| Sunday, 28th June 2026, 9:34 am

'ഹാട്രിക്' മെസി വീണ്ടും അവതരിച്ചു; ലോകകപ്പിൽ അർജന്റീനയുടെ തേരോട്ടം തുടരുന്നു

സുദേവ് എ

2026 ഫിഫ ലോകകപ്പില്‍ അര്‍ജന്റീനക്ക് ഹാട്രിക് ജയം. ഗ്രൂപ്പ് ജെ-യില്‍ നടന്ന മത്സരത്തില്‍ ജോര്‍ദാനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നിലവിലെ ചാമ്പ്യന്മാര്‍ ആധികാരികമായി അടുത്ത റൗണ്ടിലേക്ക് കടന്നത്. ഒമ്പത് പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരെന്ന തലയെടുപ്പോടെയാണ് അര്‍ജന്റീന റൗണ്ട് ഓഫ് 32ലേക്ക് മുന്നേറിയത്.

മത്സരം തുടങ്ങി 19ാം മിനിട്ടിൽ തന്നെ അര്‍ജന്റീന ലീഡ് നേടി. ജിയോവാനി ലോ സെല്‍സോ ഒരു തകര്‍പ്പന്‍ ഫ്രീ കിക്കിലൂടെയാണ് അര്‍ജന്റീനയെ മുന്നിലെത്തിച്ചത്. കുറച്ച് മിനിട്ടുകള്‍ക്ക് ശേഷം അര്‍ജന്റീന രണ്ടാം ഗോളും സ്വന്തമാക്കി.

31ാം മിനിട്ടിൽ ലൗട്ടാരോ മാര്‍ട്ടീനസാണ് അര്‍ജന്റീനക്കായി ലീഡ് ഉയര്‍ത്തിയത്. ടീമിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി കൃത്യമായി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു താരം. ഒടുവില്‍ ആദ്യ പകുതി എതിരില്ലാത്ത രണ്ട് ഗോളുകളുടെ ആധിപത്യത്തില്‍ അര്‍ജന്റീന സ്വന്തമാക്കി.

രണ്ടാം പകുതിയില്‍ ജോര്‍ദാന്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. 55ാം മിനിട്ടില്‍ മൂസ അല്‍ താമരിയാണ് ലക്ഷ്യം കണ്ടത്. എന്നാല്‍ രണ്ടാം പകുതിയില്‍ കളത്തിലിറങ്ങിയ സൂപ്പര്‍താരം ലയണല്‍ മെസി അര്‍ജന്റീനക്കായി മൂന്നാം ഗോളും സ്വന്തമാക്കി. 61ാം മിനിട്ടിലാണ് മെസി കളത്തിലെത്തിയത്.

ലൗട്ടാരോ മാര്‍ട്ടിനസിന് പകരം കളത്തിലിറങ്ങിയ മെസി 80ാം മിനിട്ടില്‍ ഒരു തകര്‍പ്പന്‍ ഫ്രീകിക്കിലൂടെയാണ് ലക്ഷ്യം കണ്ടത്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഗോള്‍ വേട്ട തുടര്‍ന്ന മെസി ഈ ലോകകപ്പിലെ ആറാം ഗോളാണ് ജോര്‍ദാനെതിരെ നേടിയത്. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ അര്‍ജന്റീന ഈ ലോകകപ്പിലെ ഹാട്രിക് വിജയം കൈപ്പിടിയിലാക്കുകയായിരുന്നു.

അതേസമയം റൗണ്ട് ഓഫ് 32ല്‍ ആഫ്രിക്കന്‍ കുഞ്ഞന്‍ ടീമായ കേപ് വെര്‍ദെയാണ് മെസിയുടെയും സംഘത്തിന്റെയും എതിരാളികള്‍. ജൂലൈ നാലിനാണ് മത്സരം നടക്കുന്നത്. മയാമി സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ ലയണല്‍ മെസിക്കും സംഘത്തിനും വെര്‍ദെ വെല്ലുവിളി സൃഷ്ടിക്കുമോയെന്നാണ് ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്നത്.

കേപ് വെര്‍ദെ

വെറും ആറ് ലക്ഷത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ള കേപ് വെര്‍ദെ തങ്ങളുടെ ആദ്യ ലോകകപ്പില്‍ തന്നെ വിജയത്തോളം പോന്ന മൂന്ന് സമനിലകള്‍ നേടിയാണ് അടുത്ത റൗണ്ടിലേക്ക് കടന്നത്. ഗ്രൂപ്പ് എച്ച്-ല്‍ നിന്നും സൗദി അറേബ്യ, സ്പെയ്ന്‍, ഉറുഗ്വേയെ എന്നീ ടീമുകളെ സമനിലയില്‍ കുരുക്കിയാണ് കേപ് വെര്‍ദെ കരുത്തുകാട്ടിയത്.

Content Highlight: Argentina beat Jordan 3-1 in FIFA world cup 2026

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more