ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചിത്രമാണ് നിതേഷ് തിവാരിയുടെ രാമായണ. രണ്‍ബീര്‍ കപൂര്‍ രാമനായി എത്തുന്ന ചിത്രത്തില്‍ സീതയായി സായി പല്ലവിയും രാവണനായി യാഷുമാണ് എത്തുന്നത്. ചിത്രത്തിന് വേണ്ടി സംഗീതം നല്‍കാന്‍ ഓസ്‌കര്‍ ജേതാക്കളായ എ.ആര്‍. റഹ്‌മാനും ഹാന്‍സ് സിമ്മറും ഒന്നിക്കുന്നുണ്ട്.
ഇപ്പോള്‍ ഹാന്‍സ് സിമ്മററിനോടൊപ്പം പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് എ.ആര്‍. റഹ്‌മാന്‍. രാമായണ പോലുള്ള ഒരു വലിയ പ്രൊജക്റ്റില്‍ ഹാന്‍സ് സിമ്മറിനൊപ്പം പ്രവര്‍ത്തിക്കുമെന്ന് ആരാണ് സങ്കല്പിച്ചിട്ടുണ്ടാകുകയെന്ന് എ.ആര്‍. റഹ്‌മാന്‍ ചോദിക്കുന്നു. രാമായണം ഇന്ത്യയുടെ സംസ്‌ക്കാരമാണെന്നും ഈ പ്രൊജക്ടില്‍ താന്‍ അഭിമാനിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കണക്റ്റ് സിനിയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു എ.ആര്‍. റഹ്‌മാന്‍.
‘എല്ലാ ദിവസവും വീണ്ടും വീണ്ടും ജനിക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു. ലോകം മുഴുവന്‍ അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. കുറച്ച് പഴയ ചിന്തകള്‍ കളഞ്ഞ് പുതിയ ചിന്തകള്‍ കൊണ്ടുവരേണ്ടത് ആവശ്യമാണ്. എന്നാല്‍, എന്റെ കാതല്‍ ഒന്നുതന്നെയാണ്. എന്നെ സ്‌നേഹിക്കുന്ന, അംഗീകരിക്കുന്ന ആളുകള്‍ക്ക് വേണ്ടി സംഗീതത്തില്‍ എന്നും എന്തെങ്കിലും വ്യത്യസ്തത കൊണ്ടുവരണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്റെ ശ്രമങ്ങളും ഉദ്ദേശവും അതുതന്നെയാണ്.
എന്നാല്‍ വര്‍ക്ക് ചെയ്യുന്ന സ്റ്റുഡിയോകള്‍, കലാകാരന്മാര്‍, അവര്‍ റെക്കോഡ് ചെയ്യുന്ന രീതി, ഇമോഷനെ എടുക്കുന്ന രീതി എല്ലാം വ്യത്യസ്തമായാല്‍ നമ്മള്‍ ഉദ്ദേശിക്കുന്ന റിസല്‍ട്ടിലും നിന്ന് വ്യത്യസ്തമായതായിരിക്കും ലഭിക്കുക.
രാമായണ പോലുള്ള ഒരു വലിയ പ്രൊജക്ടില്‍ ഹാന്‍സ് സിമ്മറിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ആരാണ് സങ്കല്‍പ്പിച്ചത്! അദ്ദേഹം വരുന്നതുകൊണ്ടും ഈ പ്രൊജക്ട് ഒന്നുകൂടി വലുതായി. രാമായണം നമ്മുടെ ഇന്ത്യന്‍ സംസ്‌കാരമാണ്. അതിനെ അടിസ്ഥാനമാക്കിയെടുക്കുന്ന സിനിമയില്‍ ഞാന്‍ ശരിക്കും അഭിമാനിക്കുന്നുണ്ട്. എല്ലാം നന്നായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എനിക്കും ഹാന്‍സ് സിമ്മറിനും ഉണ്ടായിരുന്ന ആദ്യ കുറച്ച് സെഷനുകള്‍ മികച്ചതായിരുന്നു. ആദ്യ സെഷന്‍ ലണ്ടനിലായിരുന്നു, രണ്ടാമത്തേത് ലോസ് ഏഞ്ചല്‍സിലും മൂന്നാമത്തേത് ദുബായിലുമായിരുന്നു,’ എ.ആര്‍. റഹ്‌മാന്‍ പറയുന്നു.
Content Highlight: AR Rahman Talks About Ramayana Movie And Working With Hans Zimmer