ഫിഫ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയുടെ തോല്‍വിക്ക് കാരണം മോശം റഫറിയിങ് ആണെന്ന വാദങ്ങളെല്ലാം പൂര്‍ണമായി തള്ളി പരിശീലകന്‍ ലയണല്‍ സ്‌കലോണി.
ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് ശേഷം അര്‍ജന്റീനയില്‍ തിരിച്ചെത്തിയ സ്‌കലോണിയോട്, ഫൈനലിലെ റഫറിയിങ് അര്‍ജന്റീനയോട് നീതിപുലര്‍ത്താത്തതായിരുന്നുവോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ലയണല്‍ സ്‌കലോണി
സ്‌പെയ്ന്‍ തങ്ങളേക്കാള്‍ മികച്ച ടീം ആയിരുന്നുവെന്നും ഇക്കാരണത്താലാണ് അവര്‍ കിരീടം നേടിയതെന്നുമാണ് അദ്ദേഹം പറഞ്ഞത്.
‘റഫറിയിങ് നീതിരഹിതമായിരുന്നു എന്നോ? അല്ല, ഒട്ടുമല്ല… സ്‌പെയ്ന്‍ നമ്മളേക്കാള്‍ മികച്ച ടീമായതുകൊണ്ടാണ് നമ്മള്‍ ലോകകപ്പ് ഫൈനലില്‍ തോറ്റത്. സ്‌പെയ്ന്‍ മികച്ച രീതിയില്‍ കളിച്ചു എന്ന് നമ്മള്‍ അംഗീകരിച്ചേ മതിയാകൂ,’ അദ്ദേഹം പറഞ്ഞു.
മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അര്‍ജന്റീനയുടെ പരാജയം. നിശ്ചിത സമയത്ത് ഗോള്‍രഹിത സമനലിയില്‍ തുടരുകയും എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ നിക്കോ വില്യംസിന്റെ അസിസ്റ്റില്‍ ഫെറാന്‍ ടോറസ് നേടിയ ഗോളിലൂടെയാണ് സ്‌പെയ്ന്‍ തങ്ങളുടെ ചരിത്രത്തിലെ രണ്ടാം വിശ്വകിരീടം സ്വന്തമാക്കിയത്.
പരാജയപ്പെട്ടത് ഒറ്റ ഗോള്‍ വ്യത്യാസത്തിനാണെങ്കിലും ഏറ്റവും മോശം കളിയാണ് 2022ലെ ലോകചാമ്പ്യന്‍മാര്‍ പുറത്തെടുത്തത്. സ്‌പെയ്‌നിന്റെ ഫുട്‌ബോള്‍ പാടവത്തിന് മുമ്പില്‍ കളി മറന്ന അര്‍ജന്റീനയായിരുന്നു പ്രധാന കാഴ്ച. നിശ്ചിത സമയത്തില്‍ ഒറ്റ ഷോട്ട് പോലും ഉതിര്‍ക്കാന്‍ മെസിപ്പടയ്ക്ക് സാധിച്ചില്ല. 120 മിനിട്ടില്‍ മൂന്ന് ഷോട്ടുകള്‍ മാത്രമാണ് ടീമിന് നേടാനായത്, ഓണ്‍ ടാര്‍ഗെറ്റിലാകട്ടെ ഒന്നുപോലും ഉണ്ടായിരുന്നുമില്ല.
മറുവശത്ത്, ലോകകപ്പിലുടനീളം മികച്ച പ്രകടനമാണ് സ്‌പെയിന്‍ കാഴ്ചവെച്ചത്. ഏഴ് വിജയങ്ങളും ഒരു സമനിലയും നേടിയ സ്‌പെയ്ന്‍, ടൂര്‍ണമെന്റിലുടനീളം ഒരു ഗോള്‍ മാത്രമാണ് വഴങ്ങിയത്. ഇതോടെ ഏറ്റവും കുറവ് ഗോളുകള്‍ വഴങ്ങി ലോകകപ്പ് നേടിയ ടീം എന്ന ചരിത്ര നേട്ടവും ഫ്യുവന്റെയുടെ ചെങ്കുപ്പായക്കാര്‍ സ്വന്തമാക്കി.
ഫിഫ ലോകകപ്പിന്റെ ചരിത്രത്തില്‍ തങ്ങളുടെ ആദ്യ രണ്ട് ഫൈനലുകളും വിജയിക്കുന്ന മൂന്നാമത് ടീമായി റെക്കോഡിഡാനും സ്പാനിഷ് പടയ്ക്ക് സാധിച്ചു. ഇറ്റലി (1934, 1938), ഉറുഗ്വായ് (1930, 1950) എന്നിവരാണ് മറ്റ് ടീമുകള്‍.
2010ല്‍ ആദ്യമായി കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയപ്പോള്‍ നെതര്‍ലന്‍ഡ്സിനെ പരാജയപ്പെടുത്തിയായിരുന്നു ചെങ്കുപ്പായക്കാരുടെ വിജയം. ഈ ലോകകപ്പ് ഫൈനലിലേതെന്ന പോലെ നിശ്ചിത സമയത്ത് ഗോള്‍രഹിത സമനിയില്‍ പിരിഞ്ഞ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീളുകയും, അധികസമയത്തിന്റെ രണ്ടാം പകുതിയില്‍ നേടിയ ഏകപക്ഷീയമായ ഗോളിന്റെ കരുത്തില്‍ സ്പെയ്ന്‍ വിശ്വം കീഴടക്കുകയുമായിരുന്നു.
അന്ന്, മത്സരത്തിന്റെ 116ാം മിനിട്ടില്‍ ഇതിഹാസ മിഡ്ഫീല്‍ഡര്‍ ആന്ദ്രേ ഇനിയേസ്റ്റയാണ് സ്പെയ്നിന്റെ ചരിത്രം തിരുത്തിയെഴുതിയ ഗോള്‍ സ്വന്തമാക്കിയത്.
Content Highlight: Argentina coach Lionel Scaloni on the refereeing in the World Cup final.