| Sunday, 19th July 2026, 10:05 am

സ്‌പെയ്‌നിനെ തകര്‍ത്താല്‍ ബ്രസീല്‍ വീഴും; പുതിയ ചരിത്രത്തിനരികെ അര്‍ജന്റീന

സുദേവ് എ

2026 ലോകകപ്പ് ഫൈനല്‍ പോരാട്ടത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയും സ്പെയ്നുമാണ് നേര്‍ക്കുനേര്‍ എത്തുന്നത്. അര്‍ജന്റൈന്‍ നായകന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയും സ്പാനിഷ് യുവതാരം ലാമിന്‍ യമാലും നേര്‍ക്കുനേര്‍ എത്തുന്നു എന്ന പ്രത്യേകതയും മത്സരത്തിനുണ്ട്. തീ പാറുന്ന പോരാട്ടമായിരിക്കും ഫുട്‌ബോള്‍ ലോകത്തെ കാത്തിരിക്കുന്നതെന്നാണ് പല ഫുട്‌ബോള്‍ അനലിസ്റ്റുകളും അഭിപ്രായപ്പെടുന്നത്.

ജൂലൈ 20നാണ് 2026ലെ ഫിഫ മാമാങ്കത്തിന്റെ കലാശക്കൊട്ട്. ന്യൂയോര്‍ക്ക് ന്യൂ ജേഴ്‌സി സ്റ്റേഡിയത്തിലാണ് ഇരുവരും ഏറ്റുമുട്ടുക. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ പോരാട്ടത്തിന് യോഗ്യത നേടിയത്.

അതേസമയം സ്‌പെയ്ന്‍ സെമി ഫൈനലില്‍ ഫ്രാന്‍സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് അവസാന അങ്കത്തിന് യോഗ്യത നേടിയത്. നീണ്ട 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്‌പെയ്ന്‍ ലോകകപ്പ് ഫൈനല്‍ കളിക്കാനൊരുങ്ങുന്നത്. ചരിത്രത്തിലെ രണ്ടാം കിരീടത്തിലായിരിക്കും സ്‌പെയ്ന്‍ കണ്ണുവെക്കുക.

ഫൈനലില്‍ സ്‌പെയ്‌നിനെ കീഴടക്കിയാല്‍ കിരീടത്തിനൊപ്പം ഒരു ചരിത്ര നേട്ടമാണ് അര്‍ജന്റീനയെ കാത്തിരിക്കുന്നത്. ഒരു ലോകകപ്പ് എഡിഷനില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ വിജയിക്കുന്ന ടീമെന്ന നേട്ടമാണ് അര്‍ജന്റീനക്ക് മുന്നിലുള്ളത്. ഈ ലോകകപ്പില്‍ ഏഴ് മത്സരങ്ങളിലാണ് ലയണല്‍ മെസിയും സംഘവും അപരാജിതമായി മുന്നേറുന്നത്.

ഈ റെക്കോഡില്‍ നിലവില്‍ ബ്രസീലിന്റെ റെക്കോഡിനൊപ്പമാണ് അര്‍ജന്റീന. 2002 ലോകകപ്പിലാണ് ബ്രസീല്‍ ഏഴ് മത്സരങ്ങള്‍ വിജയിച്ചത്. ഫൈനല്‍ മത്സരത്തില്‍ സ്‌പെയ്‌നെ വീഴ്ത്തി കിരീടം ചൂടിയാല്‍ ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ വിജയിക്കുന്ന ടീമെന്ന നേട്ടത്തില്‍ അര്‍ജന്റീനക്ക് ഒറ്റയ്ക്ക് തുടരാന്‍ സാധിക്കും.

അതേസമയം ഇന്നത്തെ മത്സരത്തില്‍ എല്ലാ കണ്ണുകളും അര്‍ജന്റൈന്‍ നായകന്‍ മെസിയിലായിരിക്കും. ഈ ലോകകപ്പില്‍ മിന്നും ഫോമിലാണ് മെസി കളിച്ചുകൊണ്ടിരിക്കുന്നത്. എട്ട് ഗോളുകളും നാല് അസിസ്റ്റുകളും നേടിയാണ് മെസി കുതിക്കുന്നത്. ലോകകപ്പ് ചരിത്രത്തില്‍ 21 ഗോളുകളുമായാണ് മെസി മുന്നേറുന്നത്. സെമിയില്‍ ഇംഗ്ലണ്ടിനെതിരെ രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കാനും മെസിക്ക് സാധിച്ചിരുന്നു.

Content Highlight: Argentina need one win to break brazil record in worldcup

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more