| Tuesday, 18th August 2026, 10:33 am

ബ്രസീലിന്റെ കണ്ണീരിൽ ചവിട്ടി അർജന്റീനക്ക് കിരീടം; തൂക്കിയത് ഹാട്രിക് കപ്പ്!

സുദേവ് എ

സൗത്ത് അമേരിക്കന്‍ അണ്ടര്‍ 17 ഫുട്‌സാല്‍ കിരീടം സ്വന്തമാക്കി അര്‍ജന്റീന. ബ്രസീലിനെ തകര്‍ത്താണ് അര്‍ജന്റീനയുടെ കിരീട നേട്ടം. കലാശപോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീന കാനറിപ്പടയെ വീഴ്ത്തിയത്.

അര്‍ജന്റീനയുടെ തുടര്‍ച്ചയായ മൂന്നാം കിരീട നേട്ടമാണിത്. ഇതിന് മുമ്പ് 2022ലും 2024ലും അര്‍ജന്റീന അണ്ടര്‍ 17 ഫുട്‌സാല്‍ കിരീടം സ്വന്തമാക്കിയിരുന്നു.

ലാറ്റിനമേരിക്കയില്‍ അര്‍ജന്റീനയുടെ യുവനിരയുടെ വ്യക്തമായ ആധിപത്യമാണ് സമീപകാലങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഹാട്രിക് കിരീട തിളക്കം അര്‍ജന്റീനയുടെ ഭാവി തലമുറയെയും ശക്തമാക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

അതേസമയം 2026 ഫിഫ ലോകകപ്പില്‍ അര്‍ജന്റീന ഫൈനല്‍ വരെ മുന്നേറിയിരുന്നു. ഫൈനലില്‍ കിരീടം നിലനിര്‍ത്താനിറങ്ങിയ അര്‍ജന്റീന സ്‌പെയ്‌നിന് മുന്നില്‍ അടിയറവ് പറയുകയായിരുന്നു.

ന്യൂയോര്‍ക്ക് ന്യൂ ജേഴ്സി സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് കലാശ പോരാട്ടത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സ്പാനിഷ് പട അര്‍ജന്റീനയെ കീഴടക്കിയത്. ചരിത്രത്തിലെ തങ്ങളുടെ രണ്ടാം ലോകകപ്പായിരുന്നു സ്‌പെയ്ന്‍ സ്വന്തമാക്കിയത്. 2010ലായിരുന്നു സ്‌പെയ്‌നിന്റെ ആദ്യ കിരീട നേട്ടം.

മറുഭാഗത്ത് ആറാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ബ്രസീല്‍ ഈ ലോകകപ്പിലും തലതാഴ്ത്തി മടങ്ങിയിരുന്നു. പ്രീക്വാര്‍ട്ടറില്‍ നോര്‍വേയോട് പരാജയപ്പെട്ടാണ് കാനറിപട ആറാം ലോക കിരീടമെന്ന സ്വപ്നം ബാക്കിയാക്കി മടങ്ങിയത്.

ന്യൂയോര്‍ക്ക് ന്യൂ ജേഴ്സി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് നോര്‍വേ വിജയിച്ചുകയറിയത്. തുടര്‍ച്ചയായ ആറാം ലോകകപ്പിലും യൂറോപ്യന്‍ ടീമിനോട് തോറ്റാണ് ബ്രസീലിന്റെ മടക്കം. 1990ന് ശേഷം ഇതാദ്യമായിട്ടായിരുന്നു ബ്രസില്‍ പ്രീക്വാര്‍ട്ടറില്‍ വീഴുന്നത്.

Content Highlight: Argentina defeats Brazil to win South American U-17 Futsal title

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more