| Thursday, 30th July 2026, 11:39 am

അര്‍ജന്റീനക്ക് കനത്ത തിരിച്ചടി; ഫൈനലിലെ കയ്യാങ്കളിക്കും, രാഷ്ട്രീയ ബാനര്‍ ഉയര്‍ത്തിയതിനും ഫിഫയുടെ നടപടി

സുദേവ് എ

2026 ഫിഫ ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന് വീണ്ടും കനത്ത തിരിച്ചടി. ഫൈനലിന് ശേഷം നടന്ന അക്രമണ സംഭവങ്ങള്‍ക്കും സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയുള്ള മത്സര ശേഷം രാഷ്ട്രീയ പ്രാധാന്യമുള്ള ബാനര്‍ ഉയര്‍ത്തിയതിനും അര്‍ജന്റീന ടീമിനെതിരെ ഫിഫ അച്ചടക്ക നടപടിയെടുത്തിയിരിക്കുകയാണ്.

ഫൈനലില്‍ നടത്തിയ ആക്രമണ സംഭവങ്ങള്‍ക്ക് നഹയെല്‍ മൊലീന, ലിയാന്‍ഡ്രോ പരെഡെസ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്കാണ് ഫിഫ കനത്ത അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്.

മത്സരശേഷം സ്പെയ്ന്‍ താരങ്ങളായ ഗാവി, എറിക് ഗാര്‍സിയ എന്നിവരെ ശാരീരികമായി ഉപദ്രവിച്ചതിന് പരേഡാസിനെതിരെ മൂന്ന് കേസുകള്‍ ചുമത്തി. ഫിഫ അച്ചടക്ക നിയമത്തിലെ ആര്‍ട്ടിക്കിള്‍ 14 പ്രകാരമാണ് നടപടി. സ്പാനിഷ് ക്യാപ്റ്റന്‍ റോഡ്രിയെ ആക്രമിച്ചതിന് മൊലീനക്കെതിരെ രണ്ട് കേസുകള്‍ ചുമത്തി.

അര്‍ജന്റീന താരം തിയാഗോ ആല്‍മാഡ, സ്പാനിഷ് താരം ഗാവി എന്നിവര്‍ക്കെതിരെ കളിക്കളത്തില്‍ മര്യാദയില്ലാത്ത പെരുമാറ്റത്തിനും നടപടിയുണ്ട്. അര്‍ജന്റീനയുടെ അസിസ്റ്റന്റ് പരിശീലകന്‍ റോബര്‍ട്ടോ അയാല കയ്യാങ്കളിയില്‍ പങ്കാളിയായതിനും നടപടിയുണ്ട്.

സെമി ഫൈനല്‍ പോരാട്ടത്തിന് ശേഷം ഇംഗ്ലണ്ടുമായി കാലങ്ങളായി നിലനില്‍ക്കുന്ന ഫോക്ക്ലാന്‍ഡ് ദീപുമായി ബന്ധപ്പെട്ട രാഷ്ട്രീയ തര്‍ക്കം ലോകകപ്പ് വേദിയിലേക്ക് കൊണ്ടുവന്ന സംഭവത്തിനും അര്‍ജന്റീന ടീമിനെതിരെ നടപടിയുണ്ടാകും.

മത്സരശേഷം ഗാലറിയില്‍ നിന്നും കൈമാറിയ ബാനര്‍ അര്‍ജന്റൈന്‍ താരങ്ങളായ നിക്കോളാസ് ഒട്ടമെന്‍ഡിയും ജിയോവാനി ലോ സെല്‍സോയും മൈതാനത്ത് പ്രദര്‍ശിപ്പിക്കുകയായിരുന്നു.

ലാസ് മാല്‍വിനാസ് സണ്‍ അര്‍ജന്റീനാസ് എന്ന് സ്പാനിഷില്‍ എഴുതിയ ബാനറാനാണ് അര്‍ജന്റൈന്‍ താരങ്ങള്‍ ഉയര്‍ത്തിയത്. ഫോക്ക്‌ലാന്‍ഡ് ദീപുകള്‍ അര്‍ജന്റീനയുടേതാണ് എന്നാണ് ബാനറിലെ വാചകത്തിന്റെ അര്‍ത്ഥം.

മത്സരത്തിന്റെ ഇടയിലോ മത്സരത്തിന് ശേഷമുള്ള ഒഫീഷ്യല്‍ സമയങ്ങളിലോ രാഷ്ട്രീയ, മതപര, വ്യക്തിപര മുദ്രാവാക്യങ്ങളും ചിഹ്നങ്ങളും ഉപയോഗിക്കുന്നത് ഫിഫയും രാജ്യാന്തര ഫുട്ബോള്‍ അസോസിയേഷനും വിലക്കിയിട്ടുണ്ട്.

ഫിഫയുടെ നിയമപ്രകാരം താരങ്ങളുടെ ജേഴ്സിയിലോ മറ്റുള്ള വസ്തുക്കളിലോ രാഷ്ട്രീയവും മതപരവുമായ മുദ്രാവാക്യങ്ങളോ ചിത്രങ്ങളോ പ്രസ്താവനകളോ ഉണ്ടാവാന്‍ പാടില്ല. ഇതിനെതിരെ ഫിഫ ശക്തമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

അര്‍ജന്റീനയുടെ കിഴക്കന്‍ തീരത്ത് നിന്നും 480 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ദീപ സമൂഹമാണ് ഫോക്ക്‌ലാന്‍ഡ്. ഇപ്പോള്‍ ഈ ദീപ് ബ്രിട്ടണിന്റെ നേതൃത്തിലാണ്. ഈ ദീപുകളുടെ അവകാശത്തെ ചൊല്ലി അര്‍ജന്റീനയും ബ്രിട്ടണും പത്തൊമ്പതാം നൂറ്റാണ്ട് മുതല്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

1982ല്‍ അര്‍ജന്റീനയിലെ സൈനിക ഭരണകൂടം ഫോക്ക്‌ലാന്‍ഡ് പിടിച്ചെടുക്കാന്‍ ശ്രമിച്ചതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മില്‍ ഫോക്ക്‌ലാന്‍ഡ് യുദ്ധം നടന്നിരുന്നു. 74 ദിവസത്തോളം നീണ്ടു നിന്ന യുദ്ധത്തില്‍ അര്‍ജന്റീന പരാജയപ്പെടുകയും 649 അര്‍ജന്റീന സൈനികരും 255 ബ്രിട്ടീഷ് സൈനികരും കൊല്ലപ്പെടുകയും ചെയ്തു. ഈ രാഷ്ട്രീയ തര്‍ക്കത്തിന്റെ സ്വാധീനമാണ് അര്‍ജന്റീന-ഇംഗ്ലണ്ട് മത്സരത്തിലും എത്തിയത്.

ചുമത്തപ്പെട്ട ആരോപണങ്ങളില്‍ വിശദീകരണം നല്‍കാനുള്ള അവസരം താരങ്ങള്‍ക്കും ടീമിനും ഫിഫ നല്‍കിയിട്ടുണ്ട്. വിശദീകരണം ലഭിച്ച ശേഷമാവും ഫിഫയുടെ നടപടികള്‍ അര്‍ജന്റീന നേരിടേണ്ടി വരുക.

Content Highlight: Argentina football team suffers another setback after defeat in 2026 FIFA World Cup

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more