2026 ഫിഫ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന. പ്രീക്വാര്‍ട്ടറില്‍ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കിയാണ് അര്‍ജന്റീന അടുത്ത റൗണ്ടിലേക്ക് കടന്നത്. അറ്റ്‌ലാന്‍ഡ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ട് ഗോളുകള്‍ക്ക് പുറകില്‍ നിന്ന ശേഷമായിരുന്നു അര്‍ജന്റീനയുടെ തിരിച്ചുവരവ്.
മറ്റൊരു ആഫ്രിക്കന്‍ ടീമിനെ കൂടി ഈ ലോകകപ്പില്‍ വീഴ്ത്തിയതോടെ മറ്റൊരു ടീമിനും അവകാശപ്പെടാനാവാത്ത നേട്ടത്തിലേക്കാണ് അര്‍ജന്റീന കാലെടുത്തുവെച്ചത്. ഒരു ലോകകപ്പ് എഡിഷനില്‍ മൂന്ന് ആഫ്രിക്കന്‍ ടീമിനെ പരാജയപ്പെടുത്തുന്ന ആദ്യ ടീമായാണ് അര്‍ജന്റീന മാറിയത്.
ഈ ലോകകപ്പില്‍ അര്‍ജന്റീന പരാജയപ്പെടുത്തിയ ആദ്യ ആഫ്രിക്കന്‍ ടീം അള്‍ജീരിയയാണ്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു മെസിയുടെയും സംഘത്തിന്റെയും വിജയം. മെസിയുടെ ഹാട്രിക് കരുത്തിലായിരുന്നു അര്‍ജന്റീനയുടെ വിജയം.
ടൂര്‍ണമെന്റില്‍ അര്‍ജന്റീന പരാജയപ്പെടുത്തിയ രണ്ടാമത്തെ ആഫ്രിക്കന്‍ ടീം കേപ് വെര്‍ദെയെയാണ്. റൗണ്ട് ഓഫ് 32ലായിരുന്നു നിലവിലെ ചാമ്പ്യന്മാരുടെ വിജയം. കേപ് വെര്‍ദെയെ 3-2നായിരുന്നു അര്‍ജന്റീന പരാജയപ്പെടുത്തിയത്.
ആഫ്രിക്കന്‍ കുഞ്ഞന്‍ ടീമിന്റെ പോരാട്ടവീര്യത്തില്‍ വിറച്ചെങ്കിലും അര്‍ജന്റീന ജയിച്ചു കയറുകയായിരുന്നു. ഇപ്പോള്‍ ഈജിപ്തിയെയും വീഴ്ത്തിയതോടെ അര്‍ജന്റീന ലോകകപ്പില്‍ പുതിയ റെക്കോഡും സൃഷ്ടിച്ചിരിക്കുകയാണ്.
അതേസമയം മത്സരത്തില്‍ 13ാം മിനിട്ടില്‍ തന്നെ അര്‍ജന്റീനയെ ഞെട്ടിച്ചുകൊണ്ട് ഈജിപ്ത് ഗോള്‍ നേടി. യാസിര്‍ ഇബ്രാഹിമാണ് ടീമിന്റെ ഗോള്‍ സ്‌കോറര്‍. ഒരു തകര്‍പ്പന്‍ ഹെഡറിലൂടെയാണ് താരം അര്‍ജന്റീനയുടെ വലകുലുക്കിയത്. എന്നാല്‍ ഏഴ് മിനിട്ടുകള്‍ക്ക് ശേഷം മറുപടി ഗോള്‍ നേടാന്‍ അര്‍ജന്റീനക്ക് മികച്ച അവസരം ലഭിച്ചു.
എന്നാല്‍ ക്യാപ്റ്റന്‍ ലയണല്‍ മെസി അര്‍ജന്റീനക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി മെസി നഷ്ടമാക്കുകയായിരുന്നു. ഈജിപ്ത് ഗോള്‍കീപ്പര്‍ ഷൗബര്‍ മെസിയെടുത്ത കിക്ക് അനായാസമായി തട്ടിയകറ്റുകയായിരുന്നു. ഒടുവില്‍ ആദ്യ പകുതി ഈജിപ്ത് 1-0ത്തിന് കൈപ്പിടിയിലാക്കി.
രണ്ടാം പകുതിയില്‍ ഈജിപ്ത് വീണ്ടും ഗോള്‍ നേടിയെങ്കിലും വാര്‍ പരിശോധിച്ച റഫറി ഗോള്‍ അനുവദിക്കാതെ നിന്നു. പിന്നീട് 67ാം മിനിട്ടില്‍ മുസ്തഫ സീക്കോയുടെ ഗോളിലൂടെ ഈജിപ്ത് വീണ്ടും ലീഡ് നേടി. ഒരു തകര്‍പ്പന്‍ കൗണ്ടര്‍ അറ്റാക്കിലൂടെ മുന്നേറിയ ഈജിപ്ത് താരങ്ങള്‍ അര്‍ജന്റൈന്‍ പ്രതിരോധത്തെ പൊളിച്ചുകൊണ്ടാണ് മുസ്തഫ സീക്കോ രണ്ടാം ഗോള്‍ സ്വന്തമാക്കിയത്.
മത്സരത്തിന്റെ 79ാം മിനിട്ടില്‍ ക്രിസ്ത്യന്‍ റൊമേറോയുടെ ഗോളിലൂടെ അര്‍ജന്റീന ഒരു ഗോള്‍ തിരിച്ചടിച്ചു. ഹെഡ്ഡര്‍ ഗോളിലൂടെയായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. ഈ ഗോളിന്റെ ആവേശം കെട്ടടങ്ങും മുമ്പ് തന്നെ മെസിയുടെ ഗോളിലൂടെ അര്‍ജന്റീന ഒപ്പം പിടിച്ചു.
ഒടുവില്‍ ഇഞ്ചുറി ടൈമില്‍ എന്‍സോ ഫെര്‍ണാണ്ടസ് അര്‍ജന്റീനക്ക് വേണ്ടി വിജയഗോള്‍ നേടുകയായിരുന്നു. ഒരു തകര്‍പ്പന്‍ ഹെഡറിലൂടെയാണ് എന്‍സോയുടെ ഗോള്‍ നേട്ടം.
ജൂലൈ 12ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനെയാണ് അര്‍ജന്റീന നേരിടുക. കൊളംബിയയെ പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ വീഴ്ത്തിയാണ് സ്വിസ് ടീം ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്.
Content Highlight: Argentina football team create a new record in world cup