ന്യൂദല്‍ഹി: കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസ്സുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും യാത്ര സൗജന്യമാക്കിയ പ്രിയദര്‍ശിനി പദ്ധതിയെ പ്രശംസിച്ച് ദല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍. പഞ്ചാബിലും ദല്‍ഹിയിലും ഞങ്ങള്‍ ചെയ്ത കാര്യങ്ങള്‍ മറ്റു സംസ്ഥാനങ്ങളെ സ്വാധീനിക്കുന്നതില്‍ സന്തോഷമുണ്ടെന്നും കെജ്‌രിവാള്‍ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.
‘കേരളത്തിലെ സ്ത്രീകള്‍ക്ക് അഭിനന്ദനങ്ങള്‍. ദല്‍ഹിയിലും പഞ്ചാബിലും ഞങ്ങള്‍ ചെയ്ത കാര്യങ്ങള്‍ മറ്റ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പ്രചോദനമാവുന്നതും അവര്‍ അത്തരം ക്ഷേമപദ്ധതികള്‍ ആരംഭിക്കുന്നതും കാണുന്നത് മനസ് നിറയ്ക്കുന്ന കാര്യമാണ്,’ കെജ്‌രിവാള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഞങ്ങള്‍ ആദ്യമായി ദല്‍ഹിയില്‍ ഈ പദ്ധതി ആരംഭിച്ചപ്പോള്‍ അതിന്റെ വലിയ സാധ്യത ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു. യാത്രാ ചിലവുകളുടെ ബാധ്യതയില്ലാതെ സ്ത്രീകള്‍ക്ക് എവിടെ വേണമെങ്കിലും ജോലി നോക്കാം. സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ച് ആശങ്കപ്പെടാതെ വിദ്യാര്‍ത്ഥിനികള്‍ക്ക് പഠിക്കാന്‍ പോവാം,’ കെജ്‌രിവാളിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
2019ല്‍ ദല്‍ഹിയിലെ അന്നത്തെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് ദല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസ്സുകളില്‍ യാത്ര സൗജന്യമാക്കിയിരുന്നു. പിങ്ക് ടിക്കറ്റ് എന്നായിരുന്നു ഈ പദ്ധതി അറിയരപ്പെട്ടത്. പിങ്ക് കളറുള്ള ബസ് ടിക്കറ്റുകളായിരുന്നു സ്ത്രീകള്‍ക്ക് നല്‍കിയിരുന്നത്.
2021ലാണ് പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ സമാന പദ്ധതി ആരംഭിച്ചത്. ഇതിന് പുറമെ 2021ല്‍ തമിഴ്‌നാട്ടിലും 2023ല്‍ കര്‍ണാടകയിലും സ്ത്രീകള്‍ക്ക് യാത്ര സൗജന്യമാക്കിയിരുന്നു. 2025ല്‍ ജമ്മു, ശ്രീനഗര്‍ കോര്‍പറേഷനും സ്ത്രീകള്‍ക്ക് വേണ്ടി മാത്രമുള്ള സൗജന്യ സിറ്റി ബസ് സര്‍വീസുകളും ആരംഭിച്ചിരുന്നു.
മുഖ്യമന്ത്രി വി.ഡി സതീശനാണ് ഇന്ന് പ്രിയദര്‍ശിനി പദ്ധതി സംസ്ഥാന തലത്തില്‍ ഉദ്ഘാടനം ചെയ്തത്. തിരുവനന്തപുരം തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപോയിലായിരുന്നു ഉദ്ഘാടനം.
ഉദ്ഘാടനത്തിന് പിന്നാലെ മുഖ്യമന്ത്രിയും സംഘവും വനിതകള്‍ക്കൊപ്പം ബസില്‍ യാത്ര ചെയ്യുകയും ചെയ്തു. കെ.എസ്.ആര്‍.ടി.സിയില്‍ പി.എസ്.സി വഴി നിയമിച്ച ആദ്യ വനിതാ ഡ്രൈവറായ വി.പി ഷീലയാണ് ഉദ്ഘാടന യാത്രയിലെ ഡ്രൈവര്‍. ഗതാഗതമന്ത്രി സി.പി ജോണ്‍, മന്ത്രിയായ കെ.എ തുളസി, തിരുവനന്തപുരത്തെ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവരും ആദ്യ യാത്രക്കാരായി ബസിലുണ്ടായിരുന്നു.
Content Highlight: Aravind Kejrival on KSRTC Free Ticket for Women