| Friday, 13th November 2026, 10:45 am

ഇറാനെതിരായ വന്‍ ആക്രമണങ്ങള്‍ നടത്തുന്നതില്‍ നിന്ന് തന്നെ പിന്തിരിപ്പിച്ചത് അറബ് രാജ്യങ്ങള്‍: ഡൊണാള്‍ഡ് ട്രംപ്

നിഷാന. വി.വി

വാഷിംങ്ടണ്‍: ഇറാനുമേല്‍ വലിയ തോതിലുള്ള സൈനിക ആക്രമണങ്ങള്‍ നടത്തുന്നതില്‍ നിന്ന് തന്നെ പിന്തിരിപ്പിച്ചത് ഗള്‍ഫ് രാജ്യങ്ങളാണെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, യു.എ.ഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ ആവശ്യപ്പെട്ടതുകൊണ്ട് മാത്രമാണ് തത്ക്കാലം കടുത്ത നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നും ട്രംപ് പറഞ്ഞു.
മേഖലയില്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനും നിലവിലെ സാഹചര്യം തുടരാനുമാണ് ഈ രാജ്യങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അറബ് രാജ്യങ്ങളുടെ ഈ നിലപാടിനോട് തനിക്ക് വ്യക്തിപരമായി പൂര്‍ണ്ണ യോജിപ്പില്ലെങ്കിലും അവരുടെ അഭ്യര്‍ത്ഥന മാനിക്കുകയാണ് ചെയ്തതെന്നും യു.എസ് പ്രസിഡന്റ് പറഞ്ഞു.

ഇവരുടെ ഇടപെടല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഇതിനോടകം തന്നെ ഇറാനെതിരെ ശക്തമായ ആക്രമണത്തിന് താന്‍ ഉത്തരവിടുമായിരുന്നു എന്നും ഇറാനെ തകര്‍ക്കാന്‍ തനിക്ക് അധികം സമയം വേണ്ടിവരില്ലെന്നും ട്രംപ് അവകാശവാദമുന്നയിച്ചു. ഒറ്റ ദിവസം കൊണ്ട് ഇറാന്റെ ഊര്‍ജ സംവിധാനങ്ങളും പാലങ്ങളും നിര്‍മാണ ശേഷിയും പൂര്‍ണമായും തകര്‍ക്കാന്‍ അമേരിക്കയ്ക്ക് സാധിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഈ അഭ്യര്‍ത്ഥനകള്‍ ഇല്ലായിരുന്നെങ്കില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമായിരുന്നോ എന്ന ചോദ്യത്തിന് ‘അതെ, നടത്തുമായിരുന്നു’ എന്നായിരുന്നു ട്രംപിന്റെ മറുപടി. ഇറാന്‍ ഊര്‍ജ്ജ കന്ദ്രങ്ങളെയും പാലങ്ങളെയും വന്‍ ആക്രമണങ്ങളില്‍ നിന്ന് ഒഴിവാക്കി നിര്‍ത്തിയിരിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

‘ഒരു ദിവസം കൊണ്ട് അവരുടെ ഊര്‍ജ മേഖല ഇല്ലാതാകും. ഒരു ദിവസം കൊണ്ട് അവരുടെ പാലങ്ങള്‍ ഇല്ലാതാകും. ഒരു ദിവസം കൊണ്ട് അവരുടെ നിര്‍മ്മാണ ശേഷിയും ഇല്ലാതാകും. എനിക്ക് അതിന് വെറും മൂന്ന് ദിവസം മതി,’ അദ്ദേഹം പറഞ്ഞു.

യുദ്ധത്തെ തുടര്‍ന്നുണ്ടായ പെട്രോള്‍ വില വര്‍ധനവ് ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പരാജയത്തിന് കാരണമായെന്ന് സമ്മതിച്ച ടംപ്, എന്നാല്‍ ഇറാനെ ആക്രമിക്കാനുള്ള തന്റെ തീരുമാനത്തെ ന്യായീകരിച്ചു.

Content Highlight: Arab nations dissuaded me from launching major attacks against Iran: Donald Trump

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more