| Monday, 2nd June 2025, 6:42 pm

വെസ്റ്റ് ബാങ്ക് സന്ദർശനം; അറബ് മന്ത്രിമാരുടെ സംഘത്തിന് അനുമതി നിഷേധിച്ച ഇസ്രഈലിന്റെ നടപടി ധാര്‍ഷ്ട്യമെന്ന് പ്രതിനിധി സംഘം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: വെസ്റ്റ്ബാങ്ക് സന്ദര്‍ശനത്തിന് അറബ് മന്ത്രിമാരുടെ സംഘത്തിന് അനുമതി നിഷേധിച്ച ഇസ്രഈല്‍ നടപടി ധാര്‍ഷ്ട്യമാണെന്ന് വിദേശ പ്രതിനിധി സംഘം.

സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്റെ നേതൃത്വത്തില്‍ സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, ജോര്‍ദാന്‍, ഖത്തര്‍, തുര്‍ക്കി രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ സംഘമാണ് ഫലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിനെ കാണാന്‍ പദ്ധതിയിട്ടത്. എന്നാല്‍ ഇസ്രഈല്‍ ഈ സന്ദര്‍ശനത്തിന് അനുമതി നല്‍കിയില്ല.

പ്രതിനിധി സംഘത്തിന് ആതിഥേയത്വം വഹിക്കാനുള്ള ഫലസ്തീനിയന്‍ അതോറിറ്റിയുടെ പദ്ധതിയുമായി സഹകരിക്കാന്‍ ആവില്ലെന്ന് ഇസ്രഈല്‍ ഭരണകൂടം അറിയിക്കുകയായിരുന്നു.

എന്നാല്‍ ഇസ്രഈല്‍ സര്‍ക്കാരിന്റെ ഈ തീരുമാനം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഫലസ്തീന്‍ ജനതയേയും അവരുടെ നേതൃത്വത്തേയും അപമാനിക്കുന്നതാണെന്നും മന്ത്രിമാര്‍ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

ഇസ്രഈലിന്റെ തീരുമാനം പ്രകോപനകരമാണെന്നും ഇതിനോട് എങ്ങനെ പ്രതികരിക്കണമെന്ന് അറബ് പ്രതിനിധികളോട് ആലോചിച്ച് പരിശോധിച്ച് വരികയാണെന്ന് ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ (പി.എല്‍.ഒ) ഡെപ്യൂട്ടി ചെയര്‍മാനായ ഹുസൈന്‍ അല്‍ ഷെയ്ഖ് പ്രതികരിച്ചു.

1967ലെ ഇസ്രഈല്‍ അധിനിവേശത്തിന് ശേഷം ഈ പ്രദേശത്തേക്കുള്ള സൗദിയുടെ ഏറ്റവും ഉന്നത തലത്തിലെ സന്ദര്‍ശനമായിരുന്നു ഇത്. കഴിഞ്ഞ മാസം വെസ്റ്റ്ബാങ്ക് സന്ദര്‍ശനത്തിനിടെ വിദേശപ്രതിനിധി സംഘത്തിന് നേരെ ഇസ്രഈലി സൈന്യം വെടിയുതിര്‍ത്തത് വളരെ വിവാദമായിരുന്നു.

ജെനിനിലെ അഭയാര്‍ത്ഥി ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് പ്രതിനിധി സംഘത്തിന് നേരെ വെടിവെപ്പുണ്ടായത്. സംഘത്തില്‍ ബ്രിട്ടന്‍, ഫ്രാന്‍സ്, കാനഡ തുടങ്ങിയ 20 തിലധികം രാജ്യങ്ങളുടെ പ്രതിനിധികളുണ്ടായിരുന്നു.

എന്നാല്‍ വിദേശപ്രതിനിധി സംഘത്തിന് ഒരു മുന്നറിയിപ്പ് നല്‍കുന്നതിനായാണ് വെടിയുതിര്‍ത്തതെന്നാണ് ഇസ്രഈല്‍ സൈന്യം നല്‍കിയ വിശദീകരണം. പ്രതിനിധി സംഘത്തിന്നേരെയുണ്ടായ വെടിവെപ്പ് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് യു.എന്‍ അടക്കം പ്രതികരിച്ചിരുന്നു.

Content Highlight: Arab ministers says Israel’s ban on West Bank visit is very   arrogant 

We use cookies to give you the best possible experience. Learn more