ഫിഫ ലോകകപ്പ് ആരംഭിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ അര്‍ജന്റീനക്ക് കനത്ത തിരിച്ചടി. സൂപ്പര്‍ താരങ്ങളുടെ പരിക്കാണ് അര്‍ജന്റീനക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്. ടീമിന്റെ പ്രധാന ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിന്റെ പരിക്കാണ് അര്‍ജന്റീനക്ക് കടുത്ത തലവേദനയാവുന്നത്. ഇംഗ്ലീഷ് പ്രിമീയര്‍ ലീഗ് ക്ലബ്ബായ ആസ്റ്റണ്‍ വില്ലയുടെ താരമായ എമിലിയാനോക്ക് പരിശീലനത്തിനിടയില്‍ ശാരീരിക അസ്വസ്ഥത ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് താരത്തെ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.
ഡിഫന്‍ഡര്‍ റൊമേറോയും പരിക്കിന്റെ പിടിയിലാണ്. ടോട്ടന്‍ഹാം ഹോട്‌സ്പര്‍ താരമായ റൊമേറോ സഹതാരവുമായി കൂട്ടിയിടിച്ചാണ് പരിക്ക് പറ്റിയത്. ഇന്റര്‍ മിലാന്റെ ലൗട്ടാരോ മാര്‍ട്ടീനസും പരിക്കിന്റെ പിടിയിലാണ്. പേശിവലിവാണ് താരത്തിന് തിരിച്ചടിയായത്. ലോകകപ്പ് തുടങ്ങാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ താരങ്ങള്‍ ഫിറ്റ്‌നസ് വീണ്ടെടുക്കുമോയെന്ന് കണ്ടുതന്നെ അറിയണം.
2022ല്‍ ഖത്തറിന്റെ മണ്ണില്‍ നേടിയ ലോക കിരീടം നിലനിര്‍ത്തുകയെന്ന വലിയ ലക്ഷ്യവുമായാണ് ലയണല്‍ മെസിയും സംഘവും 2026 ലോകകപ്പിനൊരുങ്ങുന്നത്. 2026 ലോകകപ്പില്‍ ഗ്രൂപ്പ് ജി.യിലാണ് ലയണല്‍ മെസിയും സംഘവും ഇടം നേടിയിട്ടുള്ളത്. അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാന്‍ എന്നീ ടീമുകളാണ് അര്‍ജന്റീനക്കൊപ്പം ഗ്രൂപ്പിലുള്ളത്. 2026 ലോകകപ്പ് കിരീടം സ്വന്തമാക്കിയാല്‍ ലോകകപ്പിന്റെ ചരിത്രത്തില്‍ കിരീടം നിലനിര്‍ത്തുന്ന മൂന്നാമത്തെ ടീമെന്ന നേട്ടവും അര്‍ജന്റീനക്ക് സ്വന്തമാക്കാന്‍ സാധിക്കും.
അടുത്തിടെ അവസാനിച്ച സൗഹൃദ മത്സരങ്ങളില്‍ മിന്നും വിജയമാണ് അര്‍ജന്റീന സ്വന്തമാക്കിയത്. സാമ്പിയക്കെതിരെ എതിരില്ലാത്ത അഞ്ച് ഗോളുകളുടെ വിജയം കൈവരിച്ച അര്‍ജന്റീന മൗറ്റിറ്റാനിയ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കും പരാജയപ്പെടുത്തി.
അതേസമയം മാര്‍ച്ച് മാസത്തില്‍ നടക്കാനിരുന്ന സ്പെയിനും അര്‍ജന്റീനയും തമ്മില്‍ നടക്കാനിരുന്ന ഫൈനലിസ്മ മത്സരം റദ്ദാക്കിയിരുന്നു. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സംഘര്‍ഷങ്ങള്‍ കാരണമാണ് ഫൈനല്‍സിമ മാറ്റിവെച്ചത്.
ലാമിന്‍ യമാലും മെസിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത് കാണാന്‍ കാത്തിരുന്ന ഫുട്‌ബോള്‍ ലോകത്തിന് കടുത്ത നിരാശയാണ് ഈ വാര്‍ത്തയുണ്ടാക്കിയത്. എങ്കിലും മാസങ്ങള്‍ക്ക് ശേഷം നടക്കുന്ന ലോകകപ്പില്‍ ഗ്ലാമര്‍ പോരാട്ടം ഉണ്ടാവുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
Content Highlight: Argentina Have a big setback ahead 2026 fifa worldcup