അര്‍ജന്റൈന്‍ ഡിഫന്‍ഡര്‍ നിക്കോളാസ് ഒട്ടമെന്‍ഡി ഇന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. നീണ്ട 17 വര്‍ഷത്തോളം അര്‍ജന്റീനയുടെ പ്രതിരോധ നിരയിലെ നിറസാന്നിധ്യമായിരുന്നു ഒട്ടമെന്‍ഡി.
2026 ഫിഫ ലോകകപ്പിലെ ഫൈനലിലെ അര്‍ജന്റീനയുടെ തോല്‍വിക്ക് പിന്നാലെയാണ് ഒട്ടമെന്‍ഡിയുടെ പടിയിറക്കം. കലാശപ്പോരാട്ടത്തില്‍ സ്‌പെയ്‌നിനെതിരെയായിരുന്നു താരത്തിന്റെ അവസാന മത്സരം.
തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ഒട്ടമെന്‍ഡി വിരമിക്കല്‍ പ്രഖ്യാപനം ഫുട്‌ബോള്‍ ലോകത്തെ അറിയിച്ചത്. വിധി നിശ്ചിയിച്ചത് പോലെ തന്റെ അവസാന മത്സരം ലോകകപ്പായിരുന്നുവെന്നും എന്നാല്‍ തങ്ങള്‍ ആഗ്രഹിച്ച റിസള്‍ട്ട് അല്ല ഫൈനലില്‍ ലഭിച്ചതെന്നുമാണ് ഒട്ടമെന്‍ഡി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഒരു ലോക ചാമ്പ്യനാവുകയെന്ന സ്വപ്നം സാക്ഷാത്കരിച്ചു നല്‍കിയതിന് താരം അര്‍ജന്റീനക്ക് നന്ദി പറയുകയും ചെയ്തു.
2009ലാണ് ഒട്ടമെന്‍ഡി അര്‍ജന്റീനക്കായി അരങ്ങേറ്റം കുറിക്കുന്നത്. അര്‍ജന്റീനക്കായി 139 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ താരം നാല് ലോകകപ്പുകളില്‍ അര്‍ജന്റീനയുടെ പ്രതിരോധം കാത്തു. 2010, 2018, 2022, 2026 എന്നീ വര്‍ഷങ്ങളില്‍ നടന്ന ലോകകപ്പുകളിലാണ് താരം അര്‍ജന്റൈന്‍ ടീമിനൊപ്പം ലോകകപ്പില്‍ കളത്തിലിറങ്ങിയത്.
2022 ഖത്തര്‍ ലോകകപ്പ് അര്‍ജന്റീനക്കൊപ്പം നേടാന്‍ ഒട്ടമെന്‍ഡിക്ക് സാധിച്ചിട്ടുണ്ട്. ഇതിന് പുറമെ 2021, 2024 കോപ്പ അമേരിക്ക വിജയങ്ങളിലും താരം പങ്കാളിയായി. രാജ്യാന്തര ഫുട്‌ബോളില്‍ നിന്നും വിരമിച്ചെങ്കിലും ഒട്ടമെന്‍ഡി ക്ലബ്ബ് ഫുട്‌ബോളില്‍ തുടരും. നിലവില്‍ റിവര്‍ പ്ലേറ്റിന്റെ താരമാണ് ഒട്ടമെന്‍ഡി.
അതേസമയം ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീന എതിരില്ലാത്ത ഒരു ഗോളിനാണ് സ്പാനിഷ് പടയോട് പരാജയപ്പെട്ടത്. ന്യൂയോര്‍ക്ക് ന്യൂ ജേഴ്സി സ്റ്റേഡിയത്തില്‍ നടന്ന കലാശ പോരാട്ടത്തില്‍ കിരീടം നിലനിര്‍ത്തുകയെന്ന സ്വപ്നവുമായെത്തിയ അര്‍ജന്റീനക്ക് പിഴക്കുകയായിരുന്നു.
മത്സരത്തിന്റെ എക്‌സ്ട്രാ ടൈമിലായിരുന്നു സ്‌പെയ്‌നിന്റെ ഗോള്‍ പിറന്നത്. ഫെറാന്‍ ടോറസിന്റെ തകര്‍പ്പന്‍ ഗോളിലൂടെയായിരുന്നു സ്പാനിഷ് പട കിരീടം കൈപ്പിടിലാക്കിയത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ അര്‍ജന്റീനയുടെ സൂപ്പര്‍താരം എന്‍സോ ഫെര്‍ണാണ്ടസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതും ടീമിന് തിരിച്ചടിയായി.
മത്സരത്തില്‍ 90 മിനിട്ടില്‍ അര്‍ജന്റീനക്ക് ഒറ്റ ഷോട്ട് പോലും സ്‌പെയ്‌നിന്റെ പോസ്റ്റിലേക്ക് ഉതിര്‍ക്കാന്‍ സാധിച്ചില്ല. ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിന്റെ ഒറ്റയാള്‍ പോരാട്ടം മാത്രമാണ് ഈ മത്സരത്തില്‍ അര്‍ജന്റീനക്ക് എടുത്തു പറയാനുള്ളത്. സ്‌പെയ്‌നിന്റെ മികച്ച നീക്കങ്ങളെ തകര്‍പ്പന്‍ സേവുകളിലൂടെ തടഞ്ഞുനിര്‍ത്തിയെങ്കിലും ടോറസിന് മുന്നില്‍ മാര്‍ട്ടിനസ് കീഴടങ്ങുകയായിരുന്നു.
Content Highlight: Argentina Player Nicolas Otamendi retired from international football