| Monday, 25th August 2025, 7:20 pm

വിഷ്ണു വീണ്ടും കസറി; ടൈറ്റന്‍സിനെ തകര്‍ത്ത് കൊല്ലം

സ്പോര്‍ട്സ് ഡെസ്‌ക്

കേരള ക്രിക്കറ്റ് ലീഗില്‍ രണ്ടാം വിജയം നേടി ഏരീസ് കൊല്ലം സൈലേഴ്സ്. ഇന്ന് വൈകുന്നേരം കാര്യവട്ടം സ്റ്റേഡിയത്തില്‍ തൃശൂര്‍ ടൈറ്റന്‍സിനെതിരെയായ മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് കൊല്ലത്തിന്റെ വിജയം. വിഷ്ണു വിനോദിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ടീം രണ്ടാം വിജയം നേടിയത്.

തൃശൂര്‍ ടൈറ്റന്‍സ് ഉയര്‍ത്തിയ 145 റണ്‍സിന്റെ വിജയലക്ഷ്യം കൊല്ലം 35 പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. 15ാം ഓവറിലെ ആദ്യ പന്തില്‍ സിക്‌സ് അടിച്ച് ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയിലാണ് ടീമിനെ ജയിപ്പിച്ചത്.

കൊല്ലത്തിനായി മികച്ച ബാറ്റിങ് പുറത്തെടുത്തത് ഓപ്പണര്‍ വിഷ്ണു വിനോദാണ്. താരം 38 പന്തുകള്‍ നേരിട്ട് 86 റണ്‍സ് എടുത്തു. 226.32 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത താരം എട്ട് സിക്സും ഏഴ് ഫോറുമാണ് അതിര്‍ത്തി കടത്തിയത്.

വിഷ്ണുവിന് പുറമെ, സച്ചിനും മികച്ച പ്രകടനം നടത്തി. 28 പന്തില്‍ ഒരു സിക്സും രണ്ട് ഫോറും അടക്കം പുറത്താവാതെ 32 റണ്‍സാണ് താരം അടിച്ചത്. എം. സജീവന്‍ അഖിലും ടീമിനായി ഭേദപ്പെട്ട പ്രകടനം നടത്തി. 13 പന്തുകള്‍ നേരിട്ട താരം പുറത്താവാതെ 19 റണ്‍സും സംഭാവന ചെയ്തു.

തൃശൂരിനായി സിബിന്‍ ഗിരീഷും ആനന്ദ് ജോസഫും ഓരോ വിക്കറ്റുകള്‍ വീതം നേടി.

അതേസമയം, മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത തൃശൂര്‍ ഒരു പന്ത് ബാക്കി നില്‍ക്കെ 144 റണ്‍സിന് പുറത്തായി. ടീമിനായി ആനന്ദ് കൃഷ്ണനാണ് മികച്ച പ്രകടനം നടത്തിയത്. താരം 38 പന്തില്‍ രണ്ട് സിക്സറും മൂന്ന് ഫോറും അടക്കം 41 റണ്‍സെടുത്തു.

താരത്തിന് പുറമെ, ടൈറ്റന്‍സിനായി അക്ഷയ് മനോഹര്‍ 24 റണ്‍സും അഹമ്മദ് ഇമ്രാന്‍ 16 റണ്‍സും നേടി. മറ്റാര്‍ക്കും വലിയ സ്‌കോറുകള്‍ കണ്ടെത്താനായില്ല.

സൈലേഴ്‌സിനായി ബൗളിങ്ങില്‍ അജയഘോഷ് മികച്ച പ്രകടനം നടത്തി. 3.5 ഓവര്‍ എറിഞ്ഞ താരം നാല് വിക്കറ്റുകള്‍ വീഴ്ത്തി. താരത്തിനൊപ്പം, അമല്‍ എ.ജിയും മിന്നും പ്രകടനം പുറത്തെടുത്തു. നാല് ഓവര്‍ എറിഞ്ഞ താരം 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ നേടി. കൂടാതെ, ഷറഫുദ്ധീന്‍ രണ്ട് വിക്കറ്റും എം.സജീവന്‍ അഖില്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

Content Highlight: Aries Kollam Sailors defeated Thrissur Titans in KCL with Vishnu Vinod half century performance

We use cookies to give you the best possible experience. Learn more