ടെഹ്റാന്‍: ഇറാന്റെ പരമാധികാരത്തിന് നേരെയുള്ള ആക്രമണങ്ങള്‍ യു.എസ് അവസാനിപ്പിക്കുകയാണെങ്കില്‍ തങ്ങളുടെ സൈനിക നടപടികള്‍ നിര്‍ത്തിവെക്കാന്‍ തയ്യാറാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി. ഇറാനെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങള്‍ അവസാനിച്ചാല്‍ മാത്രമേ സമാധാനം സാധ്യമാകൂ എന്നും അരാഗ്ചി പറഞ്ഞു.
‘ഇറാനെതിരെയുള്ള ആക്രമണങ്ങള്‍ നിര്‍ത്തിയാല്‍, ഞങ്ങളുടെ കരുത്തുറ്റ സായുധ സേന അവരുടെ പ്രതിരോധ നടപടികള്‍ അവസാനിപ്പിക്കും,’ അരാഗ്ചി പറഞ്ഞു.
ഇസ്രഈലും അമേരിക്കയും അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചാണ് യുദ്ധത്തിന് തുടക്കമിട്ടതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇറാന്റെ ഇതുവരെയുള്ള സൈനിക നീക്കങ്ങള്‍ തന്ത്രപ്രധാനമായ സുരക്ഷാ കേന്ദ്രങ്ങളെ മാത്രം ലക്ഷ്യം വെച്ചുള്ള ‘നിയമപരമായ പ്രതിരോധം’ മാത്രമാണെന്നും കൂട്ടിച്ചേര്‍ത്തു.
മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിനായി പാകിസ്ഥാന്‍ നടത്തുന്ന നയതന്ത്ര ഇടപെടലുകളെയും ഇറാന്‍ പ്രശംസിച്ചു. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ എന്നിവരുടെ അശ്രാന്ത പരിശ്രമങ്ങള്‍ക്ക് അരാഗ്ചി നന്ദി രേഖപ്പെടുത്തി.
പ്രധാനമന്ത്രി ഷെരീഫിന്റെ പ്രത്യേക അഭ്യര്‍ത്ഥനയും യു.എസ് മുന്നോട്ടുവെച്ച 15 ഇന നിര്‍ദ്ദേശങ്ങളും പരിഗണിച്ചാണ് ഇറാന്‍ ചര്‍ച്ചകള്‍ക്ക് സന്നദ്ധത അറിയിച്ചിരിക്കുന്നത്.
കൂടാതെ, ചര്‍ച്ചകള്‍ക്കുള്ള അടിസ്ഥാനമായി ഇറാന്‍ സമര്‍പ്പിച്ച 10 ഇന നിര്‍ദ്ദേശങ്ങളുടെ പൊതുവായ ചട്ടക്കൂട് അമേരിക്കന്‍ പ്രസിഡന്റ് അംഗീകരിച്ചതും ഈ തീരുമാനത്തിന് പിന്നിലെ പ്രധാന ഘടകമായി. ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന് വേണ്ടിയാണ് താന്‍ ഈ പ്രഖ്യാപനം നടത്തുന്നതെന്നും അരാഗ്ചി അറിയിച്ചു.
ആഗോള വിപണിയെ സംബന്ധിച്ചിടത്തോളം ഏറ്റവും നിര്‍ണ്ണായകമായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ചരക്ക് നീക്കത്തില്‍ ഇറാന്‍ വിട്ടുവീഴ്ച പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ആഴ്ചത്തേക്ക് ഈ മേഖലയിലൂടെ സുരക്ഷിതമായ ഗതാഗതം അനുവദിക്കുമെന്ന് ഇറാന്‍ അറിയിച്ചു.
ഇറാന്‍ സായുധ സേനയുമായുള്ള കൃത്യമായ ഏകോപനത്തിലൂടെയും സാങ്കേതിക പരിമിതികള്‍ കണക്കിലെടുത്തും ഇത് സാധ്യമാക്കും. യുദ്ധം മൂലം സ്തംഭനാവസ്ഥയിലായ ആഗോള എണ്ണ വ്യാപാരത്തിനും കപ്പല്‍ ഗതാഗതത്തിനും ഇത് വലിയ ആശ്വാസമാകുമെന്നാണ് കണക്കുകൂട്ടല്‍.
ഇറാന്റെ പ്രഖ്യാപനം കേവലം ഒരു വെടിനിര്‍ത്തല്‍ വാഗ്ദാനം മാത്രമല്ലെന്നും, മറിച്ച് അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്കും നയതന്ത്ര ചര്‍ച്ചകള്‍ക്കും രാജ്യം നല്‍കുന്ന വലിയൊരു അംഗീകാരമാണെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്. അരാഗ്ചിയുടെ ഈ ഔദ്യോഗിക പ്രഖ്യാപനം പശ്ചിമേഷ്യയില്‍ ഒരു പുതിയ സമാധാന ചര്‍ച്ചകളുടെ അധ്യായത്തിന് തുടക്കമിടുമെന്നാണ് കരുതപ്പെടുന്നത്.
Content Highlight: Araghchi says Iran will halt fire if attacks stop, thanks Pakistan