2026 ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ജോര്‍ദാനെയും വീഴ്ത്തി നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന രാജകീയമായി അടുത്ത റൗണ്ടിലേക്ക് മുന്നേറിയിരിക്കുകയാണ്.
ഗ്രൂപ്പ് ജെ-യില്‍ നടന്ന മത്സരത്തില്‍ ജോര്‍ദാനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീന വീഴ്ത്തിയത്. ഇതോടെ ഹാട്രിക് വിജയത്തോടെ ഒമ്പത് പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരാവാനും അര്‍ജന്റീനക്ക് സാധിച്ചു.
ഈ വിജയത്തോടെ ഒരു ചരിത്രനേട്ടമാണ് അര്‍ജന്റൈന്‍ ടീമിനെ തേടിയെത്തിയത്. ലോകകപ്പില്‍ 50 വിജയങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ലയണല്‍ മെസിക്കും സംഘത്തിനും സാധിച്ചത്. ലോകകപ്പില്‍ ഈ നാഴികക്കല്ല് പിന്നിടുന്ന മൂന്നാമത്തെ ടീമാണ് അര്‍ജന്റീന. ബ്രസീല്‍, ജര്‍മനി എന്നീ ടീമുകളാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ച ടീമുകള്‍.
ബ്രസീല്‍-76
ജര്‍മനി-68
അര്‍ജന്റീന-50
ഫ്രാന്‍സ്-39
ഇംഗ്ലണ്ട്-32
സ്പെയ്ന്‍-31
നെതർലാൻഡ്‌സ്-30
ഉറുഗ്വേ-25
ബെല്‍ജിയം-21
അതേസമയം മത്സരത്തില്‍ 19ാം മിനിട്ടില്‍ തന്നെ അര്‍ജന്റീന ലീഡ് നേടി. ജിയോവാനി ലോ സെല്‍സോ ഒരു തകര്‍പ്പന്‍ ഫ്രീ കിക്കിലൂടെയാണ് അര്‍ജന്റീനയെ മുന്നിലെത്തിച്ചത്. കുറച്ച് മിനിട്ടുകള്‍ക്ക് ശേഷം അര്‍ജന്റീന രണ്ടാം ഗോളും സ്വന്തമാക്കി.
31ാംമിനിട്ടില്‍ ലൗട്ടാരോ മാര്‍ട്ടീനസാണ് അര്‍ജന്റീനക്കായി ലീഡ് ഉയര്‍ത്തിയത്. ടീമിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി കൃത്യമായി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു താരം. ഒടുവില്‍ ആദ്യ പകുതി എതിരില്ലാത്ത രണ്ട് ഗോളുകളുടെ ആധിപത്യത്തില്‍ അര്‍ജന്റീന സ്വന്തമാക്കി.
രണ്ടാം പകുതിയില്‍ ജോര്‍ദാന്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. 55ാം മിനിട്ടില്‍ മൂസ അല്‍ താമരിയാണ് ലക്ഷ്യം കണ്ടത്. എന്നാല്‍ രണ്ടാം പകുതിയില്‍ കളത്തിലിറങ്ങിയ സൂപ്പര്‍താരം ലയണല്‍ മെസി അര്‍ജന്റീനക്കായി മൂന്നാം ഗോളും സ്വന്തമാക്കി.
ലയണൽ മെസി
61ാം മിനിട്ടിലാണ് മെസി കളത്തിലെത്തിയത്. 80ാം മിനിട്ടില്‍ ഒരു തകര്‍പ്പന്‍ ഫ്രീ കിക്കിലൂടെയാണ് താരം ലക്ഷ്യം കണ്ടത്. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ അര്‍ജന്റീന ഈ ലോകകപ്പിലെ ഹാട്രിക് വിജയം കൈപ്പിടിയിലാക്കുകയായിരുന്നു.
അതേസമയം റൗണ്ട് ഓഫ് 32ല്‍ ജൂലൈ നാലിന് നടക്കുന്ന പോരാട്ടത്തില്‍ കേപ് വെര്‍ദെയാണ് അര്‍ജന്റീനയുടെ എതിരാളികള്‍. മയാമി സ്റ്റേഡിയമാണ് വേദി.
Content Highlight: Argentina become the third team to complete 50 wins in world cup