| Sunday, 7th June 2026, 9:42 am

രക്ഷകനായി ഇതിഹാസ പുത്രൻ അവതരിച്ചു; ലോകകപ്പിന് മുമ്പേ വരവറിയിച്ച് അർജന്റീന

Sudev A

2026 ഫിഫ ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനക്ക് തകര്‍പ്പന്‍ ജയം. ഹോണ്ടുറാസിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്മാര്‍ തകര്‍ത്തു വിട്ടത്. മത്സരം തുടങ്ങി 37ാം മിനിറ്റില്‍ തന്നെ അര്‍ജന്റീന ലീഡ് നേടി. പെനാല്‍റ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് ലൗട്ടാരോ മാര്‍ട്ടിനസാണ് ടീമിന് ലീഡ് നല്‍കിയത്. ഒടുവില്‍ ആദ്യപകുതി അര്‍ജന്റീന എതിരില്ലാത്ത ഒരു ഗോളിന് മുന്നിട്ടു നിന്നു.

രണ്ടാം പകുതിയിലും അര്‍ജന്റീന തങ്ങളുടെ ഗോള്‍ വേട്ട തുടര്‍ന്നു. 54ാം മിനിറ്റില്‍ ഗിയൂലിയാനോ സിമിയോണിയാണ് അര്‍ജന്റീനക്കായി രണ്ടാം ഗോള്‍ നേടിയത്. മുന്‍ അര്‍ജന്റൈന്‍ മുന്‍ താരവും അത്‌ലറ്റികോ മാഡ്രിഡിന്റെ ഇതിഹാസ പരിശീലകനുമായ ഡീഗോ സിമിയോണിയുടെ മകനാണ് ഗിയൂലിയാനോ സിമിയോണി. ലോകകപ്പിന് മുമ്പ് തന്നെ താരം ഫോമിലേക്ക് ഉയര്‍ന്നത് അര്‍ജന്റീനക്ക് വലിയ ഊര്‍ജമാണ് നല്‍കുന്നത്.

മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസി കളത്തിലിറങ്ങിയിരുന്നില്ല. പരിക്കേറ്റതിനെ തുടര്‍ന്ന് ബെഞ്ചിലായിരുന്നു മെസിയുടെ സ്ഥാനം. എങ്കിലും ലോകകപ്പ് ആവുമ്പോഴേക്കും മെസി കളത്തില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോകകപ്പിന് മുന്നോടിയായുള്ള അവസാന സൗഹൃദ മത്സരത്തില്‍ ഐസ്ലാന്‍ഡാണ് അര്‍ജന്റീനയുടെ എതിരാളികള്‍. ജൂണ്‍ പത്തിനാണ് മത്സരം.

അതേസമയം 2026 ലോകകപ്പില്‍ ഗ്രൂപ്പ് ജി.യിലാണ് അര്‍ജന്റീന ഇടം നേടിയിട്ടുള്ളത്. അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാന്‍ എന്നീ ടീമുകളാണ് അര്‍ജന്റീനക്കൊപ്പം ഗ്രൂപ്പിലുള്ളത്. താരതമ്യേന ദുര്‍ബലരായ എതിരാളികളുള്ള ഈ ഗ്രൂപ്പില്‍ നിന്നും അട്ടിമറികളൊന്നും നടന്നില്ലെങ്കില്‍ അര്‍ജന്റീന ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ അടുത്ത റൗണ്ടിലേക്ക് മുന്നേറുമെന്ന് ഉറപ്പാണ്.

2026 ലോകകപ്പ് കിരീടം സ്വന്തമാക്കിയാല്‍ ലോകകപ്പിന്റെ ചരിത്രത്തില്‍ കിരീടം നിലനിര്‍ത്തുന്ന മൂന്നാമത്തെ ടീമെന്ന നേട്ടവും അര്‍ജന്റീനക്ക് സ്വന്തമാക്കാന്‍ സാധിക്കും. അഞ്ച് ലോക കിരീടം സ്വന്തമാക്കിയ ബ്രസീലിനും നാല് തവണ ലോകം കീഴടക്കിയ ഇറ്റലിയും മാത്രമാണ് ലോകകപ്പ് നിലനിര്‍ത്തിയിട്ടുണ്ട്.

1978, 1986, 2022 എന്നീ വര്‍ഷങ്ങളില്‍ ലോക കിരീടം നേടിയ അര്‍ജന്റൈന്‍ ടീമിന് ഈ വര്‍ഷവും കിരീടം നേടിയാല്‍ ചരിത്രത്തില്‍ നാല് കിരീടം കൈപ്പിടിയിലാക്കിയ ജര്‍മനിക്കും ഇറ്റലിക്കുമൊപ്പമെത്താനും അര്‍ജന്റീനക്ക് സാധിക്കും.

Content Highlight: Argentina beat Honduras in friendly match ahead 2026 world cup

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more