‘സുലൈഖ മൻസിൽ’, ‘പരാശക്തി’, ‘നായാട്ട്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് അർച്ചന പത്മിനി. ചിദംബരം സംവിധാനം ചെയ്ത ‘ബാലൻ ദി ബോയ്’ എന്ന ചിത്രത്തിലും താരം ശ്രദ്ധേയമായ വേഷത്തിലെത്തി. മികച്ച പ്രതികരണം നേടിയ ചിത്രത്തിന്റെ തിയേറ്റർ പ്രദർശനത്തിന് പിന്നാലെ ഒ.ടി.ടി.യിലും ചിത്രം സ്ട്രീമിങ് ആരംഭിച്ചിരുന്നു. ഇതോടെ ചിത്രത്തിലെ കഥാപാത്രങ്ങളുടെയും അഭിനേതാക്കളുടെയും പ്രകടനങ്ങളും ഏറെ ചർച്ചയായിരുന്നു.
ചിത്രത്തിൽ ഷെർളി എന്ന കഥാപാത്രത്തെയാണ് അർച്ചന അവതരിപ്പിച്ചത്. കഥാപാത്രത്തെക്കുറിച്ച് അധികം വിവരങ്ങൾ അറിയാതെയാണ് സിനിമയുടെ ഭാഗമായതെന്നും, ചിത്രത്തിലേക്കുള്ള കാസ്റ്റിങ് പ്രക്രിയയും ഷൂട്ടിങ് അനുഭവങ്ങളും പങ്കുവെക്കുകയാണ് അർച്ചന പത്മിനി. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
അർച്ചന പത്മിനി.Photo: Screengrab/Youtube
‘ബാലൻ’ സിനിമയുടെ സ്ക്രിപ്റ്റ് ഞാൻ വായിച്ചിരുന്നില്ല. എന്റെ കഥാപാത്രത്തെ സിനിമയിൽ എങ്ങനെയാണ് അവതരിപ്പിക്കാൻ പോകുന്നതെന്നതിനെക്കുറിച്ച് എനിക്ക് വലിയ ധാരണയുമുണ്ടായിരുന്നില്ല. കഥാപാത്രത്തിന്റെ ഐഡന്റിറ്റിയെക്കുറിച്ചും അതുമായി ബന്ധപ്പെട്ട ചില കാര്യങ്ങളെക്കുറിച്ചും അറിയാമായിരുന്നു. പക്ഷേ ഷെർളി എന്ന കഥാപാത്രത്തെ എങ്ങനെയാണ് സിനിമയിൽ അവതരിപ്പിക്കുക എന്നതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയില്ലായിരുന്നു. ഓരോ സീനിലും എങ്ങനെ പെർഫോം ചെയ്യണം, എത്രത്തോളം ഇമോഷൻസ് കൊടുക്കണം എന്നൊക്കെ അഭിനയിക്കുന്ന സമയത്ത് പറഞ്ഞുതരികയായിരുന്നു,’അർച്ചന പത്മിനി പറഞ്ഞു.
ചിദംബരത്തെപ്പോലൊരു സംവിധായകനും ഷൈജു ഖാലിദിനെപ്പോലൊരു ഛായാഗ്രാഹകനും ഒപ്പമുണ്ടായിരുന്നതിനാൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിൽ വലിയ ആശങ്കകളൊന്നും ഉണ്ടായിരുന്നില്ലെന്ന് അർച്ചന പത്മിനി കൂട്ടിച്ചേർത്തു.
‘പിന്നെ ചിദംബരത്തെപ്പോലൊരാൾ സംവിധാനം ചെയ്യുകയും ഷൈജു ഖാലിദിനെപ്പോലൊരാൾ ക്യാമറ കൈകാര്യം ചെയ്യുകയും ചെയ്യുമ്പോൾ നമുക്ക് പേടിക്കേണ്ട കാര്യമില്ലല്ലോ. വളരെ നല്ലൊരു ടീമിന്റെ കൂടെയാണ് വർക്ക് ചെയ്യുന്നത്. അവർ ഒരുമിച്ച് ചേരുമ്പോൾ അതൊരു മാജിക്കാണ്. അതിന്റെ ഭാഗമാകുമ്പോൾ നമുക്ക് ധൈര്യമായി തന്നെ പെർഫോം ചെയ്യാം. ഇടയ്ക്ക് ‘എനിക്ക് കഥ അറിയില്ല, എനിക്ക് സ്ക്രിപ്റ്റ് വേണം’ എന്നൊക്കെ ഞാൻ തമാശയായി പറയുമായിരുന്നു. എനിക്ക് അഭിനയിക്കാൻ വേണ്ടിയുള്ള ഒരു ബാക്ക്‌സ്റ്റോറി അവർ ഉണ്ടാക്കി തന്നിരുന്നു. അതെല്ലാം മനസ്സിൽ വെച്ചാണ് ഞാൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. അവർ പറയുന്നത് കേട്ട് അതനുസരിച്ച് ചെയ്യുകയായിരുന്നു,’താരം പറഞ്ഞു.
അർച്ചന പത്മിനി.Photo: screengrab/ Milestonemakers/ Youtube
‘ബാലൻ’ സിനിമയിലേക്കുള്ള എന്റെ കാസ്റ്റിങ് കുറച്ചുകൂടി ടെക്നിക്കലായിട്ടുള്ള ഒരു പ്രോസസ്സ് ആയിരുന്നു. ഞങ്ങൾക്ക് ഒരു സ്ക്രിപ്റ്റ് തന്നിട്ട് അതിന്റെ അടിസ്ഥാനത്തിൽ വീഡിയോ ചെയ്ത് ഓഡിഷൻ ചെയ്യുകയായിരുന്നു. ഒരുപാട് പേരെ ഓഡിഷൻ ചെയ്തതിൽ നിന്നാണ് എന്നെ തിരഞ്ഞെടുത്തത്. എന്റെ ഓഡിഷൻ ക്ലിപ്പ് ചിദംബരത്തിന് ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. ഷൂട്ടിന് പോയപ്പോഴും ആ വീഡിയോ നന്നായിരുന്നുവെന്ന് എല്ലാവരും പറഞ്ഞിരുന്നു. അങ്ങനെയൊരു പ്രോസസിലൂടെ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞത് വളരെ സന്തോഷമുള്ള കാര്യമായിരുന്നു എന്നും താരം പറഞ്ഞു.
Content Highlight: Archana Padmini opens up about her experience working on Balan The Boy