| Friday, 11th September 2026, 4:56 pm

സിറിയന്‍ പ്രദേശം കൈയടക്കാനുള്ള ഇസ്രഈല്‍ നീക്കത്തെ അപലപിച്ച് അറബ് രാജ്യങ്ങള്‍

റെന്വര്‍ പി

ദുബായ്: സിറിയയിലെ മൗണ്ട് ഹെര്‍മോണ്‍ മേഖലയിലേക്ക് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിയമവിരുദ്ധമായി പ്രവേശിച്ചതിനെ അപലപിച്ച് അറബ് രാജ്യങ്ങള്‍. സിറിയയുടെ പരമാധികാരത്തിന് നേരെയുള്ള ആക്രമണങ്ങള്‍ തടയാന്‍ നടപടിയെടുക്കണമെന്ന് അറബ് രാജ്യങ്ങള്‍ യു.എന്‍ രക്ഷാ സമിതിയോട് ആവശ്യപ്പെട്ടതായി അനഡോലു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സിനൊപ്പം ബുധനാഴ്ചയാണ് നെതന്യാഹു മൗണ്ട് ഹെര്‍മോണിലെ സിറിയന്‍ മേഖലയില്‍ പ്രവേശിച്ചത്. ഒക്ടോബര്‍ 27-ന് നടക്കാനിരിക്കുന്ന നെസെറ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തിന്റെ ഭാഗമായി ഈ നീക്കം വിലയിരുത്തപ്പെടുന്നു.

സിറിയയുടെ പരമാധികാരത്തിന്റെയും പ്രാദേശിക അഖണ്ഡതയുടെയും നേര്‍ക്കുള്ള കടന്നു കയറ്റമാണികതെന്ന് കുവൈറ്റ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. അന്താരാഷ്ട്ര നിയമത്തിന്റെ നഗ്‌നമായ ലംഘനമാണ് ഇസ്രഈലിന്റെ നടപടിയെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ആക്രമണങ്ങള്‍ അവസാനിപ്പിക്കാനും ബാധകമായ അന്താരാഷ്ട്ര പ്രമേയങ്ങള്‍ ഇസ്രഈല്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഐക്യരാഷ്ട്രസഭാ രക്ഷാ സമിതി അവരുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണം. സിറിയയും ഇസ്രായേലും തമ്മിലുള്ള 1974-ലെ സൈനിക പിന്മാറ്റ കരാറിനെ മാനിക്കേണ്ടത് ആവശ്യമാണെന്നും ഖത്തര്‍ പ്രതികരിച്ചു.

സിറിയന്‍ പ്രദേശത്തേക്കുള്ള നെതന്യാഹുവിന്റെ നിയമവിരുദ്ധമായ പ്രവേശനത്തെയും അന്താരാഷ്ട്ര അതിര്‍ത്തികള്‍ ലംഘിച്ചതിനെയും ഖത്തര്‍ അപലപിച്ചു. സിറിയന്‍ അറബ് റിപ്പബ്ലിക്കിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണ് ഇതെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

1974-ലെ സൈനിക പിന്മാറ്റ കരാറും അന്താരാഷ്ട്ര പ്രമേയങ്ങളും പാലിക്കാന്‍ ഇസ്രഈലിനെ നിര്‍ബന്ധിക്കാന്‍ അന്താരാഷ്ട്ര സമൂഹം അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു.

സിറിയയുടെ പരമാധികാരത്തിന്റെയും പ്രാദേശിക അഖണ്ഡതയുടെയും ഗുരുതരമായ ലംഘനമാണ് ഇതെന്ന് സൗദി അറേബ്യ പ്രതികരിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് ഇത്. ഈ നിയമവിരുദ്ധ പ്രവേശനത്തെ ശക്തമായി അപലപിക്കുന്നതായി സൗദിയും വ്യക്തമാക്കി.

