ഇന്ത്യന്‍ സംഗീത ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള ഗായകനാണ് അരിജിത് സിങ്. ഹിന്ദി, ബംഗാളി ഗാനങ്ങളില്‍ പ്രധാനമായി പാടുന്ന താരം പിന്നണിഗായകരംഗത്ത് നിന്നും വിരമിക്കുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ഇനിയൊരു ചിത്രത്തിനു വേണ്ടിയും പിന്നണിഗായകനായി താന്‍ പാടില്ലെന്ന പ്രഖ്യാപനം അരിജിത്ത് നടത്തിയിരിക്കുന്നത്.
Photo: Firstpost
‘എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍. ഞാന്‍ പാടിയ പാട്ടുകളുടെ കേള്‍വിക്കാരായി ഇത്രയും കാലം എനിക്ക് ഒരുപാട് സ്‌നേഹം തന്നതിന് ഞാന്‍ എല്ലാവരോടും നന്ദി പറയുന്നു. ഇനി മുതല്‍ പിന്നണി ഗായകനായി പ്രവര്‍ത്തിക്കുന്നതിനുള്ള യാതൊരു അസൈന്‍മെന്റും ഞാന്‍ ചെയ്യില്ലെന്ന് സന്തോഷത്തോടെ അറിയിക്കുകയാണ്. വളരെ മനോഹരമായ യാത്രയായിരുന്നു ഇത്. ഈ യാത്ര അവസാനിച്ചിരിക്കുന്നു’ അരിജിത്ത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
1987 ല്‍ പശ്ചിമ ബംഗളിലെ മുര്‍ഷിദാബാദില്‍ ജനിച്ച അരിജിത്ത് ശങ്കര്‍-ഇഹ്‌സാന്‍-ലോയ് കോംബോയുടെ കീഴില്‍ അസിസ്റ്റന്റ് മ്യൂസിക് പ്രോഗ്രാമറായാണ് സിനിമയില്‍ തന്റെ സംഗീതജീവിതം ആരംഭിക്കുന്നത്. 2011 ല്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം മര്‍ഡര്‍ 2 വിലെ ഫിര്‍ മൊഹബത്ത് ആണ് അദ്ദേഹം ആലപിക്കുന്ന ആദ്യ ഗാനം. 2013 ല്‍ പുറത്തിറങ്ങിയ ആഷിഖി 2 വിലെ തും ഹി ഹോ ആണ് ഗായകന്റെ കരിയര്‍ തന്നെ മാറ്റിമറിച്ച ഗാനം. കേസരിയ, ചന്നാ മേരേയാ, അഗര്‍ തും സാത്ത് ഹോ, അപ്‌നാ ബനാ ലേ തുടങ്ങിയ അരിജിത്തിന്റെ ഹിന്ദി ഗാനങ്ങളും പ്രേക്ഷകര്‍ വലിയ രീതിയില്‍ ആഘോഷിച്ചിരുന്നു.
പിന്നണി ഗായകരംഗത്ത് നിന്നും വിരമിച്ചെങ്കിലും ഇതിനോടകം ഏറ്റെടുത്ത പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കുമെന്നും സ്വതന്ത്ര സംഗീതജ്ഞനെന്ന നിലയില്‍ പ്രവര്‍ത്തിക്കുമെന്നും അരിജിത്ത് പറഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബോളിവുഡില്‍ അടുത്തിടെ പുറത്തിറങ്ങി വമ്പന്‍ വിജയമായി മാറിയ ധുരന്ധറില്‍ അരിജിത്ത് ആലപിച്ച ഗെഹ് രാ ഹുവാ എന്ന ഗാനം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Content Highlight: Arijit singh announces his retirement from playback singing