ന്യൂദല്‍ഹി: നീറ്റ് ചോദ്യച്ചോര്‍ച്ചയില്‍ വിചിത്ര നീക്കങ്ങള്‍ നടത്തുകയാണ് കേന്ദ്രസര്‍ക്കാരെന്ന് ദല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി (എ.എ.പി) ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍. പരിഹാസ്യമായ നീക്കങ്ങള്‍ നടത്തുന്നതിന് പകരം ചോദ്യച്ചോര്‍ച്ചയുടെ വാസ്തവം കണ്ടെത്താന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്നും കെജ്‌രിവാള്‍ എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
ചോദ്യപ്പേപ്പര്‍ ചോര്‍ച്ച തടയാന്‍ വ്യോമസേനയുടെ സഹായം തേടാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. വ്യോമസേനയുടെ ട്രക്കുകളില്‍ ചോദ്യപേപ്പര്‍ വിതരണത്തിനായി എത്തിക്കുന്നത് പരിഗണിക്കുന്നുവെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ വ്യോമസേനയെ ഉപയോഗിക്കും. അത് ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തടയുമോ. എന്തുകൊണ്ടാണ് നമ്മുടെ സര്‍ക്കാര്‍ വിവിദ്യാഭ്യാസമില്ലാത്തവരെ പോലെ സംസാരിക്കുന്നത്.’ കെജ്‌രിവാള്‍ ചോദിച്ചു.
ലോകത്ത് എത്രയോ പരീക്ഷകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. എവിടെയെങ്കിലും ഇത്രയും വിചിത്രമായ കാര്യങ്ങള്‍ കേട്ടിട്ടുണ്ടോയെന്നും എക്‌സ് പോസ്റ്റില്‍ കെജ്‌രിവാള്‍ ചോദിച്ചു.
രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം മാഫിയകളുടെ കൈപ്പിടിയിലൊതുങ്ങിയതായും കെജ്‌രിവാള്‍ അഭിപ്രായപ്പെട്ടു. കേന്ദ്രസര്‍ക്കാരിന് ചോദ്യച്ചോര്‍ച്ച തടയാനുള്ള ഒരു ഉദ്ദേശവുമില്ല. രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം മാഫിയകളുടെ കൈപ്പിടിയിലകപ്പെട്ടുപോയിരിക്കുകയാണ്. എല്ലാവരും ഒരുമിച്ചിറങ്ങണം. ഒരാള്‍ ഒറ്റക്ക് എന്തെങ്കിലും ചെയ്തത് കൊണ്ട് മാത്രം ഈ സ്ഥിതിയില്‍ മാറ്റം വരുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ രാജ്യത്തിന് വിദ്യാഭ്യാസമുള്ള ഒരു പ്രധാനമന്ത്രിയെ ആവശ്യമുണ്ടെന്ന് മറ്റൊരു എക്‌സ് പോസ്റ്റില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.
മെയ് 3ന് നടന്ന നീറ്റ്- യുജി പരീക്ഷ ചോദ്യ ചോര്‍ച്ചയെ തുടര്‍ന്ന് മെയ് 12 ന് റദ്ദാക്കിയിരുന്നു. ഇത് വലിയ വിവാദമാവുകയും നിരവധിയാളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
അതേസമയം, ചോദ്യച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട ഹരജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിച്ചിട്ടുണ്ട്. മെഡിക്കല്‍ പ്രവേശന പരീക്ഷ നടത്തുന്നതിന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പുനസംഘടിപ്പിക്കുകയോ കൂടുതല്‍ ശക്തവും സ്വതന്ത്രവുമായ മറ്റൊരു സംവിധാനത്തിന് ചുമതല നല്‍കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികളാണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്.
നീറ്റ്-യുജി പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കൃത്യമായ ഉത്തരവാദിത്തം ഉറപ്പാക്കണമെന്ന് ഹരജികള്‍ പരിഗണിച്ച സുപ്രീം കോടതി അഭിപ്രായപ്പെട്ടു. പരീക്ഷയിലെ അട്ടിമറികള്‍ മാനസികാഘാതം ഉണ്ടാക്കുന്നതാണെന്നും അത് കുട്ടികള്‍ക്ക് മാത്രമല്ല മാതാപിതാക്കള്‍ക്കും കൂടിയാണെന്നും സുപ്രീം കോടതി പറഞ്ഞു.
ജസ്റ്റിസുമാരായ പി.എസ് നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. യഥാര്‍ത്ഥ വ്യക്തികളില്‍ ഉത്തരവാദിത്തം ചുമത്തുന്നത് വരെ പ്രശ്നങ്ങള്‍ അവസാനിക്കില്ലെന്നും ബെഞ്ച് ചൂണ്ടിക്കാണിച്ചു.
Content Highlight: Aravind Kejrival slams Government’s Move to seek Air force help in NEET question papers