കൈകാര്യം ചെയ്ത് അഭിനേതാവെന്ന നിലയില്‍ തന്റെ കഴിവ് തെളിയിച്ചിരുന്നു. അര്‍ജുന്റെതായി അടുത്തിടെ തിയേറ്ററുകളിലെത്തിയ രണ്ട് ചിത്രങ്ങളായിരുന്നു ഡിസ്‌കോയും മെല്‍ക്കൗ പോണ്ടിച്ചേരിയും.
അര്‍ജുന്‍ കടുംബത്തോടൊപ്പം. Photo: X.com
അടുത്തിടെ സ്‌പോട്ട് ലൈറ്റ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ സിനിമയിലെത്തിയതിന് ശേഷം തനിക്ക് കുടുംബവുമായി സമയം ചെലവഴിക്കാന്‍ സാധിക്കാത്തതിനെ കുറിച്ച് അര്‍ജുന്‍ അശോകന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. സിനിമയിലെ തിരക്ക് കാരണം മകളുടെ വളര്‍ച്ചയുടെ ഭൂരിഭാഗവും തനിക്കൊപ്പമുണ്ടാകാന്‍ സാധിച്ചിട്ടില്ലെന്ന് പറയുകയാണ് താരം.
‘അശോകന്റെ മകനല്ലേ അവന്‍ സിനിമയില്‍ വന്നത് വെറുതെയാവില്ലലോ എന്ന് ആള്‍ക്കാര്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷമാകാറുണ്ട്. പറവയും, ബി.ടെക്കും, ജൂണും എല്ലാം ചെയ്യുമ്പോള്‍ ട്രോള്‍ പേജുകളില്‍ എന്റെ ഫോട്ടോ എല്ലാം വെച്ച് മോട്ടിവേഷണല്‍ പോസ്റ്റുകളെല്ലാം വരാറുണ്ടായിരുന്നു. അതെല്ലാം എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. കാരണം അച്ഛന്റെ പരിപാടി നന്നായി കൊണ്ടുപോകുന്നുണ്ട് എന്ന രീതിയില്‍ ആള്‍ക്കാര്‍ പറയാറുണ്ടായിരുന്നു.
സിനിമയ്ക്ക് വേണ്ടി എന്റെ ഫാമിലിയ്‌ക്കൊപ്പമുള്ള ടൈം മാറ്റിവെക്കേണ്ടി വന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. സത്യം പറഞ്ഞാല്‍ എന്റെ മകളുടെ വളര്‍ച്ച പകുതിമുക്കാലും ഞാന്‍ കണ്ടിട്ടില്ല. ഓരോ തവണയും ഷൂട്ട് കഴിഞ്ഞ് വീട്ടില്‍ പോകുമ്പോള്‍ ഇതേതാ പുതിയ കൊച്ച് എന്ന അവസ്ഥയായിരുന്നു. കാരണം ഈ പ്രായമാണ് ഏറ്റവും കൂടുതല്‍ മാറ്റങ്ങളുണ്ടാകുന്ന പ്രായം. ഇപ്പോഴാണ് എന്റെ അച്ഛന്‍ ഓടിയ ഓട്ടവും പ്രയാസങ്ങളും എനിക്ക് മനസിലായത്,’ അര്‍ജുന്‍ പറഞ്ഞു.
അര്‍ജുന്‍ അശോകന്‍. Photo: X.com
അര്‍ജുന്റേതായി അടുത്തിടെ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു മെല്‍ക്കൗ പോണ്ടിച്ചേരി. സനൂപ് തൈക്കൂടം തിരക്കഥയെഴുതി നിഖില്‍ മോഹന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അര്‍ജുന്‍ അശോകനൊപ്പം ശ്രീലക്ഷ്മി വജയന്‍, അല്‍ത്താഫ് സലീം തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയിരുന്നു. വലിയ പ്രതീക്ഷയോടെയാണ് ചിത്രം തിയേറ്ററുകളിലെത്തിയതെങ്കിലും ആദ്യ ഷോയ്ക്ക് പിന്നാലെ മോശം പ്രതികരണം വന്നതോടെ ചിത്രം തിയേറ്ററുകളില്‍ തകര്‍ന്നടിയുകയായിരുന്നു.
Content Highlight: Arjun Ashoan talks about missing family time due to acting