2026 ഫിഫ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി അര്‍ജന്റീന. പ്രീക്വാര്‍ട്ടറില്‍ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കിയാണ് അര്‍ജന്റീന അടുത്ത റൗണ്ടിലേക്ക് കടന്നത്. രണ്ട് ഗോളുകള്‍ക്ക് പുറകില്‍ നിന്ന ശേഷമായിരുന്നു അര്‍ജന്റീനയുടെ തിരിച്ചുവരവ്.
അറ്റ്ലാന്‍ഡ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 13ാം മിനിറ്റില്‍ തന്നെ അര്‍ജന്റീനയെ ഞെട്ടിച്ചുകൊണ്ട് ഈജിപ്ത് ഗോള്‍ നേടി. യാസിര്‍ ഇബ്രാഹിമാണ് ടീമിന്റെ ഗോള്‍ സ്‌കോറര്‍. ഒരു തകര്‍പ്പന്‍ ഹെഡറിലൂടെയാണ് താരം അര്‍ജന്റീനയുടെ വലകുലുക്കിയത്.
എന്നാല്‍ ഏഴ് മിനിറ്റുകള്‍ക്ക് ശേഷം മറുപടി ഗോള്‍ നേടാന്‍ അര്‍ജന്റീനക്ക് മികച്ച അവസരം ലഭിച്ചു. എന്നാല്‍ ക്യാപ്റ്റന്‍ ലയണല്‍ മെസി അര്‍ജന്റീനക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി മെസി നഷ്ടമാക്കുകയായിരുന്നു. ഈജിപ്ത് ഗോള്‍കീപ്പര്‍ ഷൗബര്‍ മെസിയെടുത്ത കിക്ക് അനായാസമായി തട്ടിയകറ്റുകയായിരുന്നു. ഒടുവില്‍ ആദ്യ പകുതി ഈജിപ്ത് 1-0ത്തിന് കൈപ്പിടിയിലാക്കി.
രണ്ടാം പകുതിയില്‍ ഈജിപ്ത് വീണ്ടും ഗോള്‍ നേടിയെങ്കിലും വാര്‍ പരിശോധിച്ച റഫറി ഗോള്‍ അനുവദിക്കാതെ നിന്നു. പിന്നീട് 67ാം മിനിറ്റില്‍ മുസ്തഫ സീക്കോയുടെ ഗോളിലൂടെ ഈജിപ്ത് വീണ്ടും ലീഡ് നേടി. ഒരു തകര്‍പ്പന്‍ കൗണ്ടര്‍ അറ്റാക്കിലൂടെ മുന്നേറിയ ഈജിപ്ത് താരങ്ങള്‍ അര്‍ജന്റൈന്‍ പ്രതിരോധത്തെ പൊളിച്ചുകൊണ്ടാണ് മുസ്തഫ സീക്കോ രണ്ടാം ഗോള്‍ സ്വന്തമാക്കിയത്.
മത്സരത്തിന്റെ 79ാം മിനിറ്റില്‍ ക്രിസ്ത്യന്‍ റൊമേറോയുടെ ഗോളിലൂടെ അര്‍ജന്റീന ഒരു ഗോള്‍ തിരിച്ചടിച്ചു. ഹെഡ്ഡര്‍ ഗോളിലൂടെയായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. ഈ ഗോളിന്റെ ആവേശം കെട്ടടങ്ങും മുമ്പ് തന്നെ മെസിയുടെ ഗോളിലൂടെ അര്‍ജന്റീന ഒപ്പം പിടിച്ചു.
ഒടുവില്‍ ഇഞ്ചുറി ടൈമില്‍ എന്‍സോ ഫെര്‍ണാണ്ടസ് അര്‍ജന്റീനക്ക് വേണ്ടി വിജയഗോള്‍ നേടുകയായിരുന്നു. ഒരു തകര്‍പ്പന്‍ ഹെഡറിലൂടെയാണ് എന്‍സോ നിലവിലെ ചാമ്പ്യന്മാരെ അടുത്ത റൗണ്ടിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ അര്‍ജന്റീന ആവേശ വിജയവുമായി ക്വാര്‍ട്ടറിലേക്ക് മുന്നേറുകയായിരുന്നു.
Content Highlight: Argentina advances to quarterfinals of 2026 FIFA World Cup after defeating Egypt