| Friday, 16th October 2026, 9:52 pm

ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ കൈവിട്ടു; മെസിയില്ലാത്ത അർജന്റീനക്ക് കനത്ത തിരിച്ചടി

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും ഇതിഹാസ താരം ലയണൽ മെസി വിരമിച്ചതിന് പിന്നാലെ അർജന്റീന ഫുട്ബോൾ അസോസിയേഷന് കനത്ത തിരിച്ചടി. മെസിയുടെ പടിയിറക്കത്തിന് പിന്നാലെ വമ്പൻ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് അർജന്റീന ഫുട്ബോൾ ഫെഡറേഷൻ വീണിരിക്കുന്നത്.

നവംബറിൽ വരാനിരിക്കുന്ന ഫിഫ വിൻഡോയിൽ അർജന്റീനക്കെതിരെ കളിക്കാനായി ഏഷ്യൻ രാജ്യങ്ങളിലെ പല പ്രമോട്ടർമാരും വിസമ്മതിച്ചുവെന്നാണ് റിപ്പോർട്ട്. ഇന്ത്യ, ചൈന, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ പ്രൊമൊട്ടർമാരാണ് അർജന്റീനക്കെതിരെ കളിക്കാൻ വിസമ്മതിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

ഗേറ്റ് കളക്ഷന്റെയും വാണിജ്യ അവകാശങ്ങളുടെയും 100 ശതമാനം സ്വന്തമാക്കണമെന്ന അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ചിക്കി താപ്പിയയുടെ കടുത്ത നിബന്ധനങ്ങളാണ് പ്രൊമോട്ടർമാരെ ഈയൊരു തീരുമാനത്തിലെത്താൻ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോർട്ട്.

മെസിയുടെ അഭാവത്തിൽ സ്റ്റേഡിയത്തിൽ ആരാധകർ കളി കാണാൻ എത്തുന്നത് കുറയുമെന്നും അതുകൊണ്ടുതന്നെ വലിയ തുക മുടക്കാൻ തയ്യാറല്ലെന്നുമാണ് ഏഷ്യൻ പ്രമോട്ടർമാർ വ്യക്തമാക്കുന്നത്. മെസിയുടെ പേര് മുൻനിർത്തി എ.എഫ്.ഐ നേടിയിരുന്ന കോടികളുടെ ബിസിനസിന് കൂടിയാണ് തിരിച്ചടി നേരിട്ടിരിക്കുന്നത്.

അതേസമയം ആഫ്രിക്കൻ രാജ്യമായ ബെനിനെതിരെയായിരുന്നു മെസി അർജന്റീനക്ക് വേണ്ടി അവസാനമായി ബൂട്ട് കെട്ടിയത്. മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിജയിച്ചിരുന്നത്. മത്സരത്തിൽ രണ്ട് അസിസ്റ്റും ഒരു ഗോളും നേടിയാണ് മെസി തന്റെ ഫെയർവെൽ മത്സരം ഗംഭീരമാക്കിയത്.

2028 കോപ്പ അമേരിക്കയിൽ അർജന്റീനക്കായി മെസി കളത്തിലിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആരാധകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയായിരുന്നു ഓഗസ്റ്റ് 31ന് അർജന്റൈൻ ഇതിഹാസത്തിന്റെ പടിയിറക്കം. എന്നാൽ ജന്മനാടിനായി അവസാന പോരാട്ടത്തിനായി വീണ്ടും മെസി കളത്തിലിറങ്ങുകയായിരുന്നു.

2026 ലോകകപ്പിലും മെസിയുടെ പോരാട്ടവീര്യങ്ങൾക്ക് ഫുട്‌ബോൾ ലോകം സാക്ഷിയായി. ഫൈനലിൽ സ്‌പെയ്‌നിന് മുന്നിൽ പരാജയപ്പെട്ടെങ്കിലും ലോകകപ്പിൽ പല റെക്കോഡുകളും തിരുത്തിയാണ് മെസി മടങ്ങിയത്.

ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന രണ്ടാമത്തെ താരമായും ലോകകപ്പിൽ അർജന്റീനയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായും മെസി ചരിത്രത്തിൽ ഇടം പിടിച്ചു. 21 ഗോളുകളാണ് ആറ് ലോകകപ്പുകളിൽ നിന്നും മെസി അടിച്ചുകൂട്ടിയത്. 2026 ലോകകപ്പിൽ എട്ട് ഗോളുകളും നാല് അസിസ്റ്റുകളുമായിരുന്നു മെസിയുടെ സമ്പാദ്യം. ഇന്റർനാഷണൽ ഫുട്‌ബോളിൽ നിന്നും പടിയിറങ്ങിയെങ്കിലും മെസി ക്ലബ്ബ് ഫുട്‌ബോളിൽ തുടരും.

Content Highlight: Argentina football federation face a big setback after Lionel Messi retirement

We use cookies to give you the best possible experience. Learn more