| Monday, 6th July 2026, 12:16 pm

നാണമില്ലേ ആ സീറ്റില്‍ ഇരിക്കാന്‍; ഞാനല്ല ഗോവിന്ദനാണ് വര്‍ഗവഞ്ചകന്‍: ജി. സുധാകരന്‍

നിഷാന. വി.വി

തിരുവനന്തപുരം: സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.വി ഗോവിന്ദനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ സി.പി.ഐ.എം നേതാവും എം.എല്‍.എയുമായ ജി. സുധാകരന്‍.

എം. വി ഗോവിന്ദന്‍ സെക്രട്ടറി സ്ഥാനത്തിരിക്കാന്‍ അര്‍ഹനല്ലെന്നും പാര്‍ട്ടി നശിക്കട്ടെയെന്നാണ് അയാള്‍ ആഹ്രഹിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. സൈദ്ധാതികമായും പ്രായോഗികമായും എം.വി ഗോവിന്ദനാണ് വര്‍ഗ വഞ്ചകനെന്നും അദ്ദേഹത്തിന് ആ സ്ഥാനത്തിരിക്കാന്‍ നാണമില്ലെയെന്നും അദ്ദേഹം ചോദിച്ചു.

‘പാര്‍ട്ടി ഭരണഘടനയ്ക്ക് എതിരായി പ്രവര്‍ത്തിക്കുന്നവനല്ലേ യഥാര്‍ത്ഥത്തില്‍ വര്‍ഗ വഞ്ചകന്‍. അപ്പോള്‍ വര്‍ഗ വഞ്ചകന്‍ ഗോവിന്ദനല്ലേ. നാണമില്ലേ അയാള്‍ക്ക് ആ സീറ്റില്‍ ഇരിക്കാന്‍. മലയാള ഭാഷയില്‍ തെറ്റില്ലാതെ പറയാന്‍ അദ്ദേഹത്തിന് അറിയാമോ? ഗോവിന്ദന്‍ വായടയ്ക്കുന്നതാണ് നല്ലത്. സി.എച്ച് കണാരന്റെയും എ.കെ.ജിയുടെയും ഇ.എം.എസിന്റെ കാലത്ത് പാര്‍ട്ടിയില്‍ വന്നയാളാണ് ഞാന്‍. അന്ന് ഗോവിന്ദന്‍ ഒന്നും പാര്‍ട്ടിയില്‍ ഇല്ല,’ സുധാകരന്‍ പറഞ്ഞു.

താന്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചതല്ല. സ്വയം മാറിയതാണെന്നും പാര്‍ട്ടിയെ പറ്റി താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഇന്ന് വരെ എം.വി ഗോവിന്ദനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും എന്നാല്‍ അദ്ദേഹം കൊത്തി കൊത്തി മുറത്തില്‍ കൊത്തുകയാണെന്നും സുധാകരന്‍ പറഞ്ഞു.

‘ഞാന്‍ വര്‍ഗവഞ്ചകന്‍ ആണ് എന്ന് പറയുന്ന ഗോവിന്ദന്‍ ആണ് വര്‍ഗവഞ്ചകന്‍. വര്‍ഗത്തെ ആരാണോ വഞ്ചിക്കുന്നത് അയാളാണ് വര്‍ഗവഞ്ചകന്‍. ഞാന്‍ തൊഴിലാളി വര്‍ഗത്തെ വഞ്ചിച്ചിട്ടില്ല. ഞാന്‍ കൃഷിക്കാരെ വഞ്ചിച്ചിട്ടില്ല. ഞാന്‍ അവര്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. നാണമുണ്ടെങ്കില്‍ ഗോവിന്ദന്‍ രാജിവെച്ച് പോണം,’ ജി സുധാകരന്‍ പറഞ്ഞു.

താന്‍ ഒരു പാര്‍ട്ടിയിലും പോയിട്ടില്ലെന്നും താന്‍ കോണ്‍ഗ്രസ് എന്ന ചെളിക്കുണ്ടില്‍ വീണുവെന്നോക്കെ വേറൊരു പോളിറ്റ് ബ്യൂറോ അംഗം പറയുന്നത് കേട്ടുവെന്നും അദ്ദേഹം പറഞ്ഞു.

