| Saturday, 11th October 2025, 8:59 am

രണ്ട് സൂപ്പര്‍ താരങ്ങളില്ലാതെ അര്‍ജന്റീനയുടെ കേരള സന്ദര്‍ശനം; സ്‌ക്വാഡ് പ്രഖ്യാപിച്ചു

സ്പോര്‍ട്സ് ഡെസ്‌ക്

നവംബറില്‍ കേരളത്തിലെത്തുന്ന അര്‍ജന്റൈന്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചു. സൂപ്പര്‍ താരങ്ങളായ ആന്‍ഹല്‍ ഡി മരിയയും എന്‍സോ ഫെര്‍ണാണ്ടസും ഒഴികെ 2022 ഖത്തര്‍ ലോകകപ്പില്‍ അല്‍ബിസെലസ്റ്റ്‌സിനെ കിരീടത്തിലേക്ക് നയിച്ച എല്ലാവരും കേരളത്തിലെത്തുന്ന സ്‌ക്വാഡിലുണ്ടാകുമെന്ന് പരിപാടിയുടെ പ്രധാന സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ടി.വി വ്യക്തമാക്കി.

കേരളത്തിലെത്തുന്ന അര്‍ജന്റീന സ്‌ക്വാഡ്

ലയണല്‍ മെസി, എമിലിയാനോ മാര്‍ട്ടീനസ്, അലക്സിസ് മാക് അലിസ്റ്റര്‍, റോഡ്രിഗോ ഡി പോള്‍, നിക്കോളസ് ഒട്ടമെന്‍ഡി. ജൂലിയന്‍ അല്‍വാരസ്, ലൗട്ടാരോ മാര്‍ട്ടിനസ്, ഗോണ്‍സാലോ മോന്‍ടിയല്‍, നിക്കോളസ് ടഗ്ലിയാഫിക്കോ, ജുവാന്‍ ഫോയ്ത്ത്, മാര്‍കസ് അക്യൂന, എസക്വല്‍ പാലസിയോസ്, ജിയോവാനി ലൊ സെല്‍സോ, ലിയാന്‍ട്രോ പരെഡെസ്, നിക്കോ ഗോണ്‍സാലസ്, തിയാഗോ അല്‍മാഡ, ക്രിസ്റ്റ്യന്‍ റൊമേറോ, നഖ്‌വല്‍ മൊളീന.

പരിശീലകന്‍: ലയണല്‍ സ്‌കലോണി.

ഓസ്‌ട്രേലിയയാണ് ഈ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് എതിരാളികളായി എത്തുക.

കഴിഞ്ഞ ലോകകപ്പില്‍ ഇരുവരുമേറ്റുമുട്ടിയപ്പോള്‍ മെസിയും സംഘവും ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിജയം സ്വന്തമാക്കിയിരുന്നു. അര്‍ജന്റീനയ്ക്കായി മെസിയും ജൂലിയന്‍ അല്‍വാരസും വലകുലുക്കിയപ്പോള്‍ എന്‍സോ ഫെര്‍ണാണ്ടസിന്റെ സെല്‍ഫ് ഗോളാണ് ഓസ്‌ട്രേലിയയുടെ അക്കൗണ്ടിലെത്തിയത്.

മത്സരം നടക്കുന്ന കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും റിപ്പോര്‍ട്ടര്‍ ടി.വി അറിയിച്ചിരുന്നു. ഇതിനായി 70 കോടി രൂപ ചെലവിടുമെന്നും യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

50,000 കാണികള്‍ക്ക് മത്സരം കാണാനാകുന്ന തരത്തിലാണ് സ്റ്റേഡിയത്തില്‍ സജ്ജീകരണങ്ങള്‍ ഒരുക്കുന്നത്. വി.വി.ഐ.പി ഗ്യാലറികളും വി.വി.ഐ.പി പവലിയനും ഒരുക്കുമെന്നും റിപ്പോര്‍ട്ടര്‍ ടി.വി വ്യക്തമാക്കി.

Content Highlight: Argentina squad for Kerala tour

We use cookies to give you the best possible experience. Learn more