ഇന്റര്‍നാഷണല്‍ ഫുട്ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ഇതിഹാസ താരം ലയണല്‍ മെസിക്ക് ആദരവുമായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍. മെസിയുടെ ഐതിഹാസിക ജേഴ്‌സി നമ്പറായ ’10’ പിന്‍വലിക്കാന്‍ തീരുമാനിച്ചെന്ന് എ.എഫ്.എ വ്യക്തമാക്കി. മെസിയോടുള്ള ആദരസൂചകമായാണ് ഈ തീരുമാനമെടുത്തതെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപിയ വ്യക്തമാക്കി.
അര്‍ജന്റീനയുടെ ഈ ചരിത്ര തീരുമാനം പ്രാബല്യമാവണമെങ്കില്‍ ഫിഫയുടെ അനുമതി ലഭിക്കേണ്ടതുണ്ട്. ഫിഫയുടെ ടൂര്‍ണമെന്റ് നിയമങ്ങള്‍ പ്രകാരം ഒന്ന് മുതല്‍ 26 വരെയുള്ള നമ്പറുകള്‍ ടീമുകള്‍ നിര്‍ബന്ധമായും ഉപയോഗിക്കണം.
ഇതിന് മുമ്പ് ഇതിഹാസ താരം ഡീഗോ മറഡോണയോടുള്ള ആദരസൂചകമായി ജേഴ്‌സി നമ്പര്‍ പിന്‍വലിക്കാന്‍ അര്‍ജന്റീന ശ്രമിച്ചിരുന്നുവെങ്കിലും ഫിഫ അനുവാദം നല്‍കാതെ പോവുകയായിരുന്നു. ഇപ്പോള്‍ മെസിയുടെ കാര്യത്തില്‍ ഫിഫയുടെ നിലപാട് എന്താകുമെന്ന് കണ്ടുതന്നെ അറിയണം.
കഴിഞ്ഞ ദിവസമായിരുന്നു ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ട് മെസി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ കുറിപ്പ് പങ്കുവെച്ചാണ് മെസി വിരമിക്കല്‍ പ്രഖ്യാപിച്ചത്.
അര്‍ജന്റീനക്കായി ഐതിഹാസിക സംഭാവനകള്‍ നല്‍കിയാണ് മെസി കളം വിട്ടത്. അര്‍ജന്റീനയ്ക്കായി 207 മത്സരങ്ങളില്‍ നിന്നും 125 ഗോളുകളാണ് മെസി അടിച്ചുകൂട്ടിയത്. ലോകകപ്പില്‍ തുടര്‍ച്ചയായി അര്‍ജന്റീനയെ ഫൈനലില്‍ എത്തിക്കാന്‍ മെസിക്ക് സാധിച്ചിരുന്നു.
2026 ലോകകപ്പിലും മെസിയുടെ പോരാട്ടവീര്യങ്ങള്‍ക്ക് ഫുട്ബോള്‍ ലോകം സാക്ഷിയായി. ഫൈനലില്‍ സ്പെയ്നിന് മുന്നില്‍ പരാജയപ്പെട്ടെങ്കിലും ലോകകപ്പില്‍ പല റെക്കോഡുകളും തിരുത്തിയാണ് മെസി മടങ്ങിയത്.
ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരമായും ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായും മെസി ചരിത്രത്തില്‍ ഇടം പിടിച്ചു. 21 ഗോളുകളാണ് ആറ് ലോകകപ്പുകളില്‍ നിന്നും മെസി അടിച്ചുകൂട്ടിയത്. 2026 ലോകകപ്പില്‍ എട്ട് ഗോളുകളും നാല് അസിസ്റ്റുകളുമായിരുന്നു മെസി നേടിയത്.
ഇന്റര്‍നാഷണല്‍ ഫുട്ബോളില്‍ നിന്നും പടിയിറങ്ങിയെങ്കിലും താരം ക്ലബ്ബ് ഫുട്ബോളില്‍ തുടരും. നിലവില്‍ ഇന്റര്‍ മയാമിക്ക് വേണ്ടി മിന്നും ഫോമിലാണ് മെസി കളിച്ചുകൊണ്ടിരിക്കുന്നത്.
Content Highlight: Argentina to retire Lionel Messi’s iconic jersey number ’10’