| Saturday, 1st August 2026, 11:56 am

മെസിപ്പട തൂക്കി...കിരീടം നഷ്ടമായാലും കോരിത്തരിപ്പിച്ചത് അര്‍ജന്റീന

സുദേവ് എ

2026 ഫിഫ ലോകകപ്പിലെ ഏറ്റവും മികച്ച മത്സരം ഏതാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രീക്വാര്‍ട്ടറിലെ അര്‍ജന്റീന-ഈജിപ്ത് മത്സരമാണ് ഏറ്റവും മികച്ച പോരാട്ടമായി തെരഞ്ഞെടുത്തത്. ആരാധകരുടെ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിലാണ് ഈ മത്സരം ബെസ്റ്റ് മാച്ചായി പരിഗണിക്കപ്പെട്ടത്.

അറ്റ്‌ലാന്റ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഈജിപ്തിനെതിരെ 3-2ന്റെ ആവേശ വിജയമായിരുന്നു അര്‍ജന്റീന സ്വന്തമാക്കിയത്. രണ്ട് ഗോളുകള്‍ക്ക് പുറകില്‍ നിന്ന ശേഷമായിരുന്നു അര്‍ജന്റീനയുടെ തിരിച്ചുവരവ്.

മത്സരത്തില്‍ 13ാം മിനിറ്റില്‍ തന്നെ അര്‍ജന്റീനയെ ഞെട്ടിച്ചുകൊണ്ട് ഈജിപ്ത് ഗോള്‍ നേടി. യാസിര്‍ ഇബ്രാഹിമാണ് ടീമിന്റെ ഗോള്‍ സ്‌കോറര്‍. ഒരു തകര്‍പ്പന്‍ ഹെഡറിലൂടെയാണ് താരം അര്‍ജന്റീനയുടെ വലകുലുക്കിയത്.

എന്നാല്‍ ഏഴ് മിനിറ്റുകള്‍ക്ക് ശേഷം മറുപടി ഗോള്‍ നേടാന്‍ അര്‍ജന്റീനക്ക് മികച്ച അവസരം ലഭിച്ചു. എന്നാല്‍ ക്യാപ്റ്റന്‍ ലയണല്‍ മെസി അര്‍ജന്റീനക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി മെസി നഷ്ടമാക്കി. ഈജിപ്ത് ഗോള്‍കീപ്പര്‍ ഷൗബര്‍ മെസിയെടുത്ത കിക്ക് അനായാസമായി തട്ടിയകറ്റുകയായിരുന്നു. ഒടുവില്‍ ആദ്യ പകുതി ഈജിപ്ത് 1-0ത്തിന് കൈപ്പിടിയിലാക്കി.

രണ്ടാം പകുതിയില്‍ 67ാം മിനിറ്റില്‍ മുസ്തഫ സീക്കോയുടെ ഗോളിലൂടെ ഈജിപ്ത് വീണ്ടും ലീഡ് നേടി. ഒരു തകര്‍പ്പന്‍ കൗണ്ടര്‍ അറ്റാക്കിലൂടെ മുന്നേറിയ ഈജിപ്ത് താരങ്ങള്‍ അര്‍ജന്റൈന്‍ പ്രതിരോധത്തെ പൊളിച്ചുകൊണ്ടാണ് മുസ്തഫ സീക്കോ രണ്ടാം ഗോള്‍ സ്വന്തമാക്കിയത്.

മത്സരത്തിന്റെ 79ാം മിനിറ്റില്‍ ക്രിസ്ത്യന്‍ റൊമേറോയുടെ ഗോളിലൂടെ അര്‍ജന്റീന ഒരു ഗോള്‍ തിരിച്ചടിച്ചു. ഹെഡ്ഡര്‍ ഗോളിലൂടെയായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. ഈ ഗോളിന്റെ ആവേശം കെട്ടടങ്ങും മുമ്പ് തന്നെ മെസിയുടെ ഗോളിലൂടെ അര്‍ജന്റീന ഒപ്പം പിടിച്ചു.

ഒടുവില്‍ ഇഞ്ചുറി ടൈമില്‍ എന്‍സോ ഫെര്‍ണാണ്ടസ് അര്‍ജന്റീനക്ക് വേണ്ടി വിജയഗോള്‍ നേടുകയായിരുന്നു. ഒരു തകര്‍പ്പന്‍ ഹെഡറിലൂടെയാണ് എന്‍സോ ലക്ഷ്യം കണ്ടത്. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ അര്‍ജന്റീന ആവേശ വിജയം കൈപ്പിടിയിലാക്കുകയായിരുന്നു.

അതേസമയം ലോകകപ്പ് നിലനിര്‍ത്തുകയെന്ന സ്വപ്നവുമായി ഫൈനലിലിറങ്ങിയ അര്‍ജന്റീന സ്‌പെയ്‌നിന് മുന്നില്‍ കാലിടറുകയായിരുന്നു. ന്യൂയോര്‍ക്ക് ന്യൂ ജേഴ്‌സി സ്റ്റേഡിയത്തില്‍ നടന്ന കലാശ പോരാട്ടത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് സ്പാനിഷ് പട ചരിത്രത്തിലെ തങ്ങളുടെ രണ്ടാം ലോക കിരീടം ചൂടിയത്. 2010ലായിരുന്നു സ്പെയ്നിന്റെ ആദ്യ കിരീട നേട്ടം.

മത്സരത്തിന്റെ എക്‌സ്ട്രാ ടൈമിലായിരുന്നു സ്‌പെയ്‌നിന്റെഗോള്‍ പിറന്നത്. ഫെറാന്‍ ടോറസിന്റെ തകര്‍പ്പന്‍ ഗോളിലൂടെയായിരുന്നു സ്പാനിഷ് പട കിരീടം കൈപ്പിടിലാക്കിയത്. അര്‍ജന്റീനയുടെ പോസ്റ്റില്‍ നിന്നും നിക്കോ വില്യംസ് നല്‍കിയ ഒരു തകര്‍പ്പന്‍ ഹെഡര്‍ പാസില്‍ നിന്നും ടോറസ് ലക്ഷ്യം കാണുകയായിരുന്നു.

Content Highlight: Argentina vs Egypt match voted best match of 2026 FIFA World Cup

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more