| Thursday, 6th February 2025, 5:12 pm

പ്രായപൂര്‍ത്തിയാകാത്തവര്‍ക്കുള്ള ലിംഗമാറ്റ ചികിത്സയും ശസ്ത്രക്രിയകളും നിരോധിച്ച് അര്‍ജന്റീന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബ്യൂണസ് അയേഴ്‌സ്: പ്രായപൂര്‍ത്തിയാകാത്തവര്‍ക്കുള്ള ലിംഗമാറ്റ ചികിത്സകളും ശസ്ത്രക്രിയകളും നിരോധിച്ചതായി അര്‍ജന്റീനന്‍ പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.

പ്രായപൂര്‍ത്തിയാവാത്തവര്‍ക്കുള്ള ലിംഗമാറ്റ ചികിത്സകളും ശസ്ത്രക്രിയകളും നിരോധിക്കാനും ട്രാന്‍സ് സ്ത്രീകളെ വനിതാ ജയിലുകളില്‍ പാര്‍പ്പിക്കുന്നതിന് പരിധികള്‍ ഏര്‍പ്പെടുത്താനും പ്രസിഡന്റ് ജാവിയര്‍ മിലി തീരുമാനമെടുത്തതായി ഓഫീസ് അറിയിക്കുകയായിരുന്നു.

യു.കെ, സ്വീഡന്‍, ഫിന്‍ലാന്‍ഡ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് തുടങ്ങിയ രാജ്യങ്ങളിലെ ട്രാന്‍സ് നിയമനിര്‍മാണത്തില്‍ തങ്ങള്‍ക്കും സമാനമായ എതിര്‍പ്പുണ്ടെന്നും അതിനാല്‍ ഹോര്‍മോണ്‍ തെറാപ്പിയും നിര്‍ത്തിവെക്കുമെന്ന് അര്‍ജന്റീനന്‍ പ്രസിഡന്‌റ് വക്താവ് അറിയിച്ചു.

ജെന്‍ഡര്‍ ഐഡിയോളജി അതിരുകടന്നുവെന്നും ഇത് മാനസിക ബലപ്രയോഗത്തിലൂടെ കുട്ടികളില്‍ പ്രയോഗിക്കുന്നത് ബാലപീഡനമാണെന്നും പ്രസിഡന്റിന്റെ ഓഫീസ് പറഞ്ഞു.

പ്രസിഡന്റിന് ഒരു നിയമവും ഉത്തരവിലൂടെ പരിഷ്‌ക്കരിക്കാന്‍ കഴിയില്ലെന്നും നയവുമായി അദ്ദേഹം മുന്നോട്ട് പോവുകയാണെങ്കില്‍ ജുഡീഷ്യറിയെ സമീപിക്കുമെന്നും പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന് പിന്നാലെ എല്‍.ജി.ബി.ടി.ക്യൂ.ഐ.പ്ലസ് ഫെഡറേഷന്‍ പ്രതികരിച്ചു.

ഫെമിനിസം, വൈവിധ്യം, ഇന്‍ക്ലൂഷന്‍, ഗര്‍ഭഛിദ്രം, പാരിസ്ഥിതിക വാദം, ജെന്‍ഡര്‍ ഐഡിയോളജി എന്നിവയെ ചോദ്യം ചെയ്ത് കഴിഞ്ഞ ദിവസം അര്‍ജന്റീനന്‍ പ്രസിഡന്റ് പ്രസ്താവന നടത്തിയിരുന്നു. പുരോഗമന നയങ്ങള് ഉന്മൂലനം ചെയ്യേണ്ട ക്യാന്‍സര്‍ ആണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

ഇതിന് പിന്നാലെ എല്‍.ജി.ബി.ടി.ക്യൂ.ഐ.പ്ലസ് അവകാശങ്ങള്‍ക്ക് വേണ്ടി അര്‍ജന്റീനയിലെ ജനങ്ങള്‍ പ്രസിഡന്റിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്നാണ് പ്രസിഡന്റ് അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ട് പ്രഖ്യാപനം നടത്തിയത്.

അതേസമയം ലോകാരോഗ്യ സംഘടനയിലെ അംഗത്വം പിന്‍വലിക്കുമെന്നും അര്‍ജന്റീന അറിയിച്ചിരുന്നു. കൊവിഡ് കാലത്തെ സംഘടനയുടെ ഇടപെടലുകളിലെ അതൃപ്തിയാണ് പിന്‍വാങ്ങലിന് കാരണമെന്നായിരുന്നു വിശദീകരണം. അമേരിക്ക ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്മാറുന്നുവെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Content Highlight: Argentina bans gender reassignment treatments and surgeries for minors

We use cookies to give you the best possible experience. Learn more