സൗഹൃദ മത്സരത്തില്‍ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയ അര്‍ജന്റീനക്ക് സോഷ്യല്‍ മീഡിയയുടെ ട്രോള്‍ മഴ. ലോകകപ്പിനു മുന്നോടിയായുള്ള സൗഹൃദ മല്‍സരത്തില്‍ കരുത്തരായ സ്‌പെയിനാണ് യാതൊരു സൗഹൃദവും കാട്ടാതെ അര്‍ജന്റീനയെ കെട്ടുകെട്ടിച്ചത്. ഒന്നിനെതിരെ ആറുഗോളുകള്‍ക്കായിരുന്നു സ്‌പെയിനിന്റെ തേരോട്ടം. മെസ്സിയില്ലാതെ ഇറങ്ങിയ അര്‍ജന്റീനയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു സ്പെയിനില്‍ നിന്നു എല്‍ക്കേണ്ടി വന്നത്. ഇസ്‌കോയുടെ ഹാട്രിക് മികവിലാണ് സ്പെയിനിന്റെ വിജയം.
ഫുട്ബോള്‍ വികാരമായി കൊണ്ട നടക്കുന്ന ബ്രസീലിന് ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത അധ്യായമാണ് കഴിഞ്ഞ ലോകകപ്പ്. ബെലോ ഹൊറിസോണ്ടയില്‍ ജര്‍മ്മന്‍ പട ബ്രസീലിയന്‍ കാനറികള്‍ക്കു മേല്‍ സംഹാര താണ്ഡവമാടിയ രംഗം ബ്രസീലാരാധകര്‍ക്ക് എന്നും ഉറക്കം നഷ്ടപ്പെടുത്തുന്നതാണ്. ലോക ഫുട്ബോളിലെ കണ്ണീര്‍കഥകളിലൊന്നായി മാറിയ 7-1 ന്റെ ദുരന്തം ബ്രസീല്‍ ആരാധകര്‍ എന്നും പരിഹാസം ഏറ്റുവാങ്ങിയിരുന്നു. ആ ദുരന്തത്തെ ഏറ്റവും കൂടുതല്‍ ആഘോഷിച്ചത് അര്‍ജന്റീനിയന്‍ ആരാധകര്‍ തന്നെയായിരുന്നു.
https://twitter.com/XAVIERCALDE21/status/978737504819048448
https://twitter.com/MadridSports_/status/978736304858042369
എന്നാല്‍ ഈ മത്സരത്തോട് കൂടെ ബ്രസീലിനൊപ്പം അര്‍ജന്റീനയും പരിഹസിക്കപ്പെടും. ഫുട്‌ബോള്‍ ചരിത്രത്തില്‍ അര്‍ജന്റീനയുടെ ഏറ്റവും വലിയ തോല്‍വിയാണിത്. 1958ലെ ലോകകപ്പില്‍ ചെക്കോസ്ലോവാക്യയോടും 2010 ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ബൊളീവിയയോടും ഇതേ സ്‌കോറിനു തോറ്റിട്ടുള്ള അര്‍ജന്റീന, സ്‌പെയിന്‍ തലസ്ഥാനമായ മഡ്രിഡില്‍ ഈ “റെക്കോര്‍ഡിന്” ഒപ്പമെത്തി.
27, 52, 74 മിനിറ്റുകളിലാണ് റയല്‍ താരം ഇസ്‌കോ അര്‍ജന്റീനിയന്‍ വല തുളച്ചത്. ഡീഗോ കോസ്റ്റ 12ാം മിനിറ്റില്‍ തുടങ്ങിവച്ച ഗോളടിമേളം ഇസ്‌കോ, തിയാഗോ അല്‍കാന്‍ട്ര (55), ഇയാഗോ ആസ്പസ് (73) എന്നിവര്‍ ഏറ്റെടുത്തതോടെയാണ് അര്‍ജന്റീന അവരുടെ ഏറ്റവും വേദനിപ്പിക്കുന്ന തോല്‍വികളിലൊന്ന് ഏറ്റുവാങ്ങിയത്. 39ാം മിനിറ്റില്‍ നിക്കോളസ് ഒട്ടാമെന്‍ഡിയാണ് അര്‍ജന്റീനയുടെ ആശ്വാസ ഗോള്‍ നേടിയത്.
2016ലെ യൂറോകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലെ ആദ്യ റൗണ്ടില്‍ പുറത്തായശേഷം ടീമിന്റെ ചുമതലയേറ്റെടുത്ത ജൂലന്‍ ലോപ്പെട്ടെഗുയിക്കു കീഴില്‍ സ്‌പെയിന്‍ തോല്‍വിയറിയാതെ പിന്നിടുന്ന തുടര്‍ച്ചയായ 18ാം മല്‍സരമാണിത്. ലോകകപ്പിലെ തങ്ങളുടെ ആദ്യ മല്‍സരത്തില്‍ കരുത്തരായ പോര്‍ച്ചുഗലിനെ നേരിടും മുന്‍പ് സ്വിറ്റ്‌സര്‍ലന്‍ഡ്, ടുണീസിയ എന്നിവരുമായി രണ്ടു സൗഹൃദ മല്‍സരങ്ങള്‍ കൂടി സ്‌പെയിന്‍ കളിക്കുന്നുണ്ട്.



