| Saturday, 8th August 2026, 4:36 pm

ശരിയെന്ന് തോന്നുന്ന തീരുമാനം അദ്ദേഹം എടുക്കും; മെസിയുടെ വിരമിക്കലിനെക്കുറിച്ച് അര്‍ജന്റീന

ശ്രീരാഗ് പാറക്കല്‍

അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസിയുടെ വിരമിക്കലിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് അര്‍ജന്റൈന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപിയ. മെസിയുടെ മേല്‍ അസോസിയേഷന്‍ യാതൊരുവിധ സമ്മര്‍ദവും ചെലുത്തില്ലെന്നും, വിരമിക്കല്‍ സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് മെസി മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഇത് പൂര്‍ണമായും അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണ്. അദ്ദേഹത്തെ വിശ്രമിക്കാന്‍ അനുവദിക്കണം. അദ്ദേഹത്തെ ഫുട്‌ബോള്‍ കളിക്കുന്നത് ആസ്വദിക്കാന്‍ അനുവദിക്കണം, അതിനുശേഷം ശരിയെന്ന് തോന്നുന്ന തീരുമാനം അദ്ദേഹം എടുക്കും.

മറ്റ് ടൂര്‍ണമെന്റുകളിലേത് പോലെ ഈ ലോകകപ്പിലും അര്‍ജന്റീനയുടെ പതാകവാഹകന്‍ അദ്ദേഹം തന്നെയായിരുന്നു. ലോകകപ്പില്‍ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണ് നമ്മള്‍ ഇപ്പോള്‍ കണ്ടത്. അദ്ദേഹത്തെ സ്വസ്ഥമായി തീരുമാനമെടുക്കാന്‍ നാം അനുവദിക്കണം,’ അര്‍ജന്റീനിയന്‍ മാധ്യമമായ ടി.വൈ.സി സ്‌പോര്‍ട്‌സിനോട് ടാപിയ പറഞ്ഞു.

മെസിയുടെ ഭാവിയെക്കുറിച്ച് സംസാരിക്കുന്നതിനൊപ്പം തന്നെ പരിശീലകന്‍ ലയണല്‍ സ്‌കലോണിയുടെ കരാര്‍ പുതുക്കുന്ന കാര്യത്തിലും ടാപിയ നിലപാട് വ്യക്തമാക്കി. എ.എഫ്.എയുടെ ആദ്യത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും ചോയ്സ് സ്‌കലോണി തന്നെയാണെന്നും, അദ്ദേഹം ടീമിനൊപ്പം തുടരണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും ടാപിയ കൂട്ടിച്ചേര്‍ത്തു.

അതേസമയം മെസി തന്റെ 39ാം വയസിലും പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമാണ് കാഴ്ചവെക്കുന്നത്. 2026 ലോകകപ്പില്‍ മിന്നും പ്രകടനമായിരുന്നു അര്‍ജന്റീനക്കായി മെസി നടത്തിയത്. എട്ട് ഗോളുകളും നാല് അസിസ്റ്റുകളും നേടിയാണ് മെസി ഈ ലോകകപ്പ് അവസാനിപ്പിച്ചത്. ലോകകപ്പ് ചരിത്രത്തില്‍ 21 ഗോളുകളാണ് മെസി നേടിയത്.

2026 ഫിഫ ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് നേടുകയെന്ന മെസിയുടെയും അര്‍ജന്റീനയും സ്വപ്നം ഫൈനലില്‍ അവസാനിക്കുകയായിരുന്നു. കലാശപോരാട്ടത്തില്‍ സ്‌പെയ്നിനോട് പരാജയപ്പെട്ടതാണ് അര്‍ജന്റീനക്ക് കിരീടം നഷ്ടമായത്.

Content Highlight: Argentina Talking About Lionel Messi’s Retirement

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more