സിറിയന്‍ പ്രദേശത്തിന് എതിരായ കടന്നുകയറ്റങ്ങള്‍ അവസാനിപ്പിക്കണം. പ്രാദേശിക സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തുന്നതിനായി 1974-ലെ സൈനിക പിന്മാറ്റ കരാര്‍ പാലിക്കാന്‍ ഇസ്രഈല്‍ തയ്യാറാകണമെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ഈജിപ്തും ഇസ്രഈലിന്റെ കടന്നുകയറ്റത്തെ അപലപിച്ചു. ‘തുടര്‍ച്ചയായുള്ള ഇത്തരം നടപടികള്‍ സംഘര്‍ഷം വര്‍ദ്ധിപ്പിക്കാനും പ്രാദേശിക സുരക്ഷയെയും സ്ഥിരതയെയും ദുര്‍ബലപ്പെടുത്താനും ഇടയാക്കും’ എന്ന് ഈജിപ്ത് മുന്നറിയിപ്പ് നല്‍കി.

സിറിയയയ്ക്ക് പൂര്‍ണ്ണ ഐക്യദാര്‍ഢ്യം അറിയിക്കുന്നു. സിറിയയുടെ പരമാധികാരം, ഐക്യം, പ്രാദേശിക അഖണ്ഡത എന്നിവയെ പിന്തുണക്കുന്നുവെന്നും ഈജിപ്ത് വ്യക്തമാക്കി. നെതന്യാഹുവിന്റെ നിയമവിരുദ്ധ പ്രവേശനം പ്രകോപനപരമായ നീക്കമാണ്. പരമാധികാരത്തിന്റെയും പ്രാദേശിക അഖണ്ഡതയുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണ് ഇതെന്നും ഈജിപ്ത് പ്രതികരിച്ചു.

സിറിയയുടെ പരമാധികാരത്തിന്റെയും പ്രാദേശിക അഖണ്ഡതയുടെയും മേലുള്ള ഈ ഗുരുതരമായ ലംഘനം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് എന്ന് ജോര്‍ദാന്‍ വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചു.

മൗണ്ട് ഹെര്‍മോണ്‍ മേഖലയിലേക്ക് നെതന്യാഹു അനധികൃതമായ പ്രവേശിക്കുന്നതിന്റെ വീഡിയോ അടുത്തിടെ പുറത്ത് വന്നിരുന്നു. മൗണ്ട് ഹെര്‍മോണ്‍ മുതല്‍ യാര്‍മൗക്ക് നദി വരെയുള്ള പ്രദേശത്ത് ഇസ്രഈല്‍ പൂര്‍ണ്ണ നിയന്ത്രണം സ്ഥാപിച്ചിട്ടുണ്ടെന്ന് നെതന്യാഹു അവകാശപ്പെടുകയും ചെയ്തിരുന്നു.

ഹെര്‍മോണില്‍ തങ്ങളുടെ അധിനിവേശം തുടരാനാണ് പദ്ധതിയെന്ന് ഇസ്രഈല്‍ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് സൂചന നല്‍കി. ‘ഞങ്ങള്‍ മൗണ്ട് ഹെര്‍മോണിലാണ്, ഞങ്ങള്‍ ഇവിടെ നിന്ന് മാറില്ല,’ എന്ന് കാറ്റസ് പറയുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

1967 മുതല്‍ സിറിയയുടെ ഗോലാന്‍ ഹൈറ്റ്സ് ഇസ്രായേല്‍ കൈവശം വെച്ചിരിക്കുകയാണ്. 1981-ല്‍ ഈ പ്രദേശം തങ്ങളുടേതാണെന്ന് ഇസ്രഈല്‍ ഏകപക്ഷീയമായി പ്രഖ്യാപിച്ചിരുന്നു എന്നാല്‍ ആ നടപടി അന്താരാഷ്ട്ര സമൂഹം അംഗീകരിച്ചിട്ടില്ല.

Content Highlights: Arab states condemn Netanyahu’s incursion into Mount Hermon in Syria

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more