| Thursday, 16th July 2026, 6:52 am

തുടര്‍ഭരണത്തിന് അര്‍ജന്റീന; ഇംഗ്ലണ്ടിനെ നിലംതൊടാതെ പറത്തി മെസിപ്പട ഫൈനലില്‍

സുദേവ് എ

2026 ഫിഫ ലോകകപ്പിന്റെ കലാശപോരാട്ടത്തിന് യോഗ്യത നേടി നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് അര്‍ജന്റീന വീണ്ടും ഫൈനല്‍ ടിക്കറ്റ് സ്വന്തമാക്കിയത്. 2022 ഖത്തര്‍ ലോകകപ്പില്‍ കിരീടം സ്വന്തമാക്കിയ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം കിരീട പോരാട്ടത്തിനാണ് യോഗ്യത നേടിയിരിക്കുന്നത്.

മത്സരത്തില്‍ ഒരു ഗോളിന് പുറകില്‍ നിന്നതിന് ശേഷമായിരുന്നു അര്‍ജന്റീന തിരിച്ചുവരവ് നടത്തിയത്. അറ്റ്‌ലാന്‍ഡ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ സാധിച്ചിരുന്നില്ല. ആദ്യ പകുതിയില്‍ പരുക്കന്‍ കളിയായിരുന്നു ഇരു ടീമുകളും പുറത്തെടുത്തത്.

രണ്ടാം പകുതിയില്‍ ഇംഗ്ലണ്ടാണ് ആദ്യം ലീഡ് നേടിയത്. 55ാം മിനിട്ടില്‍ ആന്റണി ഗോര്‍ഡനിലൂടെയാണ് ഇംഗ്ലണ്ട് മത്സരത്തില്‍ മുന്നിലെത്തിയത്. മോര്‍ഗന്‍ റോജസ് നല്‍കിയ പാസില്‍ നിന്നും ഒറ്റ ടച്ചിലൂടെ പന്ത് അര്‍ജന്റീനയുടെ വലയില്‍ എത്തിക്കുകയായിരുന്നു താരം.

ഈ ഗോള്‍ നേടിയതിന് ശേഷം ഇംഗ്ലണ്ട് പൂര്‍ണമായും പ്രതിരോധത്തിലേക്ക് നീങ്ങി. ഈ അവസരം മുതലെടുത്ത അര്‍ജന്റീന തുടര്‍ച്ചയായ ആക്രമണങ്ങളിലൂടെ ഇംഗ്ലീഷ് പ്രതിരോധം പൊട്ടിച്ചു. 85ാം മിനിട്ടില്‍ എന്‍സോ ഫെര്‍ണാണ്ടസാണ് അര്‍ജന്റീനക്കായി സമനില ഗോള്‍ സ്വന്തമാക്കിയത്. ഇംഗ്ലണ്ട് പോസ്റ്റിന് പുറത്തുനിന്നും ഒരു തകർപ്പന്‍ ഷോട്ടിലൂടെയാണ് എന്‍സോ അര്‍ജന്റീനക്കായി ലക്ഷ്യം കണ്ടത്.

മത്സരത്തില്‍ അര്‍ജന്റീന ഒപ്പം പിടിച്ചതിന് വിജയഗോളിന് വേണ്ടി ലയണല്‍ മെസിയും സംഘവും തുടര്‍ച്ചയായ നീക്കങ്ങള്‍ നടത്തി. ഒടുവില്‍ ഇഞ്ചുറി ടൈമില്‍ ലൗട്ടാരോ മാര്‍ട്ടിനസാണ് അര്‍ജന്റീനക്കായി വിജയ ഗോള്‍ സ്വന്തമാക്കിയത്.

ഒരു തകര്‍പ്പന്‍ ഹെഡറിലൂടെയാണ് ലൗട്ടാരോ അര്‍ജന്റീനയെ ഫൈനലിലേക്ക് കൈപ്പിടിച്ചുയര്‍ത്തിയത്. ഈ രണ്ട് ഗോളുകള്‍ക്കും വഴിയൊരുക്കിയത് നായകന്‍ ലയണല്‍ മെസിയാണ്. കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും മെസിയാണ്.

ജൂലൈ 20നാണ് ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടം നടക്കുന്നത്. കലാശപ്പോരില്‍ അര്‍ജന്റിനയും സ്പെയ്നുമാണ് നേര്‍ക്കുനേര്‍ എത്തുന്നത്. സെമി ഫൈനലില്‍ ഫ്രാന്‍സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് സ്പാനിഷ് പട കലാശപ്പോരിന് യോഗ്യത നേടിയത്. ഇത് രണ്ടാം തവണയാണ് സ്‌പെയ്ന്‍ ലോകകപ്പ് ഫൈനല്‍ യോഗ്യത നേടുന്നത്.

ഇതിന് മുമ്പ് 2010ലായിരുന്നു സ്പാനിഷ് ടീം ആദ്യമായി ലോകകപ്പ് ഫൈനല്‍ കളിച്ചിരുന്നത്. തങ്ങളുടെ ആദ്യ ഫൈനലില്‍ തന്നെ കിരീടം സ്വന്തമാക്കാനും സ്പാനിഷ് ടീമിന് സാധിച്ചു. നീണ്ട 16 വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടാം ലോകകപ്പ് സ്വന്തമാക്കാന്‍ സ്‌പെയ്‌നും കിരീടം നിലനിര്‍ത്താന്‍ അര്‍ജന്റീനയും ഇറങ്ങുമ്പോള്‍ ഫൈനല്‍ തീപാറുമെന്നുറപ്പാണ്.

അതേസമയം ഫൈനലിന് മുമ്പായി ജൂലൈ 19ന് ലൂസേഴ്സ് ഫൈനല്‍ നടക്കും. ഫ്രാന്‍സും ഇംഗ്ലണ്ടുമാണ് മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിനായി കളത്തിലിറങ്ങുന്നത്.

Content Highlight: Argentina beat England and entered 2026 fifa world cup final

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more