മലയാളത്തിലെ സകല സിനിമാ പേജുകളിലും ഗ്രൂപ്പുകളിലും ഇപ്പോള് ചര്ച്ചയാകുന്ന ചിത്രമാണ് ബെത്ലഹേം കുടുംബ യൂണിറ്റ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില് ഏറ്റവും കൂടുതല് ആളുകള് തിയേറ്ററിലെത്തി കണ്ട മലയാള ചിത്രം എന്ന റെക്കോഡ് സ്വന്തമാക്കിയ സിനിമയായിരുന്നു ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്ലഹേം. പ്രേമലു എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഗിരീഷ് എ.ഡിയും പ്രൊഡക്ഷന് ഹൗസായ ഭാവന സ്റ്റുഡിയോസും ഒന്നിച്ച ബെത്ലഹേം ആഗോളതലത്തില് ഏറ്റവും കൂടുതല് കളക്ഷന് സ്വന്തമാക്കുന്ന മലയാള ചിത്രമെന്ന റെക്കോര്ഡും സ്വന്തമാക്കിയിരുന്നു.
ബെത്ലഹേം കുടുംബ യൂണിറ്റ്. Photo: Book My Show
ഓണം വെക്കേഷന് ലക്ഷ്യമിട്ട് ഓഗസ്റ്റ് 21ന് തിയേറ്ററുകളിലെത്തിയ ചിത്രം 325 കോടിയിലധികമാണ് ബോക്സ് ഓഫീസില് നിന്നും സ്വന്തമാക്കിയത്. ഇന്ഡസ്ട്രി ഹിറ്റടിച്ച ചിത്രം കേരള ബോക്സ് ഓഫീസില് നിന്നും 150 കോടി കടക്കുന്ന ആദ്യ മലയാള ചിത്രമെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. രണ്ടും മൂന്നും തവണ തിയേറ്ററുകളിലെത്തി ചിത്രം കണ്ടവരും ഒട്ടനവധിയാണ്. ബോക്സ് ഓഫീസിലെ വിജയകുതിപ്പിന് പിന്നാലെ ജിയോ ഹോട്സ്റ്റാറിലൂടെ ചിത്രം ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചിരുന്നു.
ബെത്ലഹേമിനൊപ്പം ‘യവനകഥയിലെ ഇടയകന്യകേ’ എന്ന ഗാനവും ഏവരും ഏറ്റെടുത്തിരുന്നു. ചിത്രത്തെ പ്രേക്ഷകര്ക്ക് കൂടുതല് പ്രിയപ്പെട്ടാതാക്കുന്നതില് ഈ ഗാനവും പ്രധാന പങ്കുവഹിച്ചിരുന്നു. ഔസേപ്പച്ചന് സംഗീത സംവിധാനം നിര്വഹിച്ച ഗാനം ജോഷി സംവിധാനം ചെയ്ത് പുറത്തിറക്കാന് പറ്റാതെ പോയ അന്ന എന്ന ചിത്രത്തിലേതായിരുന്നു. അരവിന്ദ് സ്വാമിയെ നായകനാകുന്ന ചിത്രത്തിന്റെ പോസ്റ്ററും സോഷ്യല് മീഡിയയില് ശ്രദ്ധിക്കപ്പെട്ടിരുന്നു.
എന്നാല് ചിത്രത്തെ കുറിച്ച് തനിക്കറിയില്ലെന്ന് പറയുകയാണ് അരവിന്ദ് സ്വാമി. ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില് സംസാരിക്കവെയാണ് ചിത്രത്തിന് വേണ്ടി താന് സൈന് ചെയ്തിട്ടില്ലെന്ന് താരം പറഞ്ഞത്.
അരവിന്ദ് സ്വാമി. Photo: X.com
‘അങ്ങനെയൊരു ചിത്രം ചെയ്യാമെന്ന് ഞാന് ഏറ്റിരുന്നില്ല. എന്റെ പേരില് എന്തോ ഒരു മിസ്കമ്യൂണിക്കേഷന് ഞങ്ങള്ക്കിടയില് നടന്നതാണ്. എനിക്ക് പകരം മറ്റാരോ അണിയറപ്രവര്ത്തകരുമായി സംസാരിച്ചതാണ്. എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. അന്ന് ഞാന് ഇന്ഡസ്ട്രിയില് പുതിയ ആളായിരുന്നു. ഞാന് അഭിനയിക്കും എന്ന് അവര് പ്രതീക്ഷിച്ചതാണോ എന്നും എനിക്കറിയില്ല. പക്ഷേ ആ ഗാനവും അത് ഉപയോഗിച്ച ബെത്ലഹേം എന്ന സിനിമയും ഇപ്പോള് വലിയ ഹിറ്റാണെന്ന് ഞാന് കേട്ടു,’ അരവിന്ദ് സ്വാമി പറഞ്ഞു.
Content Highlight: Aravind Swami talks about Yavana Kadhayile song in Bethlehem Kudumba Unit