ലഖ്‌നൗ: അയോധ്യ ക്ഷേത്ര കൊള്ളയില്‍ ട്രസ്റ്റിനെ ന്യായീകരിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. ക്ഷേത്ര വഴിപാടുകള്‍ എണ്ണുന്ന 150 ഓളം പേരില്‍ എട്ട് പേര്‍ക്കെതിരെ മാത്രമേ തെളിവുകള്‍ കണ്ടെത്തിയിട്ടുള്ളുവെന്നും ഒരു ചെറിയ വിഭാഗം വ്യക്തികളുടെ തെറ്റിന് മുഴുവന്‍ ട്രസ്റ്റിനെയും അപകീര്‍ത്തിപ്പെടുത്താന്‍ കഴിയില്ലെന്നും യോഗി പറഞ്ഞു.
കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും അയോധ്യയെ അപകീര്‍ത്തിപ്പെടുത്താനും ശ്രീരാമന്റെ പൈതൃകത്തെ അപമാനിക്കാനും ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന്റെ ശുപാര്‍ശ പ്രകാരമാണ് സംസ്ഥന സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതെന്നും യോഗി പറഞ്ഞു.
വനവാസകാലത്ത് ശ്രീരാമന്‍ താമസിച്ചിരുന്ന പുണ്യനഗരമായ ചിത്രകൂടില്‍ 950 കോടിയോളം രൂപയുടെ പദ്ധതികള്‍ സമര്‍പ്പിച്ച ചടങ്ങില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും പെട്ടെന്ന് സജീവമായി എന്നും അയോധ്യയെ വിമര്‍ശിച്ചവര്‍ ഇപ്പോള്‍ മുതലെടുക്കുകയാണെന്നും യോഗി പറഞ്ഞു.
മോഷണം നടന്നതായി ട്രസ്റ്റിന് തന്നെ സൂചന ലഭിച്ചിരുന്നുവെന്നും അതിനാല്‍ ട്രസ്റ്റ് തന്നെയാണ് എസ്.ഐ.ടി രൂപീകരിക്കാനായി സര്‍ക്കാരിനോട് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
‘പ്രതികള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. അപ്പോള്‍ മുഴുവന്‍ ട്രസ്റ്റിനെയും അപകീര്‍ത്തിപ്പെടുത്തുന്നതിനും ശ്രീരാമന്റെ പൈതൃകത്തെ അപമാനിക്കുന്നതിനും എന്ത് ന്യായമാണുള്ളത്. ഇന്ത്യയുടെ വിശ്വാസത്തെ ആക്രമിക്കാന്‍ കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും കരാറെടുത്തിരിക്കുകയാണെന്ന് തോന്നുന്നു,’ യോഗി പറഞ്ഞു.
ശ്രീരാമന്റെ ഓരോ ഭക്തനും ഇന്ത്യയുടെ വിശ്വാസത്തെ ബഹുമാനിക്കുന്ന ഓരോ പൗരനും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: “Aren’t only eight out of 150 people at fault? Why tarnish the reputation of the entire trust?” — Yogi defends the trust regarding the Ayodhya land deal controversy.