| Tuesday, 10th November 2026, 1:09 pm

ബാലൺ ഡി ഓർ ജേതാവ് പുറത്ത്, ചരിത്രം കുറിച്ച് മെസി; വേൾഡ് ഇലവൻ ഫുൾ ലിസ്റ്റ്

സ്പോര്‍ട്സ് ഡെസ്‌ക്

2026 ഫിഫ്പ്രൊ വേൾഡ് ഇലവനിൽ ഇടം നേടി അർജന്റൈൻ ഇതിഹാസം ലയണൽ മെസി. 2026 ലോകകപ്പിൽ അർജന്റീനക്ക് വേണ്ടി നടത്തിയ മിന്നും പ്രകടനങ്ങളാണ് മെസിയെ വീണ്ടും ഈ ലിസ്റ്റിലെത്തിച്ചത്.

ലോകകപ്പിൽ അർജന്റീനക്ക് വേണ്ടി എട്ട് ഗോളുകളും നാല് അസിസ്റ്റുകളുമാണ്‌ മെസി സ്വന്തമാക്കിയത്. അർജന്റീനയെ ഫൈനൽ വരെ എത്തിക്കുന്നതിൽ മെസി വഹിച്ച പങ്ക് വളരെ വലുതായിരുന്നു.

2023ന് ശേഷം ആദ്യമായാണ് മെസി ലോക ഇലവനിൽ ഇടം നേടുന്നത്. 39കാരനായ മെസി ഫിഫ്പ്രൊ വേൾഡ് ഇലവനിൽ ഇടം നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടവും കൈപ്പിടിയിലാക്കി. 18ാം തവണയാണ് മെസി ഈ ലിസ്റ്റിൽ ഇടം പിടിക്കുന്നത്. ലിസ്റ്റിൽ ഇടം നേടിയ താരങ്ങളിൽ നിലവിൽ യൂറോപ്പിന് പുറത്തുള്ള ക്ലബ്ബിനായി കളിക്കുന്ന ഒരേയൊരു താരം മെസി മാത്രമാണ്‌.

മെസിക്കൊപ്പം ടീമിന്റെ മുന്നേറ്റ നിരയിൽ കിലിയൻ എംബാപ്പെ, ലാമിൻ യമാൽ, എർലിങ് ഹാലണ്ട് തുടങ്ങിയ താരങ്ങളും ഇടംപിടിച്ചു.

എന്നാൽ ഈ വർഷത്തെ ബാലൺ ഡി ഓർ ജേതാവായ ഇംഗ്ലണ്ട് താരം ഹാരി കെയ്ന് ലിസ്റ്റിൽ ഇടം നേടാൻ സാധിക്കാതെ പോയി. കഴിഞ്ഞ സീസണിൽ 70ലധികം ഗോളുകൾ അടിച്ചു കൂട്ടുകയും ബയേൺ മ്യൂണിക്കിനെ ലീഗ് കിരീടത്തിലേക്കും ഇംഗ്ലണ്ടിനെ ലോകകപ്പ് സെമിഫൈനലിലേക്കും നയിക്കുന്നതിൽ നിർണായക പങ്കുവെച്ച കെയ്നെ അവഗണിച്ചത് ഫുട്ബോൾ ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.

ലോകകപ്പ് ജേതാക്കളായ സ്പെയ്നിൽ നിന്നും മൂന്ന് താരങ്ങളാണ് ടീമിൽ ഇടം നേടിയത്. സ്പാനിഷ് ക്യാപ്റ്റൻ റോഡ്രി യുവതാരങ്ങളായ പൗ കുബാർസി, യമാൽ എന്നിവരാണ് സ്പാനിഷ് ടീമിലെ സാന്നിധ്യം. നിലവിലെ യൂറോപ്യൻ ചാമ്പ്യന്മാരായ പാരീസ് സെയ്ന്റ് ജെർമെയ്നിൽ നിന്നും അഷ്റഫ് ഹക്കീമി, ന്യൂനോ മെൻഡസ്, വിറ്റിൻഹ എന്നിവരും ഇടം നേടി.

ഗോൾകീപ്പറായി ആഴ്സണലിന്റെ സ്പാനിഷ് താരം ഡേവിഡ് റയയാണ് ടീമിൽ ഇടം പിടിച്ചത്. ലോകകപ്പിൽ സ്പെയ്നിന്റെ ബാക്കപ്പ് കീപ്പറായിരുന്നുവെങ്കിലും ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്‌സണലിനെ കിരീടത്തിലേക്കും ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്കും നയിക്കുന്നതിൽ നിർണായകമായ പ്രകടനം നടത്തിയത് പിന്നാലെയാണ് താരം ലോക ഇലവനിൽ തെരഞ്ഞെടുക്കപ്പെട്ടത്.

2026 ഫിഫ്പ്രൊ വേൾഡ് ഇലവൻ

ഗോൾകീപ്പർ: ഡേവിഡ് റയ

ഡിഫൻഡർമാർ: പൗ കുബാർസി, അഷ്റഫ് ഹക്കീമി, ന്യൂനോ മെൻഡസ്

മിഡ്ഫീൽഡർമാർ: ജൂഡ് ബെല്ലിങ്ഹാം, റോഡ്രി, വിറ്റിൻഹ

ഫോർവേഡുകൾ: ലയണൽ മെസി, എർലിങ് ഹാലണ്ട്, കിലിയൻ എംബാപ്പെ, ലാമിൻ യമാൽ

Content Highlight: Argentina legend Lionel Messi named in 2026 FIFPro World XI

We use cookies to give you the best possible experience. Learn more