2026 ഫിഫ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ച് നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന. മയാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അരങ്ങേറ്റക്കാരായ കേപ്പ് വെര്‍ദെയെ പരാജയപ്പെടുത്തിയാണ് ടീമിന്റെ കുതിപ്പ്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ആല്‍ബിസെലെസ്റ്റെയുടെ വിജയം.
മത്സരത്തില്‍ ആദ്യ വിസില്‍ മുഴങ്ങിയത് മുതല്‍ മുന്നേറ്റങ്ങളുമായി അര്‍ജന്റീന കുതിച്ചപ്പോള്‍ കേപ്പ് വെര്‍ദെയും ഒപ്പത്തിനൊപ്പം നിന്നു. എന്നാല്‍, ഏറെ വൈകാതെ അര്‍ജന്റീന ലീഡ് എടുത്തു.
29ാം മിനിട്ടില്‍ നായകന്‍ ലയണല്‍ മെസിയാണ് ടീമിന്റെ ആദ്യ ഗോള്‍ സമ്മാനിച്ചത്. ലൗതരോ മാര്‍ട്ടിനസ് നല്‍കിയ പാസ് സ്വീകരിച്ചായിരുന്നു മിശിഹയുടെ നേട്ടം. ഒന്നാം പകുതി ഈ സ്‌കോറോടെ അവസാനിച്ചു.
എന്നാല്‍, രണ്ടാം പകുതിയില്‍ കേപ്പ് വെര്‍ദെ സമനില പിടിച്ചു. ഡെറോയ് ഡുവര്‍ട്ടെയാണ് ബ്ലൂ ഷാര്‍ക്കിനെ അര്‍ജന്റീനക്കൊപ്പം എത്തിച്ചത്. 59ാം മിനിട്ടില്‍ റയാന്‍ മെന്‍ഡസിന്റെ അസിസ്റ്റിലായിരുന്നു ഈ ഗോള്‍.
പിന്നാലെ അര്‍ജന്റീന കൂടുതല്‍ ശക്തമായ മുന്നേറ്റങ്ങളുമായി കേപ്പ് വെര്‍ദെയുടെ ബോക്‌സിലെത്തിയെങ്കിലും വൊസീഞ്ഞ മികച്ച സേവുകള്‍ നടത്തി കളം നിറഞ്ഞു. അതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു.
കളി പുനരാരംഭിച്ച് രണ്ടാം മിനിട്ടില്‍ തന്നെ അര്‍ജന്റീന വീണ്ടും മുന്നിലെത്തി. ഇത്തവണ ലിസാൻഡ്രോ മാര്‍ട്ടിനസാണ് ഗോള്‍ സ്‌കോറര്‍. അലസിസ് മാക് അലിസ്റ്ററാണ് രണ്ടാം ഗോളിന് വഴിയൊരുക്കിയത്.
എന്നാല്‍, ആവേശം തീരും മുമ്പ് തന്നെ കേപ്പ് വെര്‍ദെ വീണ്ടും അര്‍ജന്റീനയെ ഞെട്ടിച്ചു. യാനിക് സെമെഡോ നല്‍കിയ അസിസ്റ്റില്‍ സിഡ്‌നി ലോപ്‌സ് കാബ്രലാണ് ബ്ലൂ ഷാര്‍ക്കിന് വേണ്ടി വല കുലുക്കിയത്. 103ാം മിനിട്ടിലായിരുന്നു ഈ ഗോള്‍.
ഏറെ വൈകാതെ അര്‍ജന്റീന വീണ്ടും മുന്നിലെത്തി. 111ാം മിനിട്ടില്‍ കേപ്പ് വെര്‍ദെയുടെ ഓണ്‍ ഗോളിലാണ് അര്‍ജന്റീന ലീഡെടുത്തത്. ശേഷിക്കുന്ന സമയത്തും ഇരുടീമുകളും ആക്രമണങ്ങളുമായി ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തി. ഒടുവില്‍ അര്‍ജന്റീന വിജയം പിടിച്ചെടുത്തു.
Content Highlight: Argentina advanced in to pre quarter in FIFA World Cup 2026 by defeating Cabo Verde