എം.വി ഗോവിന്ദന്‍ കമ്മ്യൂണിസ്റ്റല്ല, അധിക പറ്റാണെന്നും തെറ്റ് പറ്റിയാല്‍ പാര്‍ട്ടിയായാലും വ്യക്തികളായാലും തിരുത്തണമെന്നും അല്ലാത്തവര്‍ ചരിത്രത്തിന്റെ ചവിറ്റുകൊട്ടയിലാകുമെന്നും അദ്ദേഹം പറഞ്ഞു.

‘കോണ്‍ഗ്രസ് ചെളിക്കുണ്ട് ആണെങ്കില്‍ തമിഴ്നാട്ടില്‍ കോണ്‍ഗ്രസും ലീഗും ഡി.എം.കെയും അടങ്ങുന്ന മുന്നണിയില്‍ അല്ലേ സി.പി.എമ്മും സി.പി.ഐയും. രണ്ടും രണ്ടും നാല് പാര്‍ലമെന്റ് സീറ്റ് കിട്ടിയത് കോണ്‍ഗ്രസിന്റെ പിന്തുണയോടെയല്ലേ. രാജസ്ഥാനില്‍ ഒരു സീറ്റ് കിട്ടിയത് കോണ്‍ഗ്രസിന്റെ പിന്തുണയോടെയല്ലേ. കേരളത്തില്‍ സ്വന്തം ശക്തിയില്‍ ഒരു സീറ്റാണ് കിട്ടിയത്. അങ്ങനെ ഒറ്റ സീറ്റിലേക്ക് പാര്‍ട്ടിയെ എത്തിച്ച ഗോവിന്ദന് നാണമില്ലേ സംസാരിക്കാന്‍. ആ സ്ഥാനം രാജിവെയ്ക്കണം. ഞാന്‍ അപേക്ഷയൊന്നും കൊടുത്തില്ലല്ലോ പാര്‍ട്ടിയില്‍ എടുക്കണമെന്ന്. പാര്‍ട്ടിയെ അറിയാവുന്നവര്‍ വരണം. ഞാന്‍ എല്‍.ഡി.എഫിലും ഇല്ല യു.ഡി.എഫിലും ഇല്ല. ഞാന്‍ സ്വതന്ത്രനാണ്. മുഖ്യമന്ത്രി സതീശന്‍ നല്ല കാര്യങ്ങള്‍ ചെയ്താല്‍ ഞാന്‍ നിയമസഭയില്‍ വോട്ട് ചെയ്യും,’ അദ്ദേഹം പറഞ്ഞു.

പിണറായി വിജയന്‍ വളരെ പവര്‍ഫുളായ രാഷ്ട്രീയ നേതാവാണെന്നും ഇപ്പോള്‍ അദ്ദേഹത്തെ പൊട്രക്റ്റ് ചെയ്യാന്‍ ആരുമില്ലെന്നും കൂടെയുള്ളവരെയൊക്കെ ചുമക്കേണ്ട ബാധ്യതയാണ് അദ്ദേഹത്തിനിപ്പോഴുള്ളതെന്നും സുധാകരന്‍ പറഞ്ഞു. മനോരമ പത്രം വാര്‍ത്ത കൊടുത്തുവെന്നും പിണറായിയെ താന്‍ ഒരിക്കലും വ്യക്തിപരമായി വിമര്‍ശിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി വിട്ടവര്‍ വര്‍ഗ വഞ്ചകരാണെന്നും തെറ്റ് തിരുത്തിയാല്‍ തിരിച്ചെടുക്കുമെന്നും എം.വി ഗോവിന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പിന്നാലെയാണ് സുധാകരന്റെ പ്രതികരണം.

Content Highlight: “Aren’t you ashamed to sit in that seat? Govindan should resign and leave,” said G. Sudhakaran.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more