| Monday, 2nd June 2025, 7:52 pm

അരിയില്‍ ഷുക്കൂര്‍ വധക്കേസ്; സാക്ഷികളെ തട്ടിക്കൊണ്ടുപോയി മൊഴിമാറ്റിച്ചെന്ന കേസില്‍ സി.പി.ഐ.എം നേതാവിനെ വെറുതെവിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സാക്ഷികളെ തട്ടിക്കൊണ്ടുപോയി മൊഴിമാറ്റിച്ചെന്ന കേസില്‍ സി.പി.ഐ.എം നേതാവിനെ വെറുതെവിട്ടു. സി.പി. സലിമിനെയാണ് വെറുതെവിട്ടത്. തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.

സമാനമായ കേസില്‍ പ്രതിഭാഗം അഭിഭാഷകന്‍ കൂടിയായ നിക്കോളാസ് ജോസഫിനെ വെറുതെ വിട്ടിരുന്നു. ഹൈക്കോടതിയാണ് നിക്കോളാസിനെ വെറുതെ വിട്ടത്. ഷുക്കൂര്‍ വധക്കേസിലെ സാക്ഷികളായ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ തട്ടിക്കൊണ്ടുപോയി എന്നായിരുന്നു സലിമിനെതിരായ പരാതി.

2013 സെപ്റ്റംബറിലാണ് സി.പി.ഐ.എം നേതാവിനെതിരെ പരാതി ഉയര്‍ന്നത്. തളിപ്പറമ്പ് ടൗണില്‍ വെച്ച് സി.പി. സലിം സാക്ഷികളായ ലീഗ് പ്രവര്‍ത്തകരെ കാറില്‍ ബലമായി കയറ്റിക്കൊണ്ട് പോയെന്നായിരുന്നു ആരോപണം. പ്രസ്തുത കേസിലാണ് കോടതി സലിമിനെ വെറുതെ വിട്ടത്.

2012 ഫെബ്രുവരി 20നാണ് എം.എസ്.എഫിന്റെ പ്രാദേശിക നേതാവായ അരിയില്‍ ഷുക്കൂര്‍ കണ്ണൂരില്‍ സി.പി.ഐ.എമ്മിന്റെ ശക്തികേന്ദ്രമായ ചെറുകുന്ന് കീഴറയില്‍ വെച്ച് കൊല്ലപ്പെട്ടുന്നത്.

സി.പി.ഐ.എം നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷ് എന്നിവര്‍ സഞ്ചരിച്ചിരുന്ന വാഹനം തളിപ്പറമ്പിലെ പട്ടുവത്ത് വെച്ച് തടഞ്ഞ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ച് മണിക്കൂറുകള്‍ക്കകമാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്.

കൊലപാതകം നടക്കുന്ന സമയത്ത് പി. ജയരാജന്‍ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയായിരുന്നു. വാഹനം ആക്രമിക്കപ്പെട്ടതിന് പിന്നാലെ ജയരാജനും രാജേഷും പ്രവേശിപ്പിക്കപ്പെട്ട ഹോസ്പിറ്റലില്‍ വെച്ച് ആക്രമണത്തിന് ആസൂത്രണം ചെയ്തെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ വെച്ച് സി.പി.ഐ.എം പ്രാദേശിക നേതാക്കള്‍ ആക്രമണത്തിന് ആസൂത്രണം ചെയ്തതെന്നും ഇത് ജയരാജനും രാജേഷിനും അറിയാമായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

മൊത്തം 34 പ്രതികളാണ് കേസില്‍ ഉള്ളത്. 2019ല്‍ കേസിന്റെ വിചാരണ എറണാകുളം സി.ബി.ഐ പ്രത്യേക കോടതിയിലേക്ക് മാറ്റി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സി.ബി.ഐയുടെ ഹരജി പരിഗണിച്ചായിരുന്നു ഉത്തരവ്.

Content Highlight: Ariyil Shukkoor murder case; CPI(M) leader acquitted in case of kidnapping and changing witnesses’ statements

Latest Stories

We use cookies to give you the best possible experience. Learn more