| Sunday, 28th June 2026, 8:29 pm

അയോധ്യ ക്ഷേത്രക്കൊള്ള: പരല്‍മീനുകള്‍ മാത്രം കുടുങ്ങുന്നു, വമ്പന്‍ സ്രാവുകളെ ഒഴിവാക്കി അന്വേഷണം അട്ടിമറിക്കാന്‍ ശ്രമമെന്ന് കെജ്‌രിവാള്‍

ആദര്‍ശ് എം.കെ.

ന്യൂദല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായി ഭക്തര്‍ നല്‍കിയ സംഭാവനകളില്‍ വന്‍ സാമ്പത്തിക ക്രമക്കേട് നടന്ന സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍.

കേസിലെ പ്രധാന പ്രതികളും സ്വാധീനമുള്ളവരുമായ വമ്പന്‍ പേരുകാര്‍ നിയമത്തിന് പുറത്ത് സ്വതന്ത്രരായി വിഹരിക്കുമ്പോള്‍, അന്വേഷണം കേവലം താഴേക്കിടയിലുള്ളവരിലേക്ക് മാത്രമായി ഒതുക്കി വലിയൊരു അഴിമതി മൂടിവെക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനൊപ്പം അമൃത്‌സര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കെജ്‌രിവാള്‍ വിമര്‍ശനമുയര്‍ത്തിയത്.

200 കോടി രൂപയുടെ മോഷണം നടന്നതായാണ് ആരോപണമെങ്കിലും ഇതുവരെ വെറും 80 ലക്ഷം രൂപ മാത്രമാണ് പൊലീസിന് കണ്ടെടുക്കാന്‍ കഴിഞ്ഞതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പണം എണ്ണുന്നവര്‍, കാവല്‍ക്കാര്‍ എന്നിങ്ങനെ താഴേക്കിടയില്‍ ജോലി ചെയ്യുന്ന എട്ടുപേരെ മാത്രമാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. പിടിയിലായവരെ പൊലീസ് വേണ്ടവിധം ചോദ്യം ചെയ്യുകയോ അവരുടെ റിമാന്‍ഡ് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്ന് കെജ്‌രിവാള്‍ ആരോപിച്ചു.

മോഷണം പോയ ബാക്കി തുക എവിടെയാണെന്നോ അത് ആര്‍ക്കാണ് കൈമാറിയതെന്നോ കണ്ടെത്താന്‍ പൊലീസ് ശ്രമിക്കുന്നില്ല. ഇത് പ്രതികള്‍ക്ക് എളുപ്പത്തില്‍ ജാമ്യം ലഭിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാമക്ഷേത്ര സംഭാവന വിവാദത്തില്‍ പ്രധാനമന്ത്രി പുലര്‍ത്തുന്ന മൗനത്തെ കോണ്‍ഗ്രസും ശക്തമായി ചോദ്യം ചെയ്തിട്ടുണ്ട്. ഈ വിഷയം നിലവില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.

അയോധ്യ ക്ഷേത്രക്കൊള്ളയ്‌ക്കെതിരെ വിമര്‍ശനമുന്നയിച്ചതിനൊപ്പം പഞ്ചാബിലെ ആത്മീയ പൈതൃകം ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ ഭാഗമായി അമൃത്‌സറിലെ ഭഗവാന്‍ വാത്മീകി തീര്‍ത്ഥസ്ഥലിനോട് ചേര്‍ന്ന് ലവ-കുശ, മാതാ ജാനകി എന്നിവര്‍ക്കായി ഒരു വലിയ ക്ഷേത്രസമുച്ചയം നിര്‍മിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.

രാമായണത്തില്‍ ഏറെ പ്രാധാന്യമുള്ള അമൃത്‌സറിലെ വാത്മീകി ആശ്രമത്തിലാണ് ഭഗവാന്‍ രാമന്റെ മക്കളായ ലവകുശന്‍മാര്‍ ജനിച്ചതെന്നും, അവിടെ വെച്ചാണ് അവര്‍ അശ്വമേധ കുതിരയെ തടഞ്ഞുനിര്‍ത്തിയതെന്നും ഉള്ള ഐതീഹ്യം ഉയര്‍ത്തിക്കാട്ടിയാണ് എ.എ.പി സര്‍ക്കാര്‍ ഈ പുതിയ ക്ഷേത്ര നിര്‍മ്മാണത്തിന് ഒരുങ്ങുന്നത്.

മേഖലയിലെ പ്രാദേശിക-ആത്മീയ താത്പര്യങ്ങളെക്കൂടി അഭിസംബോധന ചെയ്യാനുള്ള രാഷ്ട്രീയ തന്ത്രമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

അതേസമയം, സിഖ് മതവിരുദ്ധ നിയമവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പഞ്ചാബിലെ എല്ലാ എ.എ.പി എം.എല്‍.എമാരും മന്ത്രിമാരും ജൂണ്‍ 29ന് അമൃത്സറിലെ അകാല്‍ തക്തിന് മുന്നില്‍ ഹാജരാകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മതപരമായ ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ പിരിമുറുക്കങ്ങള്‍ക്കിടയിലാണ് എ.എ.പി നേതാക്കളുടെ ഈ നിര്‍ണായക നീക്കം.

Content highlight: Aravind Kejriwal Alleges Cover-up in Ram Temple Donation Fraud Case

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more