| Saturday, 17th May 2025, 11:24 am

മെസിപ്പടയുടെ കേരള സന്ദര്‍ശനം; സ്പോണ്‍സര്‍മാര്‍ക്കെതിരെ നടപടിക്കൊരുങ്ങി അര്‍ജന്റീന: ആരാധകര്‍ നിരാശരാകേണ്ടെന്ന് കായിക മന്ത്രി

സ്പോര്‍ട്സ് ഡെസ്‌ക്

ലയണല്‍ മെസിയുടെയും അര്‍ജന്റീന ടീമിന്റെയും കേരള സന്ദര്‍ശനം റദ്ദാക്കിയതില്‍ സ്‌പോണ്‍സര്‍മാര്‍ക്ക് എതിരെ നിയമ നടപടിക്കൊരുങ്ങി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ (എ.എഫ്.എ). സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ബ്രോഡ്ക്കാസ്റ്റിങ്ങിനെതിരെ കരാര്‍ ലംഘനം ചൂണ്ടിക്കാട്ടിയാണ് നിയമനടപടി എടുക്കുന്നത്.

കഴിഞ്ഞ വര്‍ഷം നവംബറില്‍ കേരള കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ മെസിയും സംഘവും സൗഹൃദ മത്സരത്തിനായി കേരളത്തിലെത്തുമെന്ന് പറഞ്ഞിരുന്നു. മന്ത്രിയും സംഘവും സ്പെയിനില്‍ നടന്ന ഒരു യോഗത്തിന് ശേഷം അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി ചര്‍ച്ചകള്‍ നടത്തിയായിരുന്നു ലോക ചാമ്പ്യന്‍മാര്‍ കേരളത്തിലെത്തുമെന്ന് സ്ഥിരീകരിച്ചത്. ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരങ്ങളുടെ ഭാഗമായി കേരളത്തില്‍ കുറഞ്ഞത് രണ്ട് അന്താരാഷ്ട്ര മത്സരമെങ്കിലും കളിക്കുമെന്ന് അന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

എന്നാല്‍ 2026ലെ അര്‍ജന്റീനയുടെ ഷെഡ്യൂള്‍ ഇപ്പോള്‍ പുറത്തുവന്നതോടെ ചൈന, ഖത്തര്‍, ആഫ്രിക്ക എന്നിവിടങ്ങളില്‍ മെസി കളിക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതോടെ കേരളത്തില്‍ മെസി കളിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് എന്‍.ഡി.ടി.വി അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ലോക ചാമ്പ്യന്‍മാരെ കേരളത്തിലെത്തിക്കാനായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി കരാര്‍ ഒപ്പിട്ടിരുന്നു. കരാര്‍ ഒപ്പിട്ട് 45 ദിവസത്തിനകം പകുതി തുക നല്‍കണം എന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ സമയം നീട്ടി നല്‍കിയിട്ടും സ്‌പോണ്‍സര്‍ ഇത് പാലിച്ചില്ല. ഇതിന് പിന്നാലെയാണ് ഇവര്‍ക്കെതിരെ എ.എഫ്.എ നടപടിക്കൊരുങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകള്‍.

അതേസമയം, മെസി വരില്ലെന്ന കാര്യം സര്‍ക്കാരിന് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ഇപ്പോഴും ഓരോ ഫുട്‌ബോള്‍ ആരാധകന്‍ ആഗ്രഹിക്കുന്ന പോലെ അര്‍ജന്റീന കേരളത്തില്‍ കളിക്കാന്‍ എത്തുമെന്നാണ് പ്രതീക്ഷയെന്നും കായിക മന്ത്രി വി. അബ്ദുറഹിമാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘റിപ്പോര്‍ട്ടര്‍ ചാനലാണ് മെസിയെ കൊണ്ടുവരുന്നതില്‍ പണം അടക്കുന്നത്. അവര്‍ എടുക്കുമെന്നാണ് അറിയിച്ചത്. ഇപ്പോള്‍ വരുന്ന വാര്‍ത്തകളില്‍ മെസി കേരളത്തിലേക്ക് വരില്ലെന്ന അര്‍ഥം പറയാന്‍ കഴിയില്ല. കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളുടെ ആഗ്രഹം മാനിച്ച് സ്പോണ്‍സര്‍മാര്‍ അത് ചെയ്യുമെന്നാണ് പ്രതീക്ഷ. അത് എത്രയും പെട്ടെന്ന് ചെയ്യണമെന്ന് അവരെ അറിയിച്ചിട്ടുണ്ട്.

അര്‍ജന്റീനയെ കേരളത്തിലെത്തിക്കാന്‍ വേണ്ട ഫോര്‍മാലിറ്റികള്‍ റിപ്പോര്‍ട്ടര്‍ ടി.വി ചെയ്തിട്ടുണ്ട്. വലിയ തുകയായതിനാല്‍ ചെറിയ താമസമുണ്ടായേക്കാം. ഇതുവരെ സ്പോണ്‍സര്‍മാര്‍ മറ്റ് ആശങ്കകള്‍ അറിയിച്ചിട്ടില്ല. അര്‍ജന്റീന ടീമും ഇതുവരെ വരില്ലെന്ന് ഔദ്യോഗികമായി അറിയിപ്പ് നല്‍കിയിട്ടില്ല.

മെസിയെ കേരളത്തിലേക്ക് എത്തിക്കാനും ഫുട്‌ബോളിന് കൂടുതല്‍ പ്രചാരം ലഭിക്കുന്ന പോലെ പ്രവര്‍ത്തിക്കാനുമാണ് കായിക വകുപ്പ് ആഗ്രഹിക്കുന്നത്. അത് നടക്കുമെന്ന് പ്രതീക്ഷയുണ്ട്,’ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Content Highlight: Argentina Football Team and Lionel Messi’s  visit to Kerala; Argentine Football Association prepares to take action against sponsors: Sports Minister says fans should not be disappointed

We use cookies to give you the best possible experience. Learn more