ഇതിഹാസ താരം ലയണല്‍ മെസിയുടെ പടിയിറക്കത്തോടെ വലിയൊരു ശൂന്യതയാണ് ഫുട്‌ബോള്‍ ലോകത്ത് ഉടലെടുക്കാന്‍ പോകുന്നത്. ആ ശൂന്യത ഏറ്റവുമധികം ബാധിക്കുക അര്‍ജന്റീനയയെയും ടീമിലെ ഓരോ താരങ്ങളെയുമാണെന്നതില്‍ സംശയമില്ല.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ടീമിനെ ഒറ്റയ്ക്ക് ചുമലില്‍ വഹിച്ച മിശിഹയുടെ തുണയില്ലാതെ വേണം ആല്‍ബിസെലസ്റ്റ്‌സിന്റെ ഇനിയുള്ള യാത്ര.
മെസിക്ക് പകരക്കാരനാകാന്‍ ആര്‍ക്കും സാധിക്കില്ലെങ്കിലും അദ്ദേഹത്തിന്റെ അഭാവം ടീമിനെ ബാധിക്കാതിരിക്കാന്‍ അര്‍ജന്റീന ശ്രമിക്കുന്നുണ്ട്. ടീമിന്റെ കഴിഞ്ഞ രണ്ട് മത്സരങ്ങളും അത് അടയാളപ്പെടുത്തുന്നതായിരുന്നു.
ലോകകപ്പ് ഫൈനലിന് ശേഷം മെസിയില്ലാതെ കളത്തിലിറങ്ങിയ അര്‍ജന്റീന അടുത്ത രണ്ട് മത്സരത്തിലും കൂറ്റന്‍ വിജയം സ്വന്തമാക്കിയിരുന്നു. ബൊളീവിയയും ബുര്‍ക്കിന ഫാസോയുമായിരുന്നു എതിരാളികള്‍.
ഒക്ടോബര്‍ ഒന്നിന് ബൊളീവിയക്കെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിനായിരുന്നു ടീമിന്റെ വിജയം. ലൗട്ടാരോ മാര്‍ട്ടീനസ്, നിക്കോ പാസ്, നായകന്‍ ക്രിസ്റ്റ്യന്‍ റൊമേരോ, ഹോസെ മാനുവല്‍ ലോപ്പസ് എന്നിവരാണ് ഗോള്‍ നേടിയത്.
ബുര്‍ക്കിനോ ഫാസോയ്‌ക്കെതിരെ ഇന്ന് നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഏഴ് ഗോളിനാണ് അര്‍ജന്റീന വിജയിച്ചത്. ആറ് അര്‍ജന്റൈന്‍ താരങ്ങള്‍ പന്ത് വലയിലെത്തിച്ചപ്പോള്‍ ഒരു സെല്‍ഫ് ഗോളും മത്സരത്തില്‍ പിറന്നു.
നാലാം മിനിട്ടില്‍ ലൗട്ടാരോ മാര്‍ട്ടീനസാണ് ഗോളടിക്ക് തുടക്കമിട്ടത്. എട്ടാം മിനിട്ടിലെ സെല്‍ഫ് ഗോളിനൊപ്പം 12ാം മിനിട്ടില്‍ ജിയാന്‍ലൂക്ക പ്രിസ്റ്റിയാനിയും ഗോള്‍ കണ്ടെത്തിയതോടെ സ്വപ്‌നതുല്യമായ തുടക്കമാണ് ടീമിന് ലഭിച്ചത്.
തുടര്‍ച്ചയായ മിനിട്ടുകളില്‍ നിക്കോ പാസും (35), ജൂലിയന്‍ അല്‍വാരസും (36) ഗോള്‍ കണ്ടെത്തിയതോടെ അഞ്ച് ഗോളിന്റെ ലീഡുമായി അര്‍ജന്റീന ആദ്യ പകുതി അവസാനിപ്പിച്ചു.
57ാം മിനിട്ടില്‍ ഫ്രാങ്കോ മസ്റ്റാന്റുവാനോയും ആഡ് ഓണ്‍ ടൈമിന്റെ മൂന്നാം മിനിട്ടില്‍ ജിയുലായിനോ സിമിയോണിയും എതിരാളികളുടെ വലയില്‍ പന്തെത്തിച്ചതോടെ മുന്‍ ലോകചാമ്പ്യന്‍മാര്‍ 7-0ന് വിജയം സ്വന്തമാക്കി.
ഒക്ടോബര്‍ ഏഴിനാണ് അര്‍ജന്റീന അടുത്ത മത്സരം കളിക്കുന്നത്. എസ്റ്റാഡിയോ മോണുമെന്റലില്‍ ബെനിനെതിരെ നടക്കുന്ന ഈ മത്സരം അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വൈകാരികമായ മത്സരമായിരിക്കും.
നാഷണല്‍ ജേഴ്‌സിയില്‍ ലയണല്‍ മെസിയുടെ അവസാന മത്സരമാണിത്. തങ്ങള്‍ക്ക് എല്ലാം നേടിത്തന്ന നായകനെ വിജയത്തോടെ യാത്രയാക്കാനാകും ടീം ഒന്നടങ്കം ശ്രമിക്കുക.
Content Highlight: Argentina won both matches without Messi