| Saturday, 4th July 2026, 10:45 am

ലോകത്തിലെ ആദ്യ രാജ്യം; ഒരു ടീമിനുമില്ലാത്ത റെക്കോഡ് തൂക്കി മെസിപ്പട

സുദേവ് എ

2026 ഫിഫ ലോകകപ്പില്‍ കേപ്പ് വെര്‍ദെയെ വീഴ്ത്തി അര്‍ജന്റീന പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നിരിക്കുകയാണ്. മയാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്മാരുടെ വിജയം. ആഫ്രിക്കന്‍ കുഞ്ഞന്‍ ടീമിന്റെ പോരാട്ടവീര്യത്തില്‍ വിറച്ചെങ്കിലും അര്‍ജന്റീന ജയിച്ചു കയറുകയായിരുന്നു.

മത്സരത്തില്‍ ആദ്യ വിസില്‍ മുഴങ്ങിയത് മുതല്‍ മുന്നേറ്റങ്ങളുമായി അര്‍ജന്റീന കുതിച്ചപ്പോള്‍ കേപ്പ് വെര്‍ദെയും ഒപ്പത്തിനൊപ്പം നിന്നു. എന്നാല്‍ ഏറെ വൈകാതെ അര്‍ജന്റീന ലീഡ് എടുത്തു. 29ാം മിനിട്ടില്‍ നായകന്‍ ലയണല്‍ മെസിയാണ് ടീനായി ആദ്യ ഗോള്‍ നേടിയത്. ആദ്യ പകുതി ഈ സ്‌കോറോടെ അവസാനിക്കുകയും ചെയ്തു.

വീണ്ടുമൊരു നോക്ക് ഔട്ട് മത്സരത്തില്‍ ആദ്യ പകുതിയില്‍ ലീഡ് നേടിയതോടെ ലോകകപ്പില്‍ ഒരു ടീമിനും സ്വന്തമാക്കാനാവാത്ത ചരിത്രനേട്ടമാണ് അര്‍ജന്റീന സ്വന്തമാക്കിയത്. ലോകകപ്പ് ചരിത്രത്തില്‍ തുടര്‍ച്ചയായി അഞ്ച് നോക്കൗട്ട് മത്സരങ്ങളില്‍ ആദ്യ പകുതിയില്‍ ലീഡ് നേടുന്ന ആദ്യ ടീമായാണ് അര്‍ജന്റീന മാറിയത്.

2022 ഖത്തര്‍ ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ ഓസ്ട്രേലിയക്കെതിരെ തുടങ്ങിയ അര്‍ജന്റീനയുടെ ആദ്യ പകുതിയിലെ ഗോള്‍ വേട്ട ഇന്ന് കേപ് വെര്‍ദെക്കെതിരെയാണ് എത്തിനില്‍ക്കുന്നത്. 2022 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യക്കെതിരെയും സെമി ഫൈനലില്‍ നെതര്‍ലാന്‍ഡ്‌സിനെതിരെയും അര്‍ജന്റീന ആദ്യ പകുതിയില്‍ ലക്ഷ്യം കണ്ടു. പിന്നീട് ഫൈനലില്‍ ഫ്രാന്‍സിനെതിരെയും ടീം ഗോള്‍ നേട്ടം ആവര്‍ത്തിച്ചു.

അതേസമയം മത്സരത്തില്‍ അര്‍ജന്റീനക്കെതിരെ രണ്ടാം പകുതിയില്‍ കേപ്പ് വെര്‍ദെ സമനില പിടിച്ചു. 59ാം മിനിട്ടില്‍ ഡെറോയ് ഡുവര്‍ട്ടെയാണ് ബ്ലൂ ഷാര്‍ക്കിനെ അര്‍ജന്റീനക്കൊപ്പം എത്തിച്ചത്. ഒടുവില്‍ നിശ്ചിത സമയം പിന്നിട്ടപ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതംനേടി തുല്യത പാലിച്ചതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങി.

എക്സ്ട്രാ ടൈമില്‍ രണ്ടാം മിനിട്ടില്‍ തന്നെ അര്‍ജന്റീന വീണ്ടും മുന്നിലെത്തി. ലിസാന്‍ഡ്രോ മാര്‍ട്ടിനസാണ് അര്‍ജന്റീന മുന്നിലെത്തിച്ചത്. എന്നാല്‍ 103ാം മിനിട്ടില്‍ സിഡ്നി ലോപ്സ് കാബ്രലാണ് കേപ്പ് വെര്‍ദെക്കായി ഗോള്‍ നേടിയത്.

എന്നാല്‍ 111ാം മിനിട്ടില്‍ ഡിനെയുടെ ഓണ്‍ ഗോളിലൂടെ കേപ്പ് വെര്‍ദെക്കെതിരെ അര്‍ജന്റീന മുന്നിലെത്തി. ശേഷിക്കുന്ന സമയത്തും ഇരുടീമുകളും ആക്രമണങ്ങളുമായി ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തി. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ അര്‍ജന്റീന വിജയം പിടിച്ചെടുത്തു.

Content Highlight: Argentina set a historical record in world cup

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more