| Friday, 19th December 2025, 9:52 pm

ശവസംസ്‌കാരത്തെ ചൊല്ലി തര്‍ക്കം; ഛത്തീസ്ഗഡില്‍ 70കാരന്റെ മൃതദേഹം പുറത്തെടുപ്പിച്ച് ആള്‍ക്കൂട്ടം, ക്രിസ്ത്യൻ പള്ളിയ്ക്ക് തീയിട്ടു

രാഗേന്ദു. പി.ആര്‍

റായ്പൂര്‍: ഛത്തീസ്ഗഡില്‍ സംസ്‌കരിച്ച 70കാരന്റെ മൃതദേഹം പുറത്തെടുപ്പിച്ച് ആള്‍ക്കൂട്ടം. കാങ്കര്‍ ജില്ലയിലെ അമാബേദ ഗ്രാമത്തിലാണ് സംഭവം.

സര്‍പഞ്ചായ രാജ്മാന്‍ സലാമിന്റെ പിതാവ് ചമ്ര റാം സലാമിന്റെ മൃതദേഹമാണ് നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്ന് പുറത്തെടുപ്പിച്ചത്. ഡിസംബര്‍ 18ന് കുടുംബത്തിന്റെ സ്വകാര്യ ഭൂമിയിലാണ് ചമ്രയുടെ സംസ്‌കാരം നടന്നത്.

ചമ്രയുടെ സംസ്‌കാരം പരമ്പരാഗത രീതിയിലല്ലെന്നും രഹസ്യമായാണ്  നടന്നതെന്നുമാണ് നാട്ടുകാരുടെ ആരോപണം. അടുത്തിടെ രാജ്മാന്‍ സലാം ക്രിസ്തുമതം പിന്തുടരാന്‍ ആരംഭിച്ചിരുന്നു. പക്ഷേ ചമ്ര റാം ഹിന്ദുമതത്തില്‍ തന്നെയായിരുന്നു വിശ്വസിച്ചിരുന്നത്.

ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് നാട്ടുകാര്‍ രംഗത്തെത്തിയത്. രാജ്മാന്‍ മതം മാറിയതുകൊണ്ട് തന്നെ ചമ്രയുടെ ശവസംസ്‌കാരം അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു നാട്ടുകാരുടെ ഭാഗം. ചമ്രയുടെ മരണത്തില്‍ സംശയമുണ്ടെന്നും ഇക്കൂട്ടര്‍ ആരോപിച്ചിരുന്നു.

പ്രതിഷേധം കനത്തതോടെ ഇന്നലെ എക്‌സിക്യൂട്ടിവ് മജിസ്ട്രേറ്റിന്റെ നേതൃത്വത്തില്‍ ചമ്രയുടെ മൃതദേഹം പുറത്തെടുത്തു. പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അതേസമയം ഗ്രാമത്തിലെ വിവിധ ഗോത്ര വിഭാഗങ്ങള്‍ തമ്മിലുണ്ടായ ശവസംസ്‌ക്കാരത്തെ ചൊല്ലിയുള്ള തര്‍ക്കം അക്രമത്തില്‍ അവസാനിക്കുകയും ചെയ്തു. പൊലീസിന് ഉള്‍പ്പെടെ പരിക്കേറ്റു. ഗോത്ര വിഭാഗങ്ങള്‍ തമ്മിലുള്ള കല്ലേറില്‍ 20ഓളം പരിക്കേറ്റതായാണ് വിവരം.

പരിക്കേറ്റ എ.എസ്.പി അടക്കമുള്ളവര്‍ ചികിത്സയില്‍ തുടരുകയാണ്. നാട്ടുകാരില്‍ ചിലര്‍ ക്രിസ്ത്യന്‍ പള്ളിയുടെ പ്രാര്‍ത്ഥന ഹാള്‍ നശിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ഗ്രാമത്തിലെ പരമ്പരാഗതമായ ആചാരങ്ങള്‍ അനുസരിച്ചാണ് പിതാവിന്റെ ശവസംസ്‌കാരം നടത്തിയതെന്നാണ് രാജ്മാന്‍ പറയുന്നത്.

സര്‍പഞ്ച് തെരഞ്ഞെടുപ്പില്‍ തന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന വ്യക്തിയാണ് ഈ തര്‍ക്കത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവര്‍ ചേര്‍ന്ന് പുറത്തുള്ളവരുടെ അണിനിരത്തി മൃതദേഹം പുറത്തെടുക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് ആരോപണം.

സര്‍പഞ്ച് ക്രിസ്തുമതം സ്വീകരിച്ചിട്ടില്ലെന്നും ആദിവാസി സമൂഹത്തിന്റെ ആചാര പ്രകാരമാണ് അദ്ദേഹം പിതാവിന്റെ സംസ്‌കാരം നടത്തിയതെന്നും ഛത്തീസ്ഗഡ് ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ് അരുണ്‍ പന്നലാലിനെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

മതം മാറിയ ഒരു ക്രിസ്ത്യാനിയുടെ മൃതദേഹം രഹസ്യമായി കുഴിച്ചിട്ടുവെന്ന തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് സംഘര്‍ഷത്തിന് കാരണമായതെന്നും അരുണ്‍ പന്നലാല്‍ പറഞ്ഞു. നിലവില്‍ അമാബേദ ഗ്രാമത്തിലേക്ക് പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlight: Argument over cremation; Crowd drags body out in Chhattisgarh

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more