| Saturday, 19th July 2025, 9:27 am

കിരീടത്തിനായി ഗോട്ടും കുട്ടിഗോട്ടും ഏറ്റുമുട്ടുന്നു; മത്സരരംഗത്ത് സൗദിയും ഖത്തറും

ഡൂള്‍ന്യൂസ് ഡെസ്‌ക്

യുവേഫ യൂറോ കപ്പ് ജേതാക്കളും കോപ്പ അമേരിക്ക വിജയികളും ഏറ്റമുട്ടുന്ന ഫൈനലിസിമ പോരാട്ടം 2026 മാര്‍ച്ചില്‍ നടക്കും. കൃത്യമായ തീയ്യതി ഇനിയും പുറത്തുവന്നിട്ടില്ലെങ്കിലും 23 – 31നിടയില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

സ്‌പെയ്‌നാണ് നിലവിലെ യൂറോ ചാമ്പ്യന്‍മാര്‍. ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തകര്‍ത്താണ് ലാ റോജ കിരീടമുയര്‍ത്തിയത്. സ്‌പെയ്‌നിന്റെ നാലാം യുവേഫ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് ടൈറ്റിലാണിത്.

ഫൈനലില്‍ സ്‌പെയ്‌നിനായി നിക്കോ വില്യംസും മൈക്കല്‍ ഒയാര്‍സ്ബാലും ഗോള്‍ കണ്ടത്തെിയപ്പോള്‍ കോള്‍ പാല്‍മറാണ് ഇംഗ്ലണ്ടിന്റെ ആശ്വാസ ഗോള്‍ സ്വന്തമാക്കിയത്.

തുടര്‍ച്ചയായ രണ്ടാം കോപ്പ അമേരിക്ക കിരീടവുമായാണ് അര്‍ജന്റീന ഫൈനലിസിമ പോരാട്ടത്തിന് യോഗ്യത നേടിയത്. ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹാമിഷ് റോഡ്രിഗസിന്റെ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് അര്‍ജന്റീന വിജയം സ്വന്തമാക്കിയത്.

നിശ്ചിത സമയത്തും ആഡ് ഓണ്‍ ടൈമിലും ഇരുവര്‍ക്കും ഗോള്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അധികസമയത്തില്‍ ലൗട്ടാരോ മാര്‍ട്ടീനസ് നേടിയ ഒറ്റ ഗോളിന്റെ ബലത്തില്‍ ആല്‍ബിസെലസ്റ്റ്‌സ് കപ്പുയര്‍ത്തുകയായിരുന്നു.

അര്‍ജന്റീന തന്നെയാണ് നിലവിലെ ഫൈനലിസിമ ചാമ്പ്യന്‍മാര്‍. കഴിഞ്ഞ എഡിഷനില്‍ ഇറ്റലിയെ തകര്‍ത്തുകൊണ്ടാണ് അര്‍ജന്റീന കിരീമണിഞ്ഞത്.

ലോകപ്രശസ്തമായ ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയമാകും പോരാട്ടത്തിന് വേദിയാവുക എന്നാണ് പ്രതീക്ഷിക്കുന്നത്. വെംബ്ലി സ്റ്റേഡിയത്തിന് തന്നെയാണ് സാധ്യതകളും കല്‍പ്പിക്കുന്നത്. 2022ല്‍ ഇറ്റലിയെ തകര്‍ത്ത് മെസിപ്പട കപ്പുയര്‍ത്തിയതും ഇതേ വേദിയില്‍ തന്നെയായിരുന്നു.

എന്നാല്‍ ഈ പോരാട്ടത്തിന് ആതിഥേയത്വം വഹിക്കാന്‍ സൗദി അറേബ്യയും 2022 ലോകകപ്പിന് ആതിഥേയരായ ഖത്തറും രംഗത്തുണ്ട്.

ഇതിഹാസ താരം ലയണല്‍ മെസിയും ഭാവി ഇതിഹാസം ലാമിന്‍ യമാലും ആദ്യമായി നേര്‍ക്കുനേര്‍ വരുന്നു എന്നതാണ് ഈ മാച്ചിനെ ഏറെ സ്‌പെഷ്യലാക്കുന്നത്.

ഇതിന് മുമ്പ് മറ്റൊരു കിരീടപ്പോരാട്ടത്തില്‍ ലാമിന്‍ യമാല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോക്കെതിരെയും കളിച്ചിരുന്നു. 2025 യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍. 2-2ന് സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ പോര്‍ച്ചുഗല്‍ പെനാല്‍ട്ടി ഷൂട്ട്ഔട്ടിലൂടെ വിജയം സ്വന്തമാക്കുകയായിരുന്നു.

Content Highlight:  Argentina vs Spain: Finalissima 2026: Date and Possible Venues

We use cookies to give you the best possible experience. Learn more