| Sunday, 12th July 2026, 11:23 am

മുൻ ലോക ചാമ്പ്യൻമാരുടെ റെക്കോഡ് തകർത്തു; ചരിത്രം കുറിച്ച് മെസിപ്പട

സുദേവ് എ

2026 ലോകകപ്പ്‌ സെമി ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ് നിലവിലെ ചാമ്പ്യൻമാരായ അർജന്റീന. ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലാൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വീഴ്ത്തിയാണ് അർജന്റീനയുടെ മുന്നേറ്റം. ഈ മത്സരത്തിൽ കൂടി രണ്ടിലധികം ഗോളുകൾ എതിരാളികളുടെ വലയിൽ എത്തിച്ചതോടെ ഒരു വമ്പൻ റെക്കോഡാണ് നിലവിലെ ചാമ്പ്യന്മാരുടെ പേരിൽ കുറിക്കപ്പെട്ടത്.

ലോകകപ്പിന്റെ ചരിത്രത്തിൽ തുടർച്ചയായ 12 മത്സരങ്ങളിൽ രണ്ടോ അതിലധികമോ ഗോളുകൾ നേടുന്ന ആദ്യ ടീമായാണ് അർജന്റീന മാറിയത്. 11 മത്സരങ്ങളിൽ ഇത്തരത്തിൽ ഗോൾ വേട്ട നടത്തിയ ആദ്യ ലോകകപ്പ്‌ ചാമ്പ്യൻമാരായ ഉറുഗ്വായെ മറികടന്നുകൊണ്ടാണ് ലയണൽ മെസിയുടെയും സംഘത്തിന്റെയും കുതിപ്പ്. 1930-1954 കാലഘട്ടത്തിലായിരുന്നു ഉറുഗ്വ ഈ നേട്ടം സ്വന്തമാക്കിയിരുന്നത്.

2022 ഖത്തർ ലോകകപ്പിൽ മെക്സിക്കോ, പോളണ്ട്, ഓസ്ട്രേലിയ, നെതർലാൻഡ്സ്,ക്രൊയേഷ്യ, ഫ്രാൻസ് എന്നീ ടീമുകൾക്കെതിരെയും ഈ ലോകകപ്പിൽ അൾജീരിയ, ഓസ്ട്രിയ, ജോർദാൻ ജോർദാൻ, കേപ് വെർദെ, ഈജിപ്ത് സീറ്റ്സർലാൻഡ് എന്നീ ടീമുകൾക്കെതിരെയും റെക്കോഡ് ഗോൾ വേട്ട നടത്തി.

അതേസമയം കാൻസാസ് സിറ്റിയിൽ നടന്ന മത്സരത്തിൽ പത്താം മിനിട്ടിൽ തന്നെ അർജന്റീന ലക്ഷ്യം കണ്ടു. മാക് അലിസ്റ്ററാണ് ടീമിന്റെ ഗോൾ സ്‌കോറർ. ഒടുവിൽ ഈ ഗോളിന്റെ പിൻബലത്തിൽ ആദ്യപകുതി അർജന്റീന സ്വന്തമാക്കുകയായിരുന്നു.

എന്നാൽ രണ്ടാം പകുതിയിൽ സ്വിസ് ടീം ഗോൾ തിരിച്ചടിച്ച് അർജന്റീനക്കൊപ്പമെത്തി. ഡി. എൻഡോയെയാണ് സ്വിസ് ടീമിന് വേണ്ടി ലക്ഷ്യം കണ്ടത്. ഈ ഗോൾ നേടിയതിനു ശേഷം സ്വിറ്റ്സർലാൻഡ് കനത്ത തിരിച്ചടി നേരിട്ടു. ബി.എമ്പോളൊ ചുവപ്പ് കാർഡ് കണ്ട് പുറത്താവുകയായിരുന്നു. ബാക്കിയുള്ള നിമിഷങ്ങളിൽ 10 പേരുമായാണ് സ്വിസ് ടീം പന്തുതട്ടിയത്.

ഒടുവിൽ നിശ്ചിത സമയത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി തുല്യത പാലിച്ചപ്പോൾ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. അധിക സമയത്തിന്റെ രണ്ടാം പകുതിയിൽ ജൂലിയൻ അൽവാരാസിന്റെ ഗോളിലൂടെ അർജന്റീന വിജയം സ്വന്തമാക്കുകയായിരുന്നു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ലൗട്ടാരോ മാർട്ടിനസിന്റെ ഗോളിൽ അർജന്റീന മത്സരം പൂർണമായും സ്വന്തമാക്കി.

ജൂലൈ 16ന് നടക്കുന്ന സെമി ഫൈനലിൽ ഇംഗ്ലണ്ടിനെയാണ് മെസിയും സംഘവും നേരിടുക.

Content Highlight: Argentina breaks Uruguay’s huge record in World Cup

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more