| Tuesday, 10th November 2026, 10:40 am

മറ്റൊരു രാജ്യത്തിനായി ലോകകപ്പ് കളിക്കും; പ്രഖ്യാപനവുമായി അർജന്റൈൻ താരം

സ്പോര്‍ട്സ് ഡെസ്‌ക്

അർജന്റൈൻ യുവതാരം സ്റ്റീഫൻ ‘കീക്കി’ റാമോസ് അന്താരാഷ്ട്ര ഫുട്ബോളിൽ ഹെയ്തിയെ പ്രതിനിധീകരിക്കും. ഈ വർഷം ഖത്തറിൽ നടക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പിൽ താരം ഹെയ്തിക്ക് വേണ്ടി ബൂട്ട് കെട്ടും. അർജന്റീനക്ക് പകരം കീക്കി റാമോസ് ഹെയ്തിക്കായി കളിക്കുമെന്ന് ഹെയ്തി ഫുട്ബോൾ അസോസിയേഷൻ സ്ഥിരീകരിക്കുകയും ചെയ്തു.

2009ൽ ഹെയ്തിയിൽ ജനിച്ച റാമോസ് 2010ലുണ്ടായ ഹെയ്തി ഭൂകമ്പത്തെ അതിജീവിച്ചതിന് ശേഷം അർജന്റീനയിലെ ഒരു കുടുംബം റാമോസിനെ ദത്തെടുക്കുകയായിരുന്നു. ഇതോടെയാണ് താരം അർജന്റീനയിലേക്ക് കുടിയേറിയത്. ബ്യൂണസ് ഐറിസിൽ വളർന്ന റാമോസ് നിലവിൽ അർജന്റീന ക്ലബ്ബായ വെലെസ് സാർസ്ഫീൽഡിന്റെ താരമാണ്. 2026ൽ ക്ലബ്ബിന്റെ യൂത്ത് ടീമിന് വേണ്ടി 12 ഗോളുകൾ നേടി മിന്നും ഫോമിലാണ് താരം.

റാമോസ് അർജന്റീന അണ്ടർ 17 ടീമിന് വേണ്ടി സൗഹൃദ മത്സരത്തിൽ കളത്തിലിറങ്ങിയിട്ടുണ്ട്. ഇക്വഡോറിനെതിരെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. ആദ്യ മത്സരത്തിൽ അർജന്റീന 2-1ന് വിജയിച്ചപ്പോൾ ഇക്വഡോറിനെതിരെയുള്ള രണ്ടാം മത്സരത്തിൽ ഗോൾ നേടി ശ്രദ്ധ നേടാനും റാമോസിന് സാധിച്ചിരുന്നു. അർജന്റീനക്ക് വേണ്ടി കളത്തിലിറങ്ങുന്ന ആദ്യ ഹെയ്തി വംശജനെന്ന ചരിത്ര നേട്ടവും കീക്കി സ്വന്തമാക്കിയിരുന്നു.

എന്നാൽ സീനിയർ തലത്തിൽ തന്റെ ജന്മനാടായ ഹെയ്തിക്ക് കളിക്കാനാണ് താരം തീരുമാനിച്ചിരിക്കുന്നത്. നവംബർ 19 മുതൽ ഡിസംബർ 13 വരെയാണ് അണ്ടർ 17 ലോകകപ്പ് നടക്കുന്നത്. ഗ്രൂപ്പ് ഡി-യിലാണ് ഹെയ്തി ഇടം നേടിയിരിക്കുന്നത്. ഫ്രാൻസ്,സൗദി അറേബ്യ, ഉറുഗ്വേ എന്നീ ടീമുകളാണ് ഹെയ്തിക്കൊപ്പമുള്ളത്.

Content Highlight: Argentina player Stephan ‘Kiki’ Ramos to represent Haiti in international football

Latest Stories

We use cookies to give you the best possible experience. Learn more