| Wednesday, 9th September 2026, 8:35 pm

തൂക്കിയത് നാലാം ക്ലബ്ബ്; റൊണാള്‍ഡോക്ക് പിന്നാലെ മെസിയും സാമ്രാജ്യം പടുത്തുയര്‍ത്തുന്നു

സുദേവ് എ

സ്പാനിഷ് സെക്കന്‍ഡ് ഡിവിഷന്‍ ക്ലബ് സി.ഡി എല്‍ഡന്‍സിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കാനൊരുങ്ങി അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി. സ്പാനിഷ് സെഗുണ്ട ഡിവിഷനിലേക്ക് പ്രൊമോഷന്‍ നേടിയ സി.ഡി എല്‍ഡന്‍സിന്റെ 100 ശതമാനം ഓഹരികളും മെസി സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ സ്‌പെയ്‌നിന്റെ ഹയര്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അനുമതി കൂടി ലഭിച്ചാല്‍ മെസി സ്പാനിഷ് ക്ലബ്ബിന്റെ ഓണറായി മാറും. മാര്‍ക്കയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഈ വര്‍ഷമാദ്യം സ്പാനിഷ് മൂന്നാം ഡിവിഷന്‍ ക്ലബ്ബ് യു.ഇ കോര്‍ണെല്ലയുടെ ഉടമസ്ഥാവകാശവും മെസി സ്വന്തമാക്കിയിരുന്നു. കാറ്റലോണിയയിലുള്ള കായിക പ്രതിഭകളെ വളര്‍ത്തുകയെന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് മെസി സ്പാനിഷ് ക്ലബ്ബിന്റെ ഉടമയായത്. ബാഴ്‌സലോണ, എസ്പാനിയോള്‍ എന്നീ ക്ലബ്ബുകള്‍ കഴിഞ്ഞാല്‍ ഏറ്റവും മികച്ച യൂത്ത് അക്കാദമികളുള്ള ക്ലബ്ബാണ് യു.ഇ കോര്‍ണെല്ല.

ഉറുഗ്വേ ക്ലബ്ബ് ഡീപോര്‍ട്ടീവോ എല്‍.എസ്.എം ക്ലബ്ബിനെയും മെസി സ്വന്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ നിലവില്‍ താരം കളിച്ചുകൊണ്ടിരിക്കുന്ന ഇന്റര്‍ മയാമിയുടെ ഓഹരി പങ്കാളിത്തവും മെസിക്കുണ്ട്.

പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നേരത്തെ സ്പാനിഷ് ക്ലബ്ബിന്റെ ഉടമയായി കഴിഞ്ഞിട്ടുണ്ട്. യു.ഡി അല്‍മേരിയയുടെ 25 ശതമാനം ഉടമസ്ഥാവകാശമായിരുന്നു റൊണാള്‍ഡോ സ്വന്തമാക്കിയിരുന്നത്.

സ്പാനിഷ് രണ്ടാം ഡിവിഷന്‍ ടീമാണ് അല്‍മേരിയ. ഫുട്‌ബോള്‍ ലോകം അടക്കി വാഴുന്ന രണ്ട് ഇതിഹാസ താരങ്ങളും സ്പാനിഷ് ക്ലബ്ബുകളില്‍ വമ്പന്‍ നിക്ഷേപം താഴെത്തട്ടിലുള്ള ക്ലബ്ബുകള്‍ മുന്നോട്ട് ഉയര്‍ന്നു വരുമെന്നുറപ്പാണ്.

അതേസമയം ഫുട്‌ബോള്‍ ലോകം അടക്കി വാഴുന്ന ഇതിഹാസ താരങ്ങളായ റൊണാള്‍ഡോയും മെസിയും തങ്ങളുടെ സുവര്‍ണ കാലഘട്ടം അടയാളപ്പെടുത്തിയത് സ്പാനിഷ് ലീഗിലായിരുന്നു. സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിനൊപ്പമാണ് റൊണാള്‍ഡോ ഐതിഹാസികമായ ഒരു ഫുട്ബോള്‍ കരിയര്‍ കെട്ടിപ്പടുത്തുയര്‍ത്തിയത്.

നീണ്ട ഒമ്പത് റയലിനായി പന്തുതട്ടിയ റൊണാള്‍ഡോ 438 മത്സരങ്ങളില്‍ നിന്നും 450 ഗോളുകളും 131 അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്. ലോസ് ബ്ലാങ്കോസിനൊപ്പം ഒരുപിടി കിരീടനേട്ടങ്ങളില്‍ പങ്കാളിയാവാനും റൊണാള്‍ഡോക്ക് സാധിച്ചിട്ടുണ്ട്.

നാല് യുവേഫ ചാമ്പ്യന്‍സ് ലീഗ്, മൂന്ന് വീതം യുവേഫ സൂപ്പര്‍കപ്പ്, ഫിഫ ക്ലബ്ബ് ലോകകപ്പ്, രണ്ട് വീതം ലാ ലീഗ, കോപ്പ ഡെല്‍റേ, സ്പാനിഷ് സൂപ്പര്‍ കപ്പ് എന്നീ ട്രോഫികളാണ് റൊണാള്‍ഡോ റയലിനൊപ്പം നേടിയത്.

ബാഴ്‌സലോണക്കായി നീണ്ട 17 വര്‍ഷക്കാലത്തെ ഫുട്‌ബോള്‍ യാത്രയാണ് മെസി നടത്തിയത്. ബാഴ്‌സലോണക്കായി 778 മത്സരങ്ങളില്‍ ബൂട്ട്‌കെട്ടിയ മെസി 672 ഗോളുകളാണ് അടിച്ചുകൂട്ടിയത്. കറ്റാലന്‍മാര്‍ക്കൊപ്പം നീണ്ട വര്‍ഷത്തെ ഫുട്‌ബോള്‍ ഒരു പിടി കിരീടനേട്ടങ്ങളിലും പങ്കാളിയാവാന്‍ മെസിക്ക് സാധിച്ചിട്ടുണ്ട്. 10 ലാ ലിഗ, നാല് ചാമ്പ്യന്‍സ് ലീഗ് തുടങ്ങി മറ്റനവധി ട്രോഫികള്‍ മെസി ബാഴ്‌സയില്‍ പന്തുതട്ടി നേടിയിട്ടുണ്ട്.

Content Highlight: Argentina legend Lionel Messi Buy the ownership of Spanish club

